ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു

Update: 2022-07-07 13:38 GMT

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു. പ്രധാനമന്ത്രി പദവിയോടൊപ്പം കണ്‍സര്‍വേറ്റീസ് പാര്‍ട്ടി നേതൃസ്ഥാനവും അദ്ദേഹം രാജിവച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപോര്‍ട്ട്. അതുവരെ കാവല്‍ പ്രധാനമന്ത്രി പദത്തില്‍ ബോറിസ് ജോണ്‍സണ്‍ തുടരും. വിവാദങ്ങളില്‍ കുടുങ്ങിയ ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍നിന്ന് കൂട്ടരാജിയുണ്ടായതോടെയാണ് ജോണ്‍സനും രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്.

കഴിഞ്ഞ 48 മണിക്കൂറിനിടെ 30ലധികം മന്ത്രിമാരാണ് യുകെ സര്‍ക്കാരില്‍നിന്നു രാജിവച്ചത്. 'പാര്‍ട്ടി ഗേറ്റ്' വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോണ്‍സനെതിരേ സ്വന്തം പാളയത്തില്‍ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടി ഗെയ്റ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വന്‍ എതിര്‍പ്പുകളാണ് ഉയര്‍ത്തിവിട്ടത്. തുടര്‍ന്ന് പാര്‍ട്ടി നേതാവ് സ്ഥാനത്ത് ജോണ്‍സന്‍ തുടരണമോ എന്നതില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു.

പാര്‍ലമെന്റില്‍ 359 എംപിമാരാണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. അതില്‍ 54 എംപിമാര്‍ ജോണ്‍സനെതിരേ വിശ്വാസവോട്ടിനു കത്തുനല്‍കിയതോടെ ബോറിസ് ജോണ്‍സണ്‍ പുറത്തുപോയെക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സന് വിജയിക്കാനായി. 211 എംപിമാര്‍ ജോണ്‍സനെ പിന്തുണച്ചു. 148 പേരാണ് എതിര്‍ത്ത് വോട്ടുചെയ്തത്. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടായിരുന്നു വേണ്ടിയിരുന്നത്.

നികുതിവര്‍ധനയില്‍ ജനങ്ങള്‍ക്കുള്ള അതൃപ്തിയും അടുത്തിടെ ഉപതിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയവും ജോണ്‍സനെതിരായ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഈ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫര്‍ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചത്. ഇതില്‍ പ്രതിഷേധിച്ചും ജോണ്‍സന്റെ നേതൃപാടവത്തെ ചോദ്യംചെയ്തുമാണു കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിമാര്‍ രാജിവച്ചത്. ഇക്കാര്യത്തില്‍ ബോറിസ് ജോണ്‍സണ്‍ മാപ്പുപറഞ്ഞതിനു പിന്നാലെയാണ് മന്ത്രിസഭയില്‍നിന്ന് കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്.

ജോണ്‍സന്‍ ദിവസങ്ങള്‍ക്കകം പുറത്താകുമെന്നു ചില കണ്‍സര്‍വേറ്റീവ് നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരുവിഭാഗം കാബിനറ്റ് മന്ത്രിമാര്‍ രാജിക്കാര്യം ജോണ്‍സനോടു നേരിട്ട് ആവശ്യപ്പെട്ടതായി റിപോര്‍ട്ടുണ്ട്. ഇന്ത്യന്‍ വംശജനായ ചാന്‍സലര്‍(ധനമന്ത്രി) ഋഷി സുനാക്കും പാകിസ്താന്‍ വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദിന്റെയും നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരുവിഭാഗം ജോണ്‍സനെതിരേ വിമതപ്രവര്‍ത്തനത്തിനു മുതിര്‍ന്നതും തിരിച്ചടിയായി. ജോണ്‍സന്‍ രാജിവച്ച് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണു വേണ്ടതെന്നാണ് മുഖ്യപ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ം പ്രതികരിച്ചത്.

Tags:    

Similar News