യൂനിവേഴ്‌സിറ്റി കോളജ് അക്രമം: ഗവര്‍ണര്‍ അടിയന്തര റിപോര്‍ട്ട് തേടി
പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പ്രതികളുടെ വീട്ടില്‍നിന്നു കണ്ടെടുത്തെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ചും ഗവര്‍ണര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്
തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അക്രമത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റതിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം റിപോര്‍ട്ട് തേടി. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തിലാണ് അടിയന്തരമായി റിപോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ പി സദാശിവം കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കു നിര്‍ദേശം നല്‍കിയത്. സര്‍വകലാശാല നടത്തിയ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പ്രതികളുടെ വീട്ടില്‍നിന്നു കണ്ടെടുത്തെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ചും ഗവര്‍ണര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ, കത്തിക്കുത്ത് കേസിലെ പ്രതികളുടെ വീട്ടില്‍നിന്നും കോളജിലെ എസ്എഫ്‌ഐ യൂനിയന്‍ ഓഫിസില്‍ നിന്നും ഉത്തരക്കടലാസുകളും സീലുകളും കണ്ടെടുത്തിരുന്നു. മാത്രമല്ല, പിഎസ് സി പരീക്ഷയില്‍ ഉള്‍പ്പെടെ ക്രമക്കേട് നടന്നെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
അതിനിടെ, യൂനിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിക്കും. പ്രതികളുടെ വീട്ടില്‍ നിന്നും യൂനിയന്‍ ഓഫിസില്‍ നിന്നും സര്‍വകലാശാലാ ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ചെന്നിത്തലയുടെ ഓഫിസ് അറിയിച്ചു.