നെയ്യാറ്റിന്‍കര ആത്മഹത്യ: തിരുവനന്തപുരത്തെ കാനറാ ബാങ്ക് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
ബാങ്ക് അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കാനറാ ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫിസ് ഉപരോധിച്ചു. ബാങ്കിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ഓഫിസിലെ റിസപ്ഷന്‍ കൗണ്ടര്‍ തല്ലിത്തകര്‍ക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പോലിസും പ്രവര്‍ത്തകരും തമ്മിലും ഉന്തും തള്ളും സംഘര്‍ഷവുമുണ്ടായി.
തിരുവനന്തപുരം: ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു. ബാങ്ക് അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കാനറാ ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫിസ് ഉപരോധിച്ചു. ബാങ്കിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ഓഫിസിലെ റിസപ്ഷന്‍ കൗണ്ടര്‍ തല്ലിത്തകര്‍ക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പോലിസും പ്രവര്‍ത്തകരും തമ്മിലും ഉന്തും തള്ളും സംഘര്‍ഷവുമുണ്ടായി.
ഇന്ന് രാവിലെയാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ സ്റ്റാച്യുവിലെ ബാങ്കിലേക്ക് മാര്‍ച്ച് നടത്തിയത്. പോലിസുകാരുടെ എണ്ണം കുറവായതിനാല്‍ പ്രവര്‍ത്തകരെ തടയാനുള്ള ശ്രമം പരാജയപ്പെട്ടു. പോലിസ് വലയം ഭേദിച്ച് ഉള്ളില്‍ പ്രവേശിച്ച പ്രവര്‍ത്തകര്‍ ഓഫിസ് ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലിസെത്തി ബലപ്രയോഗത്തിലൂടെയാണ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കിയത്. പിന്നീട് പ്രവര്‍ത്തകര്‍ ബാങ്കിന് വെളിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൂടുതല്‍ പ്രതിഷേധമുണ്ടാവുമെന്ന കണക്കുകൂട്ടലില്‍ ബാങ്കിനു മുന്നില്‍ വലിയ പോലിസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.
അതേസമയം, ആക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ കാനറാ ബാങ്കിന്റെ മൂന്നുശാഖകള്‍ അടച്ചിട്ടു. നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശഖകളാണ് അടച്ചത്. നെയ്യാറ്റിന്‍കര ശാഖരാവിലെ മുതല്‍ നാട്ടുകാര്‍ ഉപരോധിക്കുകയാണ്. മൃതദേഹവുമായി കാനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കരയിലെ കനറാ ബാങ്കിനു മുന്നില്‍ പ്രതിഷേധം നടത്തുമെന്ന് നാട്ടുകാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വിട്ടുകൊടുത്തതിനു ശേഷം ഉപരോധമുണ്ടാവുമെന്നാണ് അറിയുന്നത്. രാവിലെ പോസ്‌മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.