അജയ് ബിഷ്ടിന്റെ ഉത്തര്‍പ്രദേശ്; കുറ്റകൃത്യങ്ങളുടെ തലസ്ഥാനവും ഹിന്ദുത്വത്തിന്റെ പരീക്ഷണ ശാലയും

അവര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ എടുത്താല്‍ ഞങ്ങള്‍ 100 മുസ്‌ലിം പെണ്‍കുട്ടികളെ എടുക്കും. അവര്‍ ഒരു ഹിന്ദുവിനെ കൊന്നാല്‍, ഞങ്ങള്‍ 100 പേരെ കൊല്ലും'. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ട ഹിന്ദുത്വര്‍ അവരെ കൊല്ലുക എന്ന് ആക്രോശിച്ചു- എംപവര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ വി എ എം അഷറഫ് തയ്യാറാക്കിയ റിപോര്‍ട്ടിലൂടെ

Update: 2021-07-14 17:41 GMT

വി എ എം അഷറഫ്‌


ര്‍ദ്ധിച്ചുവരുന്ന പോലീസ് അതിക്രമങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, സാമുദായിക കലാപങ്ങള്‍, ന്യൂനപക്ഷ വിരുദ്ധവും ദലിത് വിരുദ്ധ പ്രവര്‍ത്തനങ്ങളും എല്ലാം ഉത്തര്‍പ്രദേശിനെ ജനാധിപത്യത്തിന്റെ ശ്മശാനവും കുറ്റകൃത്യങ്ങളുടെ തലസ്ഥാനവുമാക്കുന്നു.ഹിന്ദു രാഷ്ട്രത്തിലേക്കുള്ള സംഘ്പരിവാറിന്റെ പരീക്ഷണ ശാലയായി ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനം മാറുമ്പോള്‍ അവിടുത്തെ മുസ്‌ലിംകള്‍ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ഇടനാഴിയിലൂടെയാണ് കടന്നുപോകുന്നത്- എംപവര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ എ എം അഷ്‌റഫ് തയ്യാറാക്കിയ റിപോര്‍ട്ടാണ് ഇതിന്റെ വിശദ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. 

2017 മാര്‍ച്ച് 19ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് എന്ന അജയ് മോഹന്‍ ബിഷ്ട് അധികാരമേറ്റതു മുതല്‍ സംസ്ഥാനം ഒരു പോലീസ് സ്‌റ്റേറ്റായും ഇന്ത്യയുടെ കുറ്റകൃത്യ തലസ്ഥാനമായും മാറി. മുസ്‌ലിം വിരുദ്ധ നിലപാടില്‍ കുപ്രസിദ്ധനായ അജയ് ബിഷ്ട് 1998 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റ് അംഗമായിരുന്നു. ഗോരഖ്‌നാഥ് മഠത്തിന്റെ തലവനായ ഹിന്ദുത്വ ദേശീയവാദിയായ മഹന്ത് അവിദ്യനാഥിന്റെ ശിഷ്യനായ അജയ് ബിഷ്ടിന് 1949 ഡിസംബര്‍ 22 ന് അയോധ്യയില്‍ ബാബരി മസ്ജിദ് പിടിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയ മഹന്ത് ദിഗ്വിജയ് നാഥുമായി ബന്ധമുണ്ട്. മുസ്‌ലിം വിരുദ്ധ കലാപത്തിന് പ്രേരിപ്പിച്ചതിനും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിനും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും ആസൂത്രണം ചെയ്തതിനും അജയ് ബിഷ്ട് നിരവധി അന്വേഷണങ്ങള്‍ നേരിട്ടു. കൊലപാതകശ്രമം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, കലാപം എന്നിവയുള്‍പ്പെടെ 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ഇയാള്‍ക്കെതിരേ 18 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയായപ്പോള്‍, തന്റെ ഭരണത്തെ വിമര്‍ശിച്ച് റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിന് രാജ്യദ്രോഹ നിയമപ്രകാരം മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യിച്ച് ഫാഷിസത്തിന്റെ രീതികള്‍ നടപ്പിലാക്കുമെന്ന് കാണിച്ചു. അജയ് ബിഷ്ടിനും മറ്റ് സംഘ്പരിവാര്‍ നേതാക്കള്‍ക്കും എതിരായ 20,000 ത്തോളം കേസുകളാണ് യുപി സര്‍ക്കാര്‍ 2017ല്‍ പിന്‍വലിച്ചത്. ഒന്നിലധികം സന്ദര്‍ഭങ്ങളില്‍ അജയ് ബിഷ്ട് മുസ്‌ലിംകള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചു. 2020 ഒക്ടോബറില്‍ ജൗന്‍പൂരില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയില്‍, 'ലവ് ജിഹാദ്' എന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ച് ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി, 'അവരുടെ വഴികള്‍ ശരിയാക്കാത്തവരെ  മരണയാത്രയിലേക്ക് അയയ്ക്കും എന്ന് ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി. 'അവര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ എടുത്താല്‍ ഞങ്ങള്‍ 100 മുസ്‌ലിം പെണ്‍കുട്ടികളെ എടുക്കും. അവര്‍ ഒരു ഹിന്ദുവിനെ കൊന്നാല്‍, ഞങ്ങള്‍ 100 പേരെ കൊല്ലും'. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ട ഹിന്ദുത്വര്‍ അവരെ കൊല്ലുക എന്ന് ആക്രോശിച്ചു.

2017 മാര്‍ച്ച് 24 ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോട് മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. തനിക്ക് അവസരം ലഭിച്ചാല്‍ എല്ലാ പള്ളികളിലും ഹിന്ദു ദേവന്മാരുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കുമെന്ന് അജയ് ബിഷ്ട് 2015ല്‍ പറഞ്ഞിരുന്നു. താജ്മഹലിനെ വെറുക്കുന്നുവെന്ന് അജയ് ബിഷ്ട് തുറന്നുപറഞ്ഞു, കാരണം അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഇത് ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നില്ല, ഇത് മുഗളന്മാര്‍ നിര്‍മ്മിച്ചതാണ്, രാജ്യത്തെ മുസ്‌ലിംകളെ അവരുടെ വംശമായി കാണുന്നു എന്നും കടുത്ത വര്‍ഗ്ഗീയവാദിയായ യു പി മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

Tags:    

Similar News