തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച മധ്യവയസ്‌കന്‍ മരണപ്പെട്ടു

Update: 2022-05-29 06:01 GMT

തൃശൂര്‍: പകര്‍ച്ചവ്യാധിയായ വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂരില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തൃശൂര്‍ പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് മരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷത്തെ ആദ്യത്തെ വെസ്റ്റ് നൈല്‍ പനി മരണമാണിത്.

രണ്ടുദിവസം മുന്‍പാണ് ജോബിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൊതുകില്‍ നിന്ന് പകരുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. പാണഞ്ചേരി പഞ്ചായത്തിലാണ് രോഗം കണ്ടെത്തിയത്. അടിയന്തര സാഹചര്യം പരിഗണിച്ച് മാരായ്ക്കല്‍ വാര്‍ഡില്‍ ഇന്ന് ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കൊതുകില്‍ നിന്ന് പകരുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. മരിച്ച ജോബിയില്‍ നിന്ന് നിലവില്‍ മറ്റാരിലേക്കും രോഗം പകര്‍ന്നിട്ടില്ല. കൂടുതല്‍ പേരെ പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് ഇന്നലെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തിയിരുന്നു. പ്രദേശത്ത് രോഗം പരത്തുന്ന ക്യൂലെക്‌സ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം പതിനേഴിനാണ് ജോബിയില്‍ രോഗലക്ഷണം കണ്ടെത്തിയത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. രണ്ട് ദിവസം മുമ്പാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഇത് പകരുന്നത്. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ഈ രോഗം പിടിപെട്ട പക്ഷികളില്‍ നിന്നു കൊതുകിലേക്കും കൊതുകില്‍ നിന്ന് മനുഷ്യരിലേക്കും പകരും.

കൊതുക് കടിയേല്‍ക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. ഈ രോഗത്തിനു പ്രതിരോധ വാക്‌സിനില്ല. കൊതുകു കടിയേല്‍ക്കാതെ നോക്കുക എന്നതു മാത്രമാണു പോംവഴി. പിടിപെട്ടു കഴിഞ്ഞാല്‍ സാധാരണ വൈറല്‍പ്പനി മാറുന്നതുപോലെ ഭേദമാകും. ചിലരില്‍ രോഗം വിട്ടുപോകാന്‍ മാസങ്ങളോളം വേണ്ടിവരും. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ 75% ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല.

20 ശതമാനത്തോളം പേര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം.

Tags:    

Similar News