മുസ് ലിം വിരുദ്ധ ബുള്‍ഡോസിങ് തുടര്‍ന്ന് ബിജെപി ഭരണകൂടം; യുപിയില്‍ മദ്‌റസ തകര്‍ത്തു (വീഡിയോ)

Update: 2022-05-07 05:38 GMT

കാണ്‍പൂര്‍: അനധികൃത കൈയ്യേറ്റമെന്ന പേരില്‍ മുസ് ലിംകളുടെ കടകളും വീടുകളും മത കേന്ദ്രങ്ങളും തകര്‍ക്കുന്നത് അധികൃതര്‍ തുടരുന്നു. യുപിയില്‍ പെരുന്നാളിന് തൊട്ടടുത്ത ദിവസം യാതൊരു മുന്നറിയിപ്പും നല്‍കാതെ മദ്‌റസ തകര്‍ത്തു. ഘതംപൂരിലെ ഇസ് ലാമിക് സെക്കന്ററി സ്‌കൂളാണ് പെരുന്നാളിന് തൊട്ടടുത്ത ദിവസം മുന്‍സിപ്പല്‍ അധികൃതര്‍ ഇടിച്ചു നിരത്തിയത്.

മുന്‍കൂര്‍ വിവരമില്ലാതെയാണ് മദ്രസ തകര്‍ത്തതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിദ്യാര്‍ത്ഥികളും അധ്യാപകരും ഖുര്‍ആനിന്റെയും മറ്റുപുസ്തകങ്ങളും പെറുക്കിയെടുക്കുന്നത് കാണാം. 'ഖുര്‍ആനും മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളും പുറത്തെടുക്കാന്‍ പോലും അവസരം നല്‍കിയില്ലെന്ന് മദ്‌റസ അധികൃതര്‍ പറഞ്ഞു.

അനധികൃത നിര്‍മാണമായതിനാലാണ് പൊളിച്ചുനീക്കിയതെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍, മുസ് ലിംകളുടെ സ്വത്ത് വകകള്‍ മാത്രം തിരഞ്ഞുപിടിച്ച് ഇടിച്ചുനിരത്തുന്നത് എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. മദ്‌റസയ്ക്ക് സ്വന്തമായി 14 ബിസ്വാ (18,900 ചതുരശ്ര അടി) സ്ഥലം അനുവദിച്ചിരുന്നു, എന്നാല്‍ മദ്‌റസയുടെ കെട്ടിടം 4 ബിഘകള്‍ (1,08,000 ചതുരശ്ര അടി) വികസിപ്പിച്ചു. ഈ നിര്‍മാണം സര്‍ക്കാര്‍ സ്ഥലം കൈയ്യേറിയാണെന്ന് ആരോപിച്ചാണ് പൊളിച്ചു നീക്കിയത്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സമാധാനപരമായാണ് മദ്‌റസ കെട്ടിടം പൊളിച്ചുനീക്കിയതെന്ന് പോലിസ് അവകാശപ്പെടുന്നു. ഒരു മതവികാരവും വ്രണപ്പെടുത്തിയിട്ടില്ല, വിശുദ്ധ ഗ്രന്ഥങ്ങളെ അവഹേളിച്ചിട്ടില്ലെന്ന് ഘട്ടംപൂരിലെ എസ്ഡിഎം പറഞ്ഞു. എന്നാല്‍, ഖുര്‍ആന്‍ ഉള്‍പ്പടെ മതഗ്രന്ധങ്ങള്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടിക്കിടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

1994ല്‍ മദ്‌റസ നടത്തിപ്പുകാര്‍ റവന്യൂ രേഖയില്‍ കൃത്രിമം കാണിച്ച് സര്‍ക്കാര്‍ ഭൂമി തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് കോര്‍പറേഷന്‍ അധികൃതരുടെ വാദം. മദ്‌റസ മാനേജ്‌മെന്റിന് എതിരേ കേസെടുത്തിരുന്നതായും അധികൃതര്‍ പറയുന്നു. അതേസമയം, കോര്‍പറേഷന്‍ പരിധിയില്‍ തന്നെ നിരവധി അനധികൃത കൈയ്യേറ്റങ്ങളുണ്ടെന്നും അധികൃതര്‍ മുസ് ലിംകളുടെ സ്വത്ത് വകകള്‍ മാത്രം തിരഞ്ഞുപിടിച്ച് പൊളിച്ചുനീക്കുകയാണെന്നും ആരോപണം ഉയര്‍ന്നു.

Tags:    

Similar News