അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ക്ക് അനുമതിയില്ല; ട്രെയിന്‍ യാത്രികര്‍ക്കു കനത്ത നഷ്ടം
കോഴിക്കോട്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവച്ചിരുന്നെങ്കിലും അതോടൊപ്പം നിര്‍ത്തിവച്ച ബസ് ഉള്‍പ്പെടെയുള്ള മറ്റു വാഹനങ്ങളെല്ലാം ഗതാഗതം പുനസ്ഥാപിച്ചെങ്കിലും അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് യാത്രയ്ക്കു അനുമതി നല്‍കാത്തത് യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടിയാവുന്നു. പാസഞ്ചര്‍ ട്രെയിനുകളോടു മാത്രം സര്‍ക്കാര്‍ കാണിക്കുന്ന നയം കാരണം സ്ഥിരം ട്രെയിന്‍ യാത്രികര്‍ക്കു മാസംതോറും വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാവുന്നത്. അതേസമയം, കെഎസ്ആര്‍ടിസിയെയും സ്വകാര്യ ബസ് ലോബിയെയുയം സഹായിക്കാനാണ് സര്‍ക്കാര്‍ അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ക്ക് കേരളത്തില്‍ അനുമതി നല്‍കാത്തതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ദൂരസ്ഥലങ്ങളില്‍ ജോലിയുള്ളവരും സ്ഥിരം വീട്ടിലേക്കെത്താന്‍ ട്രെയിനിനെ ആശ്രയിക്കുന്നവരുമാണ് സര്‍ക്കാര്‍ തീരുമാനം കൊണ്ട് പ്രതിസന്ധിയിലാവുന്നത്. 200 രൂപ മുടക്കി ഒരു മാസം സീസണ്‍ ടിക്കറ്റ് ഉപയോഗിച്ചു യാത്ര ചെയ്തിരുന്നവര്‍ക്ക് ഇപ്പോള്‍ കുറഞ്ഞത് 5,000 രൂപ വരെ യാത്രയ്ക്കു വേണ്ടി മാറ്റിവയ്‌ക്കേണ്ടി വരികയാണ്. മാത്രമല്ല, അടിയന്തിര യാത്രയ്ക്ക് ടിക്കറ്റ് ലഭിക്കാതെ ആശുപത്രിയിലേക്കു പോവാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഹ്രസ്വദൂര യാത്രകള്‍ക്കു പോലും മൂന്നോ നാലോ ദിവസം മുമ്പ് ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യേണ്ടി വരികയാണ്. കൊവിഡ് ഭീതി മെല്ലെ ഒഴിയുകയും സാമൂഹിക അകലം കാര്യമാക്കാതെയുമാണ് മാസങ്ങളായി കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബസ്സുകളില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മാസ്‌ക് ഒഴിച്ചുള്ള യാതൊരു വിധ നിയന്ത്രണങ്ങളുമില്ല. ഈ സാഹചര്യത്തില്‍ ട്രെയിന്‍ യാത്രക്കാര്‍ മാത്രം റിസര്‍വ്ഡ് ടിക്കറ്റുകളില്‍ യാത്ര ചെയ്യണമെന്ന കര്‍ശന നിയന്ത്രണം ഫലത്തില്‍ യാത്രക്കാര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Unreserved tickets are not allowed; Heavy loss to train passengers