ഗോഡ്‌സെയെ വീണ്ടും 'രാജ്യസ്‌നേഹി'യാക്കി പ്രജ്ഞാ സിങ് ഠാക്കൂര്‍
ഗാന്ധിജിയുടെ 150 ാം ജന്മദിനാചരണത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച 42 ദിവസത്തെ ഗാന്ധി സങ്കല്‍പ്പ് യാത്രയില്‍ പങ്കെടുക്കാതിരുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ വീണ്ടും ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് വിവാദം സൃഷ്ടിച്ചത്.
ഭോപ്പാല്‍: മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയുമായ പ്രജ്ഞാ സിങ് ഠാക്കൂര്‍ വീണ്ടും 'ഗോഡ്‌സെ' സ്തുതി വിവാദത്തില്‍. ഗാന്ധിജിയുടെ 150 ാം ജന്മദിനാചരണത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച 42 ദിവസത്തെ ഗാന്ധി സങ്കല്‍പ്പ് യാത്രയില്‍ പങ്കെടുക്കാതിരുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ വീണ്ടും ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് വിവാദം സൃഷ്ടിച്ചത്.
കോണ്‍ഗ്രസുകാര്‍ ഗാന്ധിയെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപോഗിക്കുകയാണെന്നും അദ്ദേഹത്തിന്റെ ചിന്തകളെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഗാന്ധിയെ മനസ്സിലാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ്സിന് ഗോഡ്‌സെയുടെ രാജ്യസ്‌നേഹത്തെ മനസ്സിലാക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രജ്ഞാ സിങ്ങിന്റെ പരാമര്‍ശം.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തും അവര്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചും രാജ്യസ്‌നേഹിയെന്നു വിളിച്ചും വിവാദം സൃഷ്ടിച്ചിരുന്നു. ആഗ്ര-മല്‍വ ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു ഗോഡ്‌സെ സ്തുതി. അതിനെതിരേ രാജ്യം മുഴുവന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ മോദി തന്നെ രംഗത്തുവന്നു. ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയ പ്രജ്ഞാ സിങ്ങിനോട് പൊറുക്കില്ലെന്നും മോദിക്ക് പറയേണ്ടിവന്നു.
അന്ന് ഗോഡ്‌സെ സ്തുതിയില്‍ പ്രജ്ഞാ സിങ് ഖേദം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടി അച്ചടക്കസമിതി പ്രശ്‌നം പരിശോധിച്ച് ഉചിതമായ നടപടി എടുക്കുമെന്ന് അന്നത്തെ ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷാ പറഞ്ഞിരുന്നു. പക്ഷേ, ആറ് മാസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചിട്ടില്ല.
ഗാന്ധി ജയന്തിയായ ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 12 വരെയായിരുന്നു ബിജെപിയുടെ ഗാന്ധി സങ്കല്‍പ് യാത്ര. പ്ലാസ്റ്റിക് രഹിത നഗരം, ലഹരിയില്‍ നിന്നുള്ള മോചനം, സ്വയംപര്യാപ്തത, രക്തദാനം, പരിസര ശുദ്ധീകരണം എന്നിവയൊക്കെയാണ് സങ്കല്പ യാത്രയിലെ പ്രധാന മുദ്രാവാക്യം. പക്ഷേ, എല്ലാ പരിപാടികളില്‍ നിന്നും പ്രജ്ഞ വിട്ടുനിന്നു. ഇത് വ്യാപകമായ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
അതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് മഹീന്ദ്ര സിങ് സിദോദിയ, പ്രജ്ഞയെ പ്രകടമായി തന്നെ ആക്രമിച്ചു. പ്രജ്ഞാ സിങ്ങിനെ പോലെ ആ പാര്‍ട്ടിയില്‍ ഇരട്ട മുഖമുള്ള ധാരാളം പേരുണ്ട്. അവര്‍ യഥാര്‍ത്ഥത്തില്‍ ഗാന്ധിയെ പിന്തുടരുന്നില്ല, മറിച്ച് ഇരട്ടമുഖം കാണിക്കുകയാണ്- അദ്ദേഹം കുറ്റപ്പെടുത്തി.
''ബിജെപിക്കാര്‍ മികച്ച വ്യക്തിത്വങ്ങളുടെ പാത പിന്തുടരുന്നവരാണ്. പക്ഷേ, കോണ്‍ഗ്രസ്സുകാര്‍ അങ്ങനെയല്ല. ഞാനൊരു സന്യാസിനിയാണ് രാജ്യസ്‌നേഹം രക്തത്തിലുള്ളതാണ്''- അവര്‍ തിരിച്ചടിച്ചു.