രാഷ്ട്രീയലാഭത്തിന് സൈന്യത്തെ ഉപയോഗിക്കാന്‍ ശ്രമം: രാഷ്ട്രപതിക്ക് 150 സൈനികരുടെ കത്ത്; കത്തിനെക്കുറിച്ചറിയില്ലെന്ന് രണ്ടു പേര്‍

സൈനിക നടപടികളെയോ സൈനികരുമായി ബന്ധപ്പെട്ട ഏതെങ്കിലും വസ്തുക്കളെയോ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

Update: 2019-04-12 10:06 GMT

ന്യൂഡല്‍ഹി: സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി 150ലേറെ മുന്‍ സൈനികര്‍ രാഷ്ട്രപതിക്ക് കത്തയച്ചു. കര, വായു, നാവിക സേനകളുടെ മുന്‍ മേധാവികളടക്കമുള്ളവരാണ് രാഷ്ട്രീയനേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി കത്തയച്ചത്. സൈനിക നടപടികളെയോ സൈനികരുമായി ബന്ധപ്പെട്ട ഏതെങ്കിലും വസ്തുക്കളെയോ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

അത്യന്തം അപകടകരവും അസ്വസ്ഥപ്പെടുത്തുന്നതുമായ ചില കാര്യങ്ങളുടെ ഇന്ത്യന്‍ സേനകളുടെ പരമോന്നത അധികാരിയായ താങ്കളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഈ കത്ത് എന്ന് പറയുന്ന ഈ കത്തില്‍, ചില രാഷ്ട്രീയനേതാക്കള്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളെ രാഷ്ട്രീയപ്രസംഗങ്ങളില്‍ സ്വന്തം നേട്ടമായി എടുത്തു കാണിക്കുന്നു. ഇത് അനുവദിക്കാനാവാത്തതാണ്. ചില നേതാക്കള്‍ എല്ലാ പരിധിയും വിട്ട് 'മോദിജി കി സേന' എന്ന് വരെ പരാമര്‍ശിക്കുന്നു. രാഷ്ട്രീയപ്രചാരണങ്ങളില്‍ വ്യോസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ പേരും പരാമര്‍ശിക്കുന്നു. വര്‍ത്തമാന്റെ ഫോട്ടോയും സൈനികരുടെ യൂണിഫോമും കാണിക്കുന്നു. ഇത് തടയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

മൂന്ന് മുന്‍ കരസേനാ മേധാവികളാണ് കത്തില്‍ ഒപ്പു വച്ചത്. സുനീത് ഫ്രാന്‍സിസ് റോഡ്രിഗസ്, ശങ്കര്‍ റോയ് ചൗധുരി, ദീപക് കപൂര്‍. നാല് മുന്‍ നാവിക സേനാ മേധാവികളും കത്തില്‍ ഒപ്പു വച്ചിട്ടുണ്ട്. ലക്ഷ്മീനാരായണ്‍ രാംദാസ്, വിഷ്ണു ഭാഗവത്, അരുണ്‍ പ്രകാശ്, സുരേഷ് മെഹ്ത എന്നിവര്‍. മുന്‍ വ്യോമസേനാ മേധാവി എന്‍ സി സൂരിയും കത്തില്‍ ഒപ്പുവച്ച മുന്‍ ഉന്നത ഉദ്യോഗസ്ഥരില്‍ പെടുന്നു.

അതേസമയം, മുന്‍ സൈനികര്‍ രാഷ്ട്രപതിക്ക് അയച്ചെന്ന് അവകാശപ്പെടുന്ന കത്തിനെച്ചൊല്ലി ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. കത്തിനെക്കുറിച്ചോ അതിന്റെ ഉള്ളടക്കത്തെക്കുറിച്ചോ അറിയില്ലെന്ന് രണ്ട് മുന്‍ സൈനിക മേധാവികള്‍ വ്യക്തമാക്കി. മുന്‍ സൈനിക മേധാവി സുനീത് ഫ്രാന്‍സിസ് റോഡ്രിഗസും മുന്‍ വ്യോമസേനാ മേധാവി എന്‍ സി സൂരിയുമാണ് കത്ത് നിഷേധിച്ച് രംഗത്തെത്തിയത്.

എന്നാല്‍, കത്തില്‍ ഒപ്പിട്ടിരിക്കുന്നത് താന്‍ തന്നെയാണെന്ന് മുന്‍ നാവികസേനാ മേധാവി സുരീഷ് മേത്ത സ്ഥിരീകരിച്ചു. കത്ത് കിട്ടിയിട്ടില്ലെന്നാണ് രാഷ്ട്രപതി ഭവനും പറയുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരമൊരു കത്ത് പ്രചരിക്കുന്നതായി അറിഞ്ഞെന്നും എന്നാല്‍ അത്തരമൊരു കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, കത്തെഴുതിയ എല്ലാ സൈനികരെയും പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തു വന്നു. രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കാന്‍ സഹായകമാണ് ഈ കത്തെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.

Tags:    

Similar News