പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവന അപമാനകരം: ഐപിഎസ് അസോസിയേഷന്‍

ഭീകരവാദികള്‍ക്കെതിരായ പോരാട്ടത്തിന് അശോക് ചക്ര പുരസ്‌കാരത്തിന് അര്‍ഹനായ കര്‍ക്കരേക്കെതിരായ പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവന അപലപനീയമാണെന്ന് ഐപിഎസ് അസോസിയേഷന്‍ തങ്ങളുടെ തങ്ങളുടെ ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്തു. സേനയുടെ എല്ലാ ത്യാഗങ്ങളും രക്തസാക്ഷിത്വവും ആദരിക്കപ്പെടണമെന്നും ഐപിഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Update: 2019-04-19 16:37 GMT

ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മുംബൈ എടിഎസ് തലവനായിരുന്ന ഹേമന്ത് കര്‍ക്കരെക്കെതിരായ മലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രജ്ഞാസിങ് താക്കൂറിന്റെ പ്രസ്താവന അപമാനകരമാണെന്ന് ഐപിഎസ് അസോസിയേഷന്‍. ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥിയായ പജ്ഞാസിങ് താക്കൂറിന്റെ പ്രസ്താവന അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ഐപിഎസ് അസോസിയേഷന്‍ ഔദ്യോഗിക ട്വിറ്റില്‍ കുറിച്ചു.

കര്‍ക്കരെ കൊല്ലപ്പെട്ടത് കര്‍മഫലമാണെന്നും താങ്കളുടെ കുടുംബത്തെ തന്നെ ഇല്ലാതാക്കുമെന്ന് അന്നുതന്നെ താന്‍ ശപിച്ചിരുന്നുവെന്നുമാണ് പ്രജ്ഞാസിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 'കര്‍ക്കരെ തന്നെ ഭീഷണിപ്പെടുത്തി. വളരെ മോശമായാണ് തന്നോട് പെരുമാറിയത്. ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞിരുന്നു, ഇത് നിങ്ങളുടെ വംശത്തെ തന്നെ ഇല്ലാതാക്കുമെന്ന്. അതിന് ദിവസങ്ങള്‍ക്കു ശേഷം ഭീകരര്‍ വെടിവച്ച് കൊന്നു. അദ്ദേഹം മരിച്ചത് കര്‍മഫലമാണ്.' ഇതായിരുന്നു പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവന. പ്രജ്ഞയുടെ വാക്കുകള്‍ വാര്‍ത്താസമ്മേളനത്തിനിടെയും ബിജെപി നേതാക്കള്‍ കൈയ്യടിച്ചാണ് വരവേറ്റത്.



ഭീകരവാദികള്‍ക്കെതിരായ പോരാട്ടത്തിന് അശോക് ചക്ര പുരസ്‌കാരത്തിന് അര്‍ഹനായ കര്‍ക്കരേക്കെതിരായ പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവന അപലപനീയമാണെന്ന് ഐപിഎസ് അസോസിയേഷന്‍ തങ്ങളുടെ തങ്ങളുടെ ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്തു. തങ്ങളുടെ ഔദ്യോഗിക പദവിയെ തന്നെ അപമാനിക്കുന്നതാണ് ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവനയെന്നും സേനയുടെ എല്ലാ ത്യാഗങ്ങളും രക്തസാക്ഷിത്വവും ആദരിക്കപ്പെടണമെന്നും ഐപിഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ആറുപേര്‍ കൊല്ലപ്പെടുകയും നൂറുലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2008 സപ്തംബര്‍ 29ലെ മലേഗാവ് സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദുത്വരാണെന്നു കണ്ടെത്തിയത് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എടിഎസ്) തലവനായിരുന്ന ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു. മാത്രമല്ല, സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ സാധ്വി പ്രജ്ഞാസിങ് താക്കൂറിന്റേതാണെന്നു കണ്ടെത്തുകയും പ്രജ്ഞാസിങിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസന്വേഷണം തുടങ്ങി ഒന്നരമാസത്തിനു ശേഷം 2008 നവംബര്‍ 11നു നടന്ന മുംബൈ ആക്രമണത്തിനിടെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് തലവനായിരുന്ന ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നില്‍ ഏറെ ദുരൂഹതകളുണ്ടെന്നു നിരവധി പേര്‍ സംശയമുയര്‍ത്തിയിരുന്നു. കര്‍ക്കരെയുടെ മരണശേഷം കേസന്വേഷിച്ച എന്‍ഐഎ(ദേശീയ അന്വേഷണ ഏജന്‍സി) 2016 മെയില്‍ പ്രജ്ഞാസിങിന് ക്ലീന്‍ചിറ്റ് നല്‍കി. ഈയിടെ ജാമ്യത്തിലിറങ്ങിയ ശേഷം ബിജെപിയില്‍ അംഗത്വമെടുത്താണ് ഭോപാലില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങിനെതിരേ മല്‍സരിക്കുന്നത്. അതേസമയം, പ്രജ്ഞാസിങിന്റെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തെത്തിയ പ്രതിപക്ഷം, രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ പോലിസ് ഉദ്യോഗസ്ഥനെ അപമാനിക്കുകയാണെന്ന് കുറ്റപ്പെടുത്തി.

Tags:    

Similar News