ഖത്തറിലേക്ക് ജൂലൈ 12 മുതല്‍ സന്ദര്‍ശക വിസകള്‍ അനുവദിക്കും

Update: 2021-07-08 16:02 GMT

ദോഹ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കില്‍ ഇളവുകളുമായി ഖത്തര്‍. ജൂലൈ 12 മുതല്‍ സന്ദര്‍ശക, ഫാമിലി, ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ അനുവദിച്ചു തുടങ്ങും. ഇതുസംബന്ധിച്ച അറിയിപ്പ് വിമാന കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ഖത്തര്‍ ഇന്ത്യന്‍ എംബസി നല്‍കി. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം.

    കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചും രോഗപ്രതിരോധം കൈവരിച്ചതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിഭാഗങ്ങളായി തിരിച്ചുമാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. ഇന്ത്യ റെഡ് കാറ്റഗറിയിലും ഗള്‍ഫ് രാജ്യങ്ങളെല്ലാം മഞ്ഞ കാറ്റഗറിയിലാണ്.

    അതിനിടെ, കൂടുതല്‍ വാക്‌സിനുകള്‍ക്ക് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി.ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയ്ക്കു പുറമേ സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകള്‍ക്കാണ് ഉപാധികളോടെ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. സിനോഫാം, സിനോവാക് വാക്‌സിന്‍ എടുത്തവര്‍ ഖത്തറിലെത്തിയാല്‍ ആന്റിബോഡി പരിശോധനയ്ക്ക് വിധേയരാവണം. ആന്റിബോഡി പോസിറ്റീവ് ആയാല്‍ ക്വാറന്റൈന്‍ വേണ്ടതില്ല. നെഗറ്റീവ് ആണെങ്കില്‍ വരുന്ന രാജ്യത്തിന് അനുസരിച്ചുള്ള ക്വാറന്റൈന്‍ നിയമങ്ങള്‍ ബാധകമാണ്.

വിവിധ കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരും അനുവദിക്കപ്പെട്ട ഇളവുകളും:

ഗ്രൂപ്പ് എ: ഖത്തരി പൗരന്‍മാരും റെസിഡന്റ് വിസയുള്ളവരും

    പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്കും ഖത്തറില്‍ നിന്ന് 9 മാസത്തിനിടെ കൊവിഡ് വന്ന് ഭേദമായവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ല. ഇതു പ്രകാരം വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്കും ക്വാറന്റൈന്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

ഭാഗികമായി വാക്‌സിനെടുത്തവര്‍, വാക്‌സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കാത്തവര്‍, ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത വാക്‌സിനെടുത്തവര്‍, ഖത്തറിന് പുറത്തുനിന്ന് 9 മാസത്തിനിടെ കൊവിഡ് വന്ന് ഭേദമായവര്‍, ഗ്രീന്‍ കാറ്റഗറി രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ആണെങ്കില്‍ 5 ദിവസം ഹോം ക്വാറന്റൈന്‍. യെല്ലോ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഒരാഴ്ചത്തെ ഹോട്ടല്‍ ക്വാറന്റൈന്‍. റെഡ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍.

ഗ്രൂപ്പ് ബി: ഫാമിലി വിസിറ്റ്, ബിസിനസ്, ടൂറിസ് വിസ

    ഇത്തരത്തില്‍ ഖത്തറിലെത്തുന്ന വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട. 9 മാസത്തിനിടെ രോഗം വന്ന് ഭേദമായ ജിസിസി പൗരന്മാര്‍ക്കും വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന മൂന്ന് വയസ്സ് വരെയുള്ളവര്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. അതേസമയം, വാക്‌സിന്‍ എടുക്കാത്തതോ ഭാഗികമായി വാക്‌സിനെടുത്തവരോ ആയവര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കില്ല.

യാത്രാ നിബന്ധനകള്‍

    എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. റെഡ് കാറ്റഗറിയില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ ഖത്തറിലെത്തിയാല്‍ വീണ്ടും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. വാക്‌സിനെടുക്കാത്തവരും ഭാഗികമായി വാക്‌സിനെടുത്തവരും റെഡ് കാറ്റഗറിയില്‍പ്പെട്ടവരും വിവിധ ഇടവേളകളിലായി ആര്‍ടിപിസിആര്‍ പരിശോധന ആവര്‍ത്തിക്കേണ്ടി വരും. ഇതിനുള്ള ചെലവ് സ്വന്തമായി വഹിക്കണമെന്നും അറിയിച്ചിട്ടുണ്ട്. എല്ലാ യാത്രക്കാരും യാത്രയുടെ 12 മണിക്കൂര്‍ മുമ്പ് www.ehteraz.gov.qa എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം.

Visit visas will be issued to Qatar from July 12

Tags:    

Similar News