വാഷിങ്ടണ്‍: മങ്കിപോക്‌സ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. ഡബ്ല്യുഎച്ച്ഒ നല്‍കുന്ന ഏറ്റവും വലിയ മുന്നറിയിപ്പാണിത്. ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. 70 ശതമാനം രോഗികളും യുറോപ്യന്‍ രാജ്യങ്ങളിലാണ്. മങ്കിപോക്‌സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗം ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തത്.
മങ്കിപോക്‌സ് അടിയന്തര ആഗോള പൊതുജനാരോഗ്യ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊവിഡ് വൈറസിനെയാണ് ഇതിന് മുമ്പ് ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചത്. നേരത്തെ ഇന്ത്യയിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ മൂന്ന് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മൂന്ന് കാരണങ്ങളാലാണ് ലോകാരോഗ്യ സംഘടന ഒരു രോഗത്തെ ആഗോള പകര്‍ച്ചവ്യാധി ആയി പ്രഖ്യാപിക്കുന്നത്. അസാധാരണമായ രോഗപ്പകര്‍ച്ച പ്രകടമാവുന്നതിനാല്‍, രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാല്‍, രോഗപ്പകര്‍ച്ച തടയാന്‍ ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമം അത്യാവശ്യം ആയതിനാല്‍ തുടങ്ങിയ കാരണങ്ങളാലാണ് ഒരു രോഗത്തെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുന്നത്.