വിദ്വേഷ പ്രസംഗ കേസ്: ശിക്ഷാവിധിക്കെതിരായ അസംഖാന്റെ ഹരജി യുപി കോടതി തള്ളി
ലഖ്‌നോ: വിദ്വേഷ പ്രസംഗ കേസില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുഹമ്മദ് അസംഖാന് കനത്ത തിരിച്ചടി. ശിക്ഷാവിധിക്കെതിരേ അദ്ദേഹം സമര്‍പ്പിച്ച ഹരജി ഉത്തര്‍പ്രദേശ് സെഷന്‍സ് കോടതി തള്ളി. 2019 ലെ വിദ്വേഷ പ്രസംഗ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരേ അസം ഖാന്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ യുപി രാംപൂരിലെ സെഷന്‍സ് കോടതിയോട് സുപ്രിംകോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് വിധി. അദ്ദേഹത്തിന്റെ ശിക്ഷ സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. ഇതോടെ അസംഖാന്‍ എംഎല്‍എ സ്ഥാനത്തു നിന്നു അയോഗ്യനാവുകയും മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുകയും ചെയ്തിരിക്കുകയാണ്.
ശിക്ഷയ്ക്ക് പിന്നിലെ കാരണങ്ങള്‍ വേണ്ടത്ര ശക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അസംഖാന്റെ അഭിഭാഷകര്‍ സ്‌റ്റേ ആവശ്യപ്പെട്ടത്. എന്നാല്‍, ശിക്ഷാവിധി നടപ്പാക്കുന്നതിനായി പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസമാണ് വിദ്വേഷ പ്രസംഗ കേസില്‍ അസംഖാനെ യുപി കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇതെത്തുടര്‍ന്ന് അസംഖാനെ യുപി നിയമസഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും രാംപൂര്‍ സദര്‍ അസംബ്ലി സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അസം ഖാന്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കോടതി നവംബര്‍ 9ന് ശിക്ഷയ്ക്ക് ഇടക്കാല സ്‌റ്റേ പുറപ്പെടുവിക്കുകയും അപ്പീല്‍ ഇന്ന് പരിഗണിക്കാന്‍ സെഷന്‍സ് കോടതിയോട് നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അസംഖാന്റെ ഹരജി പരിഗണിച്ചത്.