യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യന്‍ ബോംബാക്രമണം രൂക്ഷം; സിറ്റി മേയറെ തട്ടിക്കൊണ്ടുപോയി
10 അധിനിവേശക്കാരുടെ ഒരു സംഘം മെലിറ്റോപോള്‍ മേയര്‍ ഇവാന്‍ ഫെഡോറോവിനെ തട്ടിക്കൊണ്ടുപോയി. ശത്രുവുമായി സഹകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു- യുക്രെയ്ന്‍ പാര്‍ലമെന്റ് ട്വിറ്ററില്‍ അറിയിച്ചു.
കീവ്: അധിനിവേശം തുടരുന്ന റഷ്യന്‍ സൈന്യം യുക്രെയ്ന്‍ നഗരങ്ങളില്‍ ബോംബാക്രമണം ശക്തമാക്കി. റഷ്യന്‍ സൈന്യം തലസ്ഥാനമായ കീവിലേക്ക് നീങ്ങുകയും യുക്രേനിയന്‍ നഗരങ്ങളിലെ സിവിലിയന്‍ പ്രദേശങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. യുദ്ധക്കുറ്റങ്ങളുണ്ടാവാന്‍ സാധ്യതയുള്ളതായി യുക്രെയ്‌ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. യുക്രേനിയന്‍ പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് കീവിനെ 'ഉപരോധത്തിന്‍കീഴിലുള്ള നഗരം' എന്നാണ് വിശേഷിപ്പിച്ചത്. അതിനിടെ, യുക്രെയ്ന്‍ സിറ്റി മേയറെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയതായ റിപോര്‍ട്ടുകളും പുറത്തുവന്നു.
തെക്കന്‍ യുക്രെയ്‌നിലെ മെലിറ്റോപോള്‍ മേയറെ റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയതായി പ്രസിഡന്റ് വ്‌ളാദിമര്‍ സെലെന്‍സ്‌കിയും യുക്രേനിയന്‍ ഉദ്യോഗസ്ഥരും അറിയിച്ചു. 10 അധിനിവേശക്കാരുടെ ഒരു സംഘം മെലിറ്റോപോള്‍ മേയര്‍ ഇവാന്‍ ഫെഡോറോവിനെ തട്ടിക്കൊണ്ടുപോയി. ശത്രുവുമായി സഹകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു- യുക്രെയ്ന്‍ പാര്‍ലമെന്റ് ട്വിറ്ററില്‍ അറിയിച്ചു. മെലിറ്റോപോള്‍ റഷ്യന്‍ സേന കീഴടക്കി. നഗരത്തിലെ പ്രശ്‌നബാധിത കേന്ദ്രത്തില്‍ ഭക്ഷണവിതരണ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മേയറെ പിടികൂടുകയായിരുന്നു എന്ന് അവര്‍ പറയുന്നു.
വെള്ളിയാഴ്ച വൈകി ഒരു വീഡിയോ സന്ദേശത്തില്‍, പ്രസിഡന്റ് സെലെന്‍സ്‌കി തട്ടിക്കൊണ്ടുപോവല്‍ സ്ഥിരീകരിച്ചു. ഫെഡോറോവിനെ യുക്രെയ്‌നെയും അദ്ദേഹത്തിന്റെ കമ്മ്യൂണിറ്റി അംഗങ്ങളെയും ധീരമായി പ്രതിരോധിക്കുന്ന മേയര്‍ എന്നും വിശേഷിപ്പിച്ചു. 'ഇത് അധിനിവേശക്കാരുടെ ബലഹീനതയുടെ അടയാളമാണ്... നിയമാനുസൃതമായ പ്രാദേശിക യുക്രേനിയന്‍ അധികാരികളുടെ പ്രതിനിധികളെ ശാരീരികമായി ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ഭീകരതയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് അവര്‍ മാറിയിരിക്കുന്നു'.
'അതിനാല്‍ മെലിറ്റോപോളിലെ മേയറെ പിടികൂടിയത് ജനാധിപത്യത്തിനെതിരായ കുറ്റമാണ്- സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. യുഎസ് സഹായത്തോടെ യുക്രെയ്ന്‍ ജൈവ ആയുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന് ആരോപിച്ച റഷ്യ, കീവ് ഭരണകൂടം ഇപ്പോള്‍ അത് നടപ്പാക്കുന്ന 'സൈനിക ജൈവപരിപാടികളുടെ തെളിവുകള്‍ നശിപ്പിക്കുകയാണെന്ന്' ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജൈവ ആയുധങ്ങള്‍ നിര്‍മിക്കുന്നുവെന്ന ആരോപണം വാഷിങ്ടണും കീവും നിഷേധിച്ചിട്ടുണ്ട്. യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യന്‍ സൈന്യം കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്.
തെക്കന്‍ തുറമുഖ നഗരമായ മരിയുപോളില്‍ സ്ഥിതിഗതികള്‍ പരിതാപകരമാണ്. നഗരം വളഞ്ഞ റഷ്യന്‍ സൈന്യം തുടര്‍ച്ചയായി ഷെല്ലാക്രമണം നടത്തുകയും ചെയ്തു. 11 ദിവസമായി മരിയുപോളില്‍ വെള്ളവും വൈദ്യുതിയുമില്ല. ഓരോ 30 മിനിറ്റിലും' ഷെല്ലാക്രമണം നടക്കുന്നുണ്ടെന്ന് നഗരത്തിലെ മേയര്‍ പറയുന്നു. 1,200 സാധാരണക്കാര്‍ ഇതിനകം മരിച്ചു. തെരുവുകളില്‍ പട്ടിണി കിടക്കുന്നവരുടെയും മൃതദേഹങ്ങളുടെയും കാഴ്ചകളാണ്- റിപോര്‍ട്ടുകള്‍ പറയുന്നു.
വെള്ളിയാഴ്ച മധ്യനഗരമായ ഡിനിപ്രോയില്‍ സിവിലിയന്‍ കെട്ടിടങ്ങളില്‍ മൂന്ന് മിസൈലുകള്‍ പതിക്കുകയും ഒരു ഷൂ ഫാക്ടറി നശിപ്പിക്കുകയും ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ചെയ്തു. ഫെബ്രുവരി 24 ന് റഷ്യ ഉക്രെയ്ന്‍ ആക്രമിച്ചതിനുശേഷം ഏതാനും ആക്രമണങ്ങള്‍ നേരിട്ട ഡിനിപ്രോ സുരക്ഷിത താവളമായി കണക്കാക്കപ്പെട്ടിരുന്നു. ഖാര്‍ക്കിവിനടുത്തുള്ള ഭിന്നശേഷിക്കാരെ താമസിപ്പിച്ച ഭവനവും ബോംബെറിഞ്ഞ് തകര്‍ത്തു. ആ സമയത്ത് അവിടെ 330 പേരുണ്ടായിരുന്നു- ഉദ്യോഗസ്ഥര്‍ പറയുന്നു. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് രണ്ടര ദശലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തതായാണ് യുഎന്‍ റിപോര്‍ട്ട്. പകുതിയിലധികം പേര്‍ പോളണ്ടിലേക്കാണ് കുടിയേറിയത്.