ഹണിട്രാപ്പില്‍ കുടുങ്ങി ഐഎസ്‌ഐക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; കരസേനാംഗം പ്രദീപ് കുമാര്‍ അറസ്റ്റില്‍
ജോധ്പൂര്‍ നിവാസിയായ ഇന്ത്യന്‍ കരസേനാംഗം പ്രദീപ് കുമാര്‍ ആണ് അറസ്റ്റിലായത്. രാജസ്ഥാന്‍ പോലിസാണ് ശിക്ഷാ നടപടി സ്വീകരിച്ചത്. പാകിസ്താന്‍ യുവതി ഹണി ട്രാപ്പില്‍ കുരുക്കിയാണ് 24കാരനായ കുമാറില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയത്.
ന്യൂഡല്‍ഹി: പാകിസ്താന് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ജോധ്പൂര്‍ നിവാസിയായ ഇന്ത്യന്‍ കരസേനാംഗം പ്രദീപ് കുമാര്‍ ആണ് അറസ്റ്റിലായത്. രാജസ്ഥാന്‍ പോലിസാണ് ശിക്ഷാ നടപടി സ്വീകരിച്ചത്. പാകിസ്താന്‍ യുവതി ഹണി ട്രാപ്പില്‍ കുരുക്കിയാണ് 24കാരനായ കുമാറില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയത്.
ഫേസ്ബുക്ക് വഴിയാണ് കുമാര്‍ യുവതിയുമായി പരിചയപ്പെടുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നുള്ള ഛദം എന്ന ഹിന്ദു യുവതിയെന്ന വ്യാജേനയാണ് പാക് യുവതി ഇയാളെ വീഴ്ത്തിയത്. ബംഗളൂരുവിലെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിലാണ് താന്‍ ജോലി ചെയ്യുന്നതെന്നാണ് പാകിസ്താന്‍ ഏജന്റ് കുമാറിനെ വിശ്വസിപ്പിച്ചത്.
മാസങ്ങള്‍ക്ക് ശേഷം, വിവാഹത്തിന്റെ പേരില്‍ ഡല്‍ഹിയിലെത്തിയ പ്രദീപ് കുമാര്‍ ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സില്‍ (ഐഎസ്‌ഐ) ജോലി ചെയ്യുന്നതായി കരുതുന്ന പാകിസ്താന്‍ യുവതിക്ക് സൈനിക, തന്ത്ര പ്രധാന രഹസ്യ വിവരങ്ങളുടെ ചിത്രങ്ങള്‍ അയച്ചു നല്‍കുകയായിരുന്നു. കുമാറും പാകിസ്ഥാന്‍ യുവതിയും ആറ് മാസം മുമ്പ് വാട്‌സ്ആപ്പ് വഴി പരസ്പരം ബന്ധപ്പെട്ടിരുന്നതായും പോലിസ് പറഞ്ഞു.
രഹസ്യരേഖകളുടെ ചിത്രങ്ങള്‍ കുമാര്‍ പാക് ഏജന്റുമായി വാട്‌സ്ആപ്പ് വഴി കൈമാറിയതായും മറ്റ് സൈനികരെ ബലിയാടാക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും ഇന്റലിജന്‍സ് ഡിജി ഉമേഷ് മിശ്ര പറഞ്ഞു. കുമാറിന്റെ മറ്റൊരു സുഹൃത്തും കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടുണ്ട്. ചാരവൃത്തി ആരോപിച്ച് ചോദ്യം ചെയ്യുന്നതിനായി മെയ് 18 ന് രാജസ്ഥാന്‍ പോലിസ് കസ്റ്റഡിയിലെടുത്ത കുമാറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുകയായിരുന്നു.