സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 410ാം റാങ്കുമായി ആദിവാസി പെണ്‍കുട്ടിയും

അക്ഷിത് ജയിന്‍ രണ്ടാം റാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും കരസ്ഥമാക്കി. ഐഐടി ബോംബെയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള കനിഷാക് കടാരിയ ഗണിതശാസ്ത്രമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്.

Update: 2019-04-05 16:22 GMT

അഭിമാനമായി നാല് മലയാളികള്‍ റാങ്ക് പട്ടികയില്‍

ന്യൂഡല്‍ഹി: 2018ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം യുപിഎസ്‌സി പ്രസിദ്ധീകരിച്ചു. കനിഷാക് കടാരിയയ്ക്കാണ് ഒന്നാം റാങ്ക്. അക്ഷിത് ജയിന്‍ രണ്ടാം റാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും കരസ്ഥമാക്കി. ഐഐടി ബോംബെയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള കനിഷാക് കടാരിയ ഗണിതശാസ്ത്രമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്.

410ാം റാങ്ക് സ്വന്തമാക്കി വയനാട്ടില്‍നിന്നുള്ള ആദിവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷ് കേരളത്തിന് അഭിമാനമായി. കുറിച്യ വിഭാഗത്തില്‍പ്പെടുന്ന ശ്രീധന്യ ആദിവാസി വിഭാഗത്തില്‍നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടുന്ന ആദ്യയാളാണ്. വയനാട് ജില്ലയിലെ പൊഴുതന സ്വദേശിനിയാണ് ശ്രീധന്യ.


 കൂടാതെ 29ാം റാങ്കുമായി തൃശൂര്‍ സ്വദേശി ആര്‍ ശ്രീലക്ഷ്മി, രഞ്ജിനാ മേരി വര്‍ഗീസ് (49ാം റാങ്ക്), അര്‍ജുന്‍ മോഹന്‍(66ാം റാങ്ക്) എന്നീ മലയാളികളും റാങ്ക് പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ആദ്യ 25 റാങ്ക് ജേതാക്കളില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണുള്ളത്. വനിതാ വിഭാഗത്തില്‍ ശ്രുതി ജയന്ത് ദേശ്മുഖ് ഒന്നാമതെത്തി. ഓള്‍ ഇന്ത്യാ തലത്തില്‍ അഞ്ചാമതാണ് ശ്രുതിയുടെ റാങ്ക്. 759 പേരാണ് നിയമനത്തിന് യോഗ്യത നേടിയിട്ടുള്ളത്. ഇവരില്‍ 577 ആണ്‍കുട്ടികളും 182 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

361 പേര്‍ പൊതുവിഭാഗത്തില്‍നിന്നും 209 പേര്‍ ഒബിസിയില്‍നിന്നും 128 പേര്‍ പട്ടിക ജാതിയില്‍നിന്നും 61 പേര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നും റാങ്ക് പട്ടികയില്‍ ഇടംനേടി. 2018 ജൂണ്‍ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പത്തുലക്ഷത്തോളം പേരാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്.സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നടന്ന മെയിന്‍ പരീക്ഷയ്ക്ക് 10,648 പേര്‍ യോഗ്യത നേടി. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടന്ന അഭിമുഖത്തില്‍ 1,994 പേരാണ് പങ്കെടുത്തത്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, സെന്‍ട്രല്‍ സര്‍വീസ് (ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി) എന്നിവിടങ്ങളിലേക്കുള്ള നിയമനത്തിനുള്ള റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. upsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പൂര്‍ണമായ ഫലം ലഭ്യമാണ്. 

Tags:    

Similar News