സൗഹൃദം സ്ഥാപിച്ച് പോലിസുകാരെ ഉള്‍പ്പെടെ ഹണിട്രാപ്പില്‍ കുടുക്കിയ കേസിലെ പ്രതിയായ യുവതി പിടിയില്‍
കാസര്‍കോട്: പോലിസുകാരെ ഉള്‍പ്പെടെ ഹണിട്രാപ്പില്‍ കുടുക്കിയ കേസിലെ പ്രതിയായ ശ്രുതി ചന്ദ്രശേഖരന്‍ പിടിയില്‍. ചെമ്മനാട് സ്വദേശിയായ ശ്രുതിയ പോലിസ് പിടികൂടിയത് ഉടുപ്പിയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ്. ഐഎസ്ആഒയുടെയും ഇന്‍കം ടാക്‌സിന്റെയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ശ്രുതി തട്ടിപ്പ് നടത്തിയത്.
സൗഹൃദം സ്ഥാപിച്ചാണ് ശ്രുതി സ്വര്‍ണ്ണവും പണവും തട്ടിയെടുത്തത്. ചിലര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു.നിരവധി പേരെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയെടുത്ത കേസിലാണ് ശ്രുതിയെ അറസ്റ്റ് ചെയ്തത്. ഐഎസ്ആഒയിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍, ഇന്‍കം ടാക്‌സ് ഓഫിസര്‍, ഐഎഎസ് വിദ്യാര്‍ത്ഥിനി എന്നിങ്ങനെ ചമഞ്ഞാണ് യുവതി യുവാക്കളെ വലയിലാക്കിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും യുവതി നിര്‍മ്മിച്ചിരുന്നു. മേല്‍പ്പറമ്പ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ 30കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രുതിയെ പിടികൂടിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശ്രുതി, ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയും ഒരു ലക്ഷം രൂപയും കൈക്കലാക്കിയെന്നാണ് കേസ്.
കാസര്‍കോട് സ്വദേശിയായ യുവാവിനെതിരെ പരാതി നല്‍കി ജയിലില്‍ അടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരന്‍ പലരെയും സമാനമായ തട്ടിപ്പിന് ഇരയാക്കിയതായി ആരോപണം പുറത്തുവന്നത്. യുവാവില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പണം തിരികെ ചോദിച്ചപ്പോഴാണ് കേസില്‍ കുടുക്കിയതെന്ന് യുവാവ് പറയുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പോലിസ് ഉദ്യോഗസ്ഥരും യുവതിയുടെ തട്ടിപ്പില്‍ കുടുങ്ങിയതായി വിവരം പുറത്തുവന്നു. യുവതിയെ ചോദ്യംചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.