കര്‍ണാടകയിലെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ ഹണി ട്രാപ്പില്‍ കുടുക്കി; ബിജെപി എംഎല്‍എക്കെതിരേ വെളിപ്പെടുത്തലുമായി യുവതി

ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ബിജെപി എംഎല്‍എ എന്‍ മുനിരത്‌ന രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ ഹണി ട്രാപ്പില്‍ കുടുക്കിയെന്നും സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാല്‍ ആവശ്യമായ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന്(എസ്‌ഐടി) കൈമാറാന്‍ തയ്യാറാണെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Update: 2024-10-10 12:42 GMT

ബെംഗളൂരു: കര്‍ണാടക ബിജെപിയെ പിടിച്ചുകുലുക്കുന്ന ആരോപണങ്ങളുമായി യുവതി. ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ബിജെപി എംഎല്‍എ എന്‍ മുനിരത്‌ന രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ ഹണി ട്രാപ്പില്‍ കുടുക്കിയെന്നും സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാല്‍ ആവശ്യമായ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന്(എസ്‌ഐടി) കൈമാറാന്‍ തയ്യാറാണെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2020നും 2023നും ഇടയില്‍ തന്നെ അദ്ദേഹം നിരന്തരം ബലാല്‍സംഗം ചെയ്തു. മുനിരത്‌ന രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ രാഷ്ട്രീയ നേട്ടത്തിനായി ഹണി ട്രാപ്പിന് വിധേയമാക്കിയെന്നും 40 കാരിയായ സ്ത്രീ ആരോപിച്ചു.

    'അന്നത്തെ സര്‍ക്കാരില്‍ മന്ത്രിയെന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ മുനിരത്‌ന സ്വകാര്യ വീഡിയോകള്‍ ദുരുപയോഗം ചെയ്തു. എന്റെ വിവരമനുസരിച്ച് അദ്ദേഹം രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ ഹണി ട്രാപ്പ് ചെയ്തു. ഈ സംഭവങ്ങള്‍ 2020ലോ 2021ലോ ബെംഗളൂരുവിലാണ് നടന്നത്. സര്‍ക്കാര്‍ എനിക്ക് സംരക്ഷണം നല്‍കിയാല്‍ ആവശ്യമായ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കൈമാറാന്‍ ഞാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

    രാജരാജേശ്വരി നഗര്‍ എംഎല്‍എയായ മുനിരത്‌ന എച്ച്‌ഐവി ബാധിതരുള്‍പ്പെടെ ഒന്നിലധികം സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ട്. അവര്‍ക്ക് പുറത്തുപറയാന്‍ പേടിയാണ്. എംഎല്‍എയുടെ കൈവശം വീഡിയോ റെക്കോര്‍ഡിങ് ഉപകരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ ബന്ധു സുധാകര്‍ രാമചന്ദ്ര നായിഡുവാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മറ്റ് എംഎല്‍എമാരുടെയും ഉള്‍പ്പെടെയുള്ളവരുടെ സ്വകാര്യ വീഡിയോകള്‍ മുനിരത്‌നയുടെ പക്കലുണ്ട്. അഞ്ച് മുതല്‍ ആറ് വരെ ഇരകളെങ്കിലും മുന്നോട്ട് വരാന്‍ ഭയപ്പെടുകയാണ്. സുധാകര്‍ ഇല്ലാതിരുന്ന സമയത്താണ് എനിക്ക് ചില ക്ലിപ്പുകള്‍ കൈമാറാന്‍ കഴിഞ്ഞതെന്നും യുവതി ആരോപിച്ചു.

    മുനിരത്‌ന തന്നെ ബലാല്‍സംഗം ചെയ്തിരുന്നു. ഹണി ട്രാപ്പില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചു. വീഡിയോകോള്‍ വിളിച്ച് സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കും. ഇക്കാര്യം പുറത്തുപറയാനുള്ള എന്റെ തീരുമാനത്തിന് പിന്നില്‍ ഒരു രാഷ്ട്രീയ അജണ്ടയുമില്ലെന്നും അവര്‍ പറഞ്ഞു. മുനിരത്‌നയ്‌ക്കെതിരെ ചുമത്തിയ മൂന്ന് കേസുകള്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കുകയാണ്. എസ്‌സി/എസ്ടി പീഡനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ നിന്നിറങ്ങിയ ശേഷം ഇദ്ദേഹം ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായി. സാമൂഹിക പ്രവര്‍ത്തകയായ യുവതിയാണ് കഗ്ഗലിപുര പോലിസില്‍ പരാതി നല്‍കിയിരുന്നത്. വയലിക്കാവല്‍ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പട്ടികജാതിപട്ടികവര്‍ഗ പീഡനക്കേസിലാണ് എന്‍ മുനിരത്‌ന പരപ്പന അഗ്രഹാര ജയിലില്‍ കിടന്നത്.

    സിവില്‍ കരാറുകാരനും സിനിമാ നിര്‍മാതാവും കൂടിയായ ഇയാളെ സപ്തംബര്‍ 14ന് കോലാറിലെ മുളബാഗല്‍ താലൂക്കില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബെംഗളൂരു കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച മോചിതനാവുന്നതറിഞ്ഞ് തെക്കുകിഴക്കന്‍ ബെംഗളൂരുവിലെ സെന്‍ട്രല്‍ ജയിലിന് സമീപം രാമനഗര ജില്ലാ പോലിസില്‍ നിന്നുള്ള ഒരു സംഘം ക്യാംപ് ചെയ്യുകയും പുറത്തിറങ്ങിയ ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തു. വ്യാഴാഴ്ച കഗ്ഗലിപുര പോലിസ് പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും പിന്നീട് മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. മുനിരത്‌ന തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി പറഞ്ഞ ഗോഡൗണും പോലിസ് പരിശോധിച്ചു. സപ്തംബര്‍ 13ന് ശേഷം മുനിരത്‌നയ്‌ക്കെതിരെയുള്ള മൂന്നാമത്തെ ക്രിമിനല്‍ കേസാണിത്. ബലാല്‍സംഗം, ലൈംഗികാതിക്രമം, അതിക്രമം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, കൊള്ളയടിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ഐപിസി വകുപ്പുകള്‍ കഗ്ഗലിപുര പോലിസ് ചുമത്തിയിട്ടുള്ളത്. ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പ്രേരിപ്പിച്ചതിന് വിജയ് കുമാര്‍, സുധാകര്‍, കിരണ്‍ കുമാര്‍, ലോഹിത് ഗൗഡ, മഞ്ജുനാഥ, ലോകി എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

Tags:    

Similar News