കര്‍ക്കരെയെ കൊന്നതാര്...?; ഉത്തരം കിട്ടാത്ത രക്തസാക്ഷിത്വത്തിന്റെ വ്യാഴവട്ടം

കര്‍ക്കരെയുടെ മരണത്തില്‍ അനുശോചനം അറിയിക്കാനെത്തിയ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഭാര്യ കവിതാ കര്‍ക്കരെ വിസമ്മതിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു

Update: 2020-11-26 07:30 GMT

    രാജ്യം നടുങ്ങിയ ആക്രമണത്തിനിടെ, രാജ്യം കണ്ട ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥരിലൊരാള്‍ ദുരൂഹമായി കൊല്ലപ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിന് ഒരു വ്യാഴവട്ടമായിട്ടും ഉത്തരമില്ല. മുംബൈ ഭീകര വിരുദ്ധസേനാ മേധാവിയായിരുന്ന ഹേമന്ത് കര്‍ക്കരെയെ കൊന്നതാര് എന്ന ചോദ്യം ഇന്ത്യയില്‍ മുഴങ്ങാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 12 വര്‍ഷം പിന്നിട്ടെങ്കിലും അധികാരികളുടെ ബധിരകര്‍ണങ്ങളില്‍ പതിച്ചിട്ടില്ല. ഇന്ത്യയെ പിടിച്ചുകുലുക്കിയ ഒരു ഡസനോളം സ്ഫോടന പരമ്പരകള്‍ക്കു പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്ന ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയ സത്യസന്ധനും ധീരനുമായ പോലിസ് ഉദ്യോഗസ്ഥനായ ഹേമന്ത് കര്‍ക്കരെ അനുഭവിച്ചത് കര്‍മഫലമാണെന്നു ശപിക്കുന്ന അംഗങ്ങളുടെ കാവിക്കൂടാരമായി പാര്‍ലിമെന്റ് മാറുകയും ചെയ്തു. ഇവിടെയാണ് മഹാരാഷ്ട്ര മുന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ എസ് എം മുശ്രിഫ് എഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് ഒരു രാജ്യത്തിന്റെ ചോദ്യവും അന്വേഷണവുമായി അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നത്-'ഹു കില്‍ഡ് കര്‍ക്കരെ?'. ഈ പുസ്തകം തേജസ് ബുക്‌സ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു.

 


ബിജെപി ഇതര സര്‍ക്കാരുകളുടെ കാലത്ത് ഇന്ത്യയുടെ പല ഭാഗങ്ങളിലും നടന്ന ചെറുതും വലുതുമായ ബോംബ് സ്ഫോടനങ്ങളില്‍ മുസ് ലിംകള്‍ കൊല്ലപ്പെടുകയും ആരാധനാലയങ്ങള്‍ തന്നെ ആക്രമിക്കപ്പെടുകയും ചെയ്തിട്ടും ഇതിന്റെ മറവില്‍ മുസ് ലിം യുവാക്കളെ തന്നെ തുറുങ്കിലടച്ചിരുന്ന വിരോധാഭാസത്തിന്റെ സത്യം പുറത്തെത്തിച്ച അന്വേഷണ ഉദ്യോഗസ്ഥനാണ് ഹേമന്ത് കര്‍ക്കരെ. അതിവേഗം ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെയും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളുടെയും അജണ്ടകളില്‍ രൂപപ്പെട്ട ശക്തമായ പൊതുബോധത്തെയാണ് ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള ഭീകര വിരുദ്ധ സേന തെളിവുസഹിതം പുറത്തുകൊണ്ടുവന്നത്. അതിനു നല്‍കേണ്ടി വന്നതോ സ്വന്തം ജീവനും. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സത്യസന്ധതയ്ക്കും വേണ്ടിയുള്ള ആ രക്തസാക്ഷിത്വത്തെ ദിനംതോറും പരിഹസിക്കുന്നവരും പുച്ഛിക്കുന്നവരുമാണ് രാജ്യത്തിന്റെ ചെങ്കോലണിഞ്ഞിരിക്കുന്നതെന്നതു തന്നെ രാജ്യത്തിന്റെ ഗതിവേഗം പറഞ്ഞറിയിക്കുന്നുണ്ട്.

   


    2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനം, 2006ലെ ഒന്നാം മലേഗാവ് സ്ഫോടനം, 2008ലെ അഹമ്മദാബാദ് ബോംബ് സ്ഫോടനം, 2008ലെ ഡല്‍ഹി ബോംബ് സ്ഫോടനം, സംജോതാ എക്സ്പ്രസ് സ്ഫോടനം, 2007ലെ ഹൈദരാബാദ് മക്കാ മസ്ജിദ് സ്ഫോടനം, 2007ലെ അജ്മീര്‍ ദര്‍ഗ സ്ഫോടനം, 2007 ലെ ഉത്തര്‍പ്രദേശ് കോടതി കോംപൗണ്ട് സ്ഫോടന പരമ്പര, 2008ലെ ജയ്പൂര്‍ സ്ഫോടനം, 2006 നന്ദേഡ് സ്ഫോടനം, 2008ലെ രണ്ടാം മലേഗാവ് സ്ഫോടനം.... തുടങ്ങി അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ എത്രയെത്ര സ്‌ഫോടനങ്ങള്‍ക്കു പിന്നിലാണ് കാവി പുതച്ച സന്യാസി-സന്യാസിനിമാരും കേണലുമാരും പ്രവര്‍ത്തിച്ചതെന്ന് ലോകത്തെ അറിയിച്ചതാണ് കര്‍ക്കരെ ചെയ്ത തെറ്റ്. രാജ്യത്തെ മുള്‍മുനയിലാഴ്ത്തിയ ഇത്തരം സ്‌ഫോടനങ്ങള്‍ക്കു പിന്നിലെല്ലാം വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരണ്‍ മഞ്ച്, ബജ്റംഗ് ദള്‍, ആര്‍എസ്എസ് തുടങ്ങിയ സംഘപരിവാര്‍ സംഘടനകളാണെന്ന് കര്‍ക്കരെ തെളിവുകളോടെ പുറത്തുകൊണ്ടുവന്നു. ഹിന്ദുത്വ വാദികളായ കേണല്‍ പുരോഹിത്ത്, സാധ്വി പ്രജ്ഞാസിങ് ഠാക്കൂര്‍, സ്വാമി അസിമാനന്ദ തുടങ്ങിയ സംഘപരിവാര്‍ ദത്തുപുത്രന്‍മാരെ പ്രത്യാഘാതങ്ങള്‍ നോക്കാതെ ജയിലിലിടച്ചതോടെ തന്നെ കര്‍ക്കരെയുടെ നാളുകള്‍ എണ്ണപ്പെട്ടിരുന്നുവെന്ന് പില്‍ക്കാല സംഭവങ്ങള്‍ വെളിപ്പെടുത്തുന്നു. കെട്ടുകഥകളുടെയും വ്യാജനിര്‍മിതികളുടെയും പേരില്‍ സംശയനിഴലില്‍ നിര്‍ത്തപ്പെട്ട മുസ്ലിംകള്‍ക്ക് കര്‍ക്കരെ നല്‍കിയ ആത്മവിശ്വാസവും ആശ്വാസവും പറഞ്ഞറിയിക്കാനാവാത്തതാണ്. അതിനാല്‍ തന്നെ കര്‍ക്കരെയുടെ ഓര്‍മകള്‍ക്കു മുന്നില്‍ അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതില്‍ മറ്റാരേക്കാളും ഒരുപടി മുന്നിലും അവരുണ്ട്.

ബ്രാഹ്‌മണ കുടുംബത്തില്‍ നിന്ന് എടിഎസ് മേധാവിയിലേക്ക്

    മറാത്ത രാഷ്ട്രീയം വിളമ്പുന്ന മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ 1954 ഡിസംബര്‍ 12നാണ് ഹേമന്ത് കര്‍ക്കരെയുടെ ജനനം. നാഗ്പൂരിലെ വിശ്വേശരയ്യ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം.

ഹേമന്ത് കര്‍ക്കരെയുടെ കുടുംബം ജന്‍മദിന ആഘോഷത്തില്‍

1982 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍. 2008 ല്‍ മാഹാരാഷ്ട്ര സംസ്ഥാനത്തിനു കീഴിലുള്ള ഭീകര വിരുദ്ധ സേനാ മേധാവിയായി. ഏഴുവര്‍ഷം ഓസ്ട്രിയയില്‍ ഇന്ത്യന്‍ ചാര സംഘടനയായ റോയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചു. ഭാര്യ: കവിതാ കര്‍ക്കരെ. മക്കള്‍: ജൂലി കര്‍ക്കരെ, ആകാശ് കര്‍ക്കരെ, സയാലി കര്‍ക്കരെ. സഹോദരന്‍: ശിരിശ് കര്‍ക്കരെ.

ബോംബ് സ്‌ഫോടനങ്ങളിലെ കാവിമയം

    2008 സപ്തംബര്‍ 20ന് ഗുജറാത്തിലെ മൊദാസയിലും മഹാരാഷ്ട്രയിലെ മലേഗാവിലും ഉണ്ടായ ബോംബ്‌സ്‌ഫോടന പരമ്പരയില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്ര സംസ്ഥാന ഭീകരവിരുദ്ധ സേനാ മേധാവി എന്ന നിലയില്‍ ഹേമന്ത് കര്‍ക്കരെയാണ് മലേഗാവ് സ്‌ഫോടനക്കേസ് അന്വേഷിച്ചത്. ഒരു മാസം പിന്നിടുമ്പോള്‍ തന്നെ 11 പേരെ അറസ്റ്റ് ചെയ്തു. രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് ഹിന്ദുത്വവാദികളെയാണ് അറസ്റ്റ് ചെയ്തത്.

   

പ്രജ്ഞാ സിങ് ഠാക്കൂറും ഹേമന്ത് കര്‍ക്കരെയും


എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ മുസ് ലിം പ്രീണനമാണിതെന്നായിരുന്നു ബിജെപി, ശിവസേന തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ ആരോപണം. സ്വാമി അസിമാനന്ദയുടെ ജയിലിലെ കുറ്റസമ്മതം കൂടി പുറത്തുവന്നതോടെ സ്‌ഫോടനങ്ങളിലെ ഹിന്ദുത്വ പങ്ക് ലോകമറിഞ്ഞു.

2008 നവംബര്‍ 26ന് മുംബൈയില്‍ നടന്നതെന്ത്...?

    രാജ്യം മുള്‍മുനയിലായ ദിനമാണ് 2008 നവംബര്‍ 26. അന്നു നടന്ന ആക്രമണങ്ങളും ഹേമന്ത് കര്‍ക്കരെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ കൊലപാതകവും ഇന്നും ദുരൂഹമായി തുടരുകയാണ്. ദാദറിലെ വീട്ടില്‍ രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഛത്രപതി ശിവജി ടെര്‍മിനലില്‍ ആക്രമണം നടക്കുന്നതായി കര്‍ക്കരയെക്കു ഫോണ്‍ സന്ദേശം ലഭിച്ചത്. ഉടനെ തന്റെ ഡ്രൈവറെയും അംഗരക്ഷകനെയും കൂട്ടി പുറപ്പെട്ടു. അവിടെന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മറ്റും ധരിച്ച് ഒന്നാം പ്ലാറ്റ് ഫോമിലേക്ക് കുതിച്ചു.


ഇക്കാര്യങ്ങളെല്ലാം ടെലിവിഷനില്‍ തല്‍സമയം ലോകം കണ്ടു. അക്രമികള്‍ ആസാദ് മൈതാന്‍ പോലിസ് സ്റ്റേഷനു സമീപത്തെ കാമ ആശുപത്രി ഭാഗത്തേക്ക് നീങ്ങിയെന്ന വിവരമാണ് കര്‍ക്കരെയ്ക്കു ലഭിച്ചത്. സ്റ്റേഷനില്‍ നിന്ന് അഡീഷനല്‍ പോലിസ് കമ്മീഷണര്‍ അഷോക് കാംതെ, മുതിര്‍ന്ന ഇന്‍സ്പെക്ടര്‍ സലസ്‌കര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അത്യാധുനിക യന്ത്രത്തോക്കുകളേന്തി ആക്രമണം നടത്തുന്നവരെ നേരിടാന്‍ ഇവര്‍ ഏതാനും കോണ്‍സ്റ്റബിള്‍മാരെയും കൂട്ടി കാമ ആശുപത്രിക്കു പിന്നിലൂടെ പോയി. പിന്നീട് നടന്നത് നേരിട്ടുള്ള ഏറ്റുമുട്ടല്‍. ഇതിനിടെ വയര്‍ലെസിലൂടെ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഓഫിസില്‍ നിന്ന് തിരിഞ്ഞ് കോര്‍പറേഷന്‍ ബാങ്ക് എടിഎമ്മിനു സമീപത്തെ രംഗ് ഭവനിലേക്ക് ചുവന്ന കാറിനെ അന്വേഷിച്ചു മുന്നേറിയത്. ഉദ്യോഗസ്ഥര്‍ ആക്രമണകാരികള്‍ക്കെതിരേ വെടിയുതിര്‍ത്തു. തിരിച്ചുനടത്തിയ വെടിവയ്പില്‍ അസിസ്റ്റന്റ് പോലിസ് ഓഫിസര്‍ ജാദവ് ഒഴികെ ഹേമന്ത് കര്‍ക്കരെ, അശോക് കാംതെ, സലസ്‌കര്‍ എന്നിവരും ചില പോലിസ് കോണ്‍സറ്റ്ബിള്‍മാരും 2008 നവംബര്‍ 26ന് ക്രൈംബ്രാഞ്ച് ഓഫിസിനു സമീപത്തെ സെന്റ് സേവ്യേര്‍സ് കോളജിനും രംഗ് ഭവനു ഇടയിലുള്ള ഇടവഴിയില്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക ഭാഷ്യം.

എ ആര്‍ ആന്തുലെ മുതല്‍ എസ് എം മുശ്‌രിഫ് വരെ...

   

കര്‍ക്കരെയുടെ കൊലപാതത്തെ കുറിച്ച് മഹരാഷ്ട്ര മുന്‍ ഐജി എസ് എം മുശ്‌രിഫ് എഴുതിയ പുസ്തകത്തിന്റെ പുറംചട്ട

മലേഗാവ്, സംജോത എക്‌സ്പ്രസ് തുടങ്ങിയ സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ ഹിന്ദുത്വ കരങ്ങള്‍ പുറത്തുകൊണ്ടുവന്ന ഹേമന്ത് കര്‍ക്കരെയെ കൊലപ്പെടുത്തിയത് ആരെന്ന ചോദ്യം പൊടുന്നനെ ഉയര്‍ന്നതല്ല. കൊലപാതകത്തിനു പിന്നില്‍ ദുരൂഹതകളുണ്ടെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും എംപിയുമായിരുന്ന എ ആര്‍ ആന്തുലെ എന്ന അബ്ദുര്‍റഹ്‌മാന്‍ ആന്തുലെ പാര്‍ലമെന്റില്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ വലിയ വിവാദമാക്കാന്‍ ഹിന്ദുത്വര്‍ ശ്രമിച്ചെങ്കിലും ആന്തുലെ തന്റെ പ്രസ്താവനയില്‍ ഉറച്ചുനിന്നു. 2008 ആഗസ്ത് 23നു ഇന്ത്യന്‍ മുജാഹിദീന്‍ അയച്ചതെന്ന് പ്രചരിപ്പിച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുംബൈ എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കരെയ്ക്കും ഗുജറാത്ത് പോലിസ് ഉദ്യോഗസ്ഥന്‍ പി സി പാണ്ഡേയ്ക്കും ഭീഷണികളുണ്ടായിരുന്നുവെന്ന് പിന്നീട് റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സപ്റ്റംബര്‍ 13നു നടന്ന ഡല്‍ഹി സ്‌ഫോടനത്തിനു മുമ്പ് ഇന്ത്യന്‍ മുജാഹിദീന്‍ അയച്ചെന്നു പറയുന്ന ഇ-മെയിലിലും സമാന പരാമര്‍ശങ്ങളുണ്ടായിരുന്നുവത്രേ. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടന തന്നെ ദുരൂഹമാണെന്നും ബിജെപി അധികാരത്തിലെത്തിയ ശേഷം അപ്രത്യക്ഷമായെന്നും ആക്ഷേപമുണ്ട്. കര്‍ക്കരെ കൊല്ലപ്പെട്ടതു സംബന്ധിച്ച് മഹാരാഷ്ട്ര മുന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ എസ് എം മുശ്രിഫ് എഴുതിയ 'കര്‍ക്കരയെ കൊന്നതാര്...?' എന്ന പുസ്തകത്തില്‍ അനിഷേധ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹിന്ദുത്വരിലേക്കു വിരല്‍ചൂണ്ടുന്നത്. ഈ പുസ്തകം തേജസ് ബുക്‌സ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു.

മോദിയുടെ നിലപാടും പ്രജ്ഞാസിങിന്റെ ശാപവാക്കും

    രാജ്യം രക്തസാക്ഷിത്വം ആചരിക്കുന്ന ഹേമന്ത് കാര്‍ക്കരെയോട് ഇന്നത്തെ പ്രധാനമന്ത്രിയും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്ര മോദി ശത്രുരാ മനോഭാവത്തോടെയാണ് പെരുമാറിയത്. 2008ലെ മാലേഗാവ് സ്ഫോടന കേസ് അന്വേഷണത്തിനിടെ രാജ്യത്തെ സ്‌ഫോടനങ്ങളില്‍ സംഘപരിവാര്‍ പങ്ക് കണ്ടെത്തിയതാണ് മോദിയെ ചൊടിപ്പിച്ചത്. സ്വാമി അസിമാനന്ദയിലേക്ക് അന്വേഷണം നീണ്ടതോടെ മോദിയും ഗുജറാത്ത് സര്‍ക്കാറും കര്‍ക്കരെയോട് നിസ്സഹകരിച്ചു. ഈ ഘട്ടത്തിലാണ് മുംബൈ ആക്രമണം നടക്കുന്നതും കര്‍ക്കരെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നതും. കര്‍ക്കരെയുടെ മരണത്തില്‍ അനുശോചനം അറിയിക്കാനെത്തിയ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഭാര്യ കവിതാ കര്‍ക്കരെ വിസമ്മതിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കര്‍ക്കരെയുടെ കുടുംബത്തിന് മോദി ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് തനിക്കു വേണ്ടെന്നായിരുന്നു കവിതാ കര്‍ക്കരെയുടെ നിലപാട്. എന്നാല്‍, അന്നത്തെ മഹാരാഷ്ട്ര സര്‍ക്കാറിന്റെ നഷ്ടപരിഹാര തുക കവിത സ്വീകരിക്കുകയും ചെയ്തു. മികച്ച ആയുധങ്ങളും സജ്ജീകരണങ്ങളും നല്‍കിയിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവ് കൊല്ലപ്പെടില്ലായിരുന്നുവെന്ന കവിതയുടെ പ്രസ്താവന ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു.

   


എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഹേമന്ത് കര്‍ക്കരെയുടെ ഭാര്യ കവിത കര്‍ക്കരെ തന്നെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കൊപ്പം ആര്‍എസ്എസ് അനുഭാവ സംഘടനയുടെ അവാര്‍ഡ്ദാന ചടങ്ങില്‍ വേദിപങ്കിടുകയും പുരസ്‌കാരം സ്വീകരിക്കുകയും ചെയ്തു. 2014 സപ്തംബര്‍ 29ന് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് കോളജ് അധ്യാപികയായ കവിതാ കര്‍ക്കരെ(57) അന്തരിച്ചത്.

   

ഹേമന്ത് കര്‍ക്കരെയുടെ ഭാര്യ കവിതാ കര്‍ക്കരെയും മകളും

മലേഗാവ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ സ്വാമി പ്രജ്ഞാ സിങ് ഠാക്കൂര്‍ പിന്നീട് ബിജെപിയുടെ പ്രതിനിധിയായി എംപിയായി. കടുത്ത വിദ്വേഷ പ്രസംഗത്തിലൂടെ കുപ്രസിദ്ധി നേടിയ പ്രജ്ഞാസിങ്, കര്‍ക്കരെ അനുഭവിച്ചത് കര്‍മഫലമാണെന്നും താന്‍ ശപിച്ചിരുന്നുവെന്നും പറഞ്ഞത് ഏറെ വിവാദമായിരുന്നു. രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിലേക്കു വിരല്‍ചൂണ്ടുന്ന പ്രസ്താവനയ്‌ക്കെതിരേ നില്‍ക്കക്കള്ളിയില്ലാതെ ബിജെപി രംഗത്തെത്തിയിരുന്നെങ്കിലും കര്‍ക്കരെയോട് ഹിന്ദുത്വസംഘടനകള്‍ പുലര്‍ത്തിയ ശത്രുതാ മനോഭാവം തന്നെ ആ ദുരൂഹ കൊലപാതകത്തിനു പിന്നിലെ അണിയറക്കഥകള്‍ പറയാതെ പറയുന്നുണ്ട്.

Who killed Karkare ...?; 12 years of unanswered question of martyrdom

തയ്യാറാക്കിയത്:

ബഷീര്‍ പാമ്പുരുത്തി

Tags:    

Similar News