ഇസ് ലാം സ്വീകരിച്ച യുവതിയെ വിവാഹം കഴിച്ചു; മുസ് ലിം യുവാവിന് ജീവപര്യന്തം, പിതാവിന് രണ്ടുവര്‍ഷം തടവ്
വിധിച്ചത് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേയ്ക്ക് ഉത്തരവിട്ട ജഡ്ജി. സപ്തംബര്‍ 19ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആലിമിന് അനുകൂലമായി മൊഴി നല്‍കി. എന്നാല്‍, പ്രതികള്‍ അവളെ സ്വാധീനിച്ചെന്നു പറഞ്ഞ് മൊഴി സ്വീകരിക്കാന്‍ കോടതി വിസമ്മതിച്ചു.
ബറേലി: ഇസ് ലാം സ്വീകരിച്ച യുവതിയെ വിവാഹം കഴിച്ചതിന് മുസ് ലിം യുവാവിന് ജീവപര്യന്തം തടവും പിതാവിന് രണ്ടുവര്‍ഷം തടവും വിധിച്ച് യുപി കോടതി. മുഹമ്മദ് ആലിം(25), പിതാവ് സാബിര്‍ ആലം എന്നിവരെയാണ് ശിക്ഷിച്ചത്. 'ലൗ ജിഹാദ്' ആണെന്ന് നിരീക്ഷിച്ച് വിധി പുറപ്പെടുവിച്ചതാവട്ടെ, ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേയ്ക്ക് ഉത്തരവിട്ട ജഡ്ജിയും. ബറേലിയിലെ അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് അതിവേഗ കോടതി ജഡ്ജി രവി കുമാര്‍ ദിവാകറാണ് കേസ് 'ലൗ ജിഹാദിന്റെ ഉദാഹരണം' ആണെന്നും ഇത്തരം കേസുകളില്‍ 'വഞ്ചനയും മതപരിവര്‍ത്തനവും' ഉള്‍പ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി ജീവപര്യന്തം തടവ് വിധിച്ചത്. തന്റെ 42 പേജുള്ള ഉത്തരവില്‍ സംഘപരിവാര വാദങ്ങളെല്ലാം അതേപടി ആവര്‍ത്തിക്കുകയാണ് ജഡ്ജി ചെയ്തതെന്നും ആരോപണമുണ്ട്. യുവാവിന് അനുകൂലമായി പെണ്‍കുട്ടി മൊഴി നല്‍കുകയും പരാതി നല്‍കിയത് വലതുപക്ഷവാദികളുടെ സമ്മര്‍ദ്ദഫലമായാണെന്ന് കോടതിയില്‍ അറിയിച്ചെങ്കിലും ജഡ്ജി മുഖവിലയ്‌ക്കെടുത്തില്ല.
2023 മെയ് മാസത്തിലാണ് കേസിന്റെ തുടക്കം. 2022ല്‍ ബറേലിയിലെ ഒരു കോച്ചിങ് ക്ലാസിലാണ് മുഹമ്മദ് ആലിം അഹമ്മദ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ആനന്ദ് കുമാര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് 2022 മാര്‍ച്ച് 13 ന് ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചെന്നും ആ പിന്നീട് വ്യക്തിത്വം മനസ്സിലായെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞത്. തുടര്‍ന്ന് ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, മുറിവേല്‍പ്പിക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ആലിമിനെതിരെ ചുമത്തി. ഇയാളുടെ പിതാവ് മുഹമ്മദ് സാബിറിനെതിരേ ക്രിമിനല്‍ ഭീഷണിപ്പെടുത്തലിന് രണ്ട് വര്‍ഷം തടവിനും ശിക്ഷിച്ചു.
2024 ജൂലൈ 31ന് യുവതി മുഹമ്മദ് ആലിമിനെതിരേ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കോടതിയില്‍ ഹാജരായില്ല. വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം സപ്തംബര്‍ 19ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആലിമിന് അനുകൂലമായി മൊഴി നല്‍കി. എന്നാല്‍, പ്രതികള്‍ അവളെ സ്വാധീനിച്ചെന്നു പറഞ്ഞ് മൊഴി സ്വീകരിക്കാന്‍ കോടതി വിസമ്മതിച്ചു. വലതുപക്ഷ ഗ്രൂപ്പുകള്‍ എന്റെ മാതാപിതാക്കളെ സമ്മര്‍ദ്ദത്തിലാക്കിയതിനെ തുടര്‍ന്നാണ് ഞാന്‍ കേസ് കൊടുത്തതെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍, ജഡ്ജി തന്റെ ഉത്തരവില്‍ സ്ത്രീ 'മാതാപിതാക്കളില്‍ നിന്ന് വേറിട്ട് വാടക വീട്ടില്‍ താമസിക്കുന്നുവെന്നും തൊഴില്‍ രഹിതയായിട്ടും വിലകൂടിയ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നതായും വരെ ചൂണ്ടിക്കാട്ടിയിരുന്നു. വിദേശ ധനസഹായത്തെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. ലൗ ജിഹാദിലൂടെയുള്ള നിയമവിരുദ്ധമായ മതപരിവര്‍ത്തനം എന്ന കുറ്റമാണ് ചുമത്തിയത്. ലൗ ജിഹാദ് എന്താണെന്ന് ആദ്യം മനസ്സിലാക്കണം. ഇതുപ്രകാരം മുസ് ലിം യുവാക്കള്‍ വിവാഹത്തിലൂടെ ഹിന്ദു സ്ത്രീകളെ മതം മാറ്റുന്നു. ആസൂത്രിതമായി അവര്‍ ഹിന്ദു സ്ത്രീകളെ പ്രണയിച്ച് വിവാഹം കഴിക്കുകയും മതം മാറ്റുകയും ചെയ്യുന്നു. 'ലൗ ജിഹാദി'ന് കാര്യമായ തുക ആവശ്യമാണ്. അതുകൊണ്ട് തന്നെ ഈ കേസില്‍ വിദേശ ഫണ്ട് ലഭിക്കുന്നുവെന്നത് നിഷേധിക്കാനാവില്ലെന്നും ജഡ്ജി പറഞ്ഞു. തുടര്‍ന്നാണ് 25 വയസ്സുകാരനായ മുസ് ലിം യുവാവിനെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്ക്കാന്‍ വിധി പുറപ്പെടുവിച്ചത്. വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന്റെ വീഡിയോഗ്രാഫിക് സര്‍വേയ്ക്കും വുദുഖാന 2022ല്‍ സീല്‍ ചെയ്യാനും ആവശ്യപ്പെട്ട ജഡ്ജി രവി കുമാര്‍ ദിവാകറാണ് വിചിത്ര വിധി പുറപ്പെടുവിച്ചത്. 2023 മെയ് മുതല്‍ ബറേലിയിലെ ദേവര്‍നിയ പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും 2024ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ബന്ധിത നിയമവിരുദ്ധ മതപരിവര്‍ത്തനം (ഭേദഗതി) നിയമത്തിലെ പുതിയ കര്‍ശന വ്യവസ്ഥകള്‍ പ്രകാരമുള്ള കേസിലെ ആദ്യ വിധിയാണിത്.