വടകരയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
കോഴിക്കോട്: വടകരയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസാണ് അന്വേഷണം നടത്തുക. വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്‌റ്റേഷനിലെത്തിച്ച വടകര കല്ലേരി സ്വദേശി സജീവനാണ് (42) വ്യാഴാഴ്ച രാത്രി 11.30ഓടെ മരിച്ചത്. സജീവനെ വടകര എസ്‌ഐ മര്‍ദിച്ചതായി സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചിരുന്നു. കുഴഞ്ഞു വീണപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ പോലിസ് തയാറായില്ലെന്നും സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. സജീവന്റെ പോസ്റ്റ്‌മോര്‍ട്ടം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തും.
സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്‌ഐ മര്‍ദിക്കുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
അതേ സമയം മര്‍ദിച്ചിട്ടില്ലെന്നും മദ്യപിച്ച് കലഹമുണ്ടാക്കിയതിനു കേസെടുത്ത ശേഷം ഇവരെ വിട്ടയച്ചെന്നുമാണ് പോലിസ് നല്‍കുന്ന വിശദീകരണം. സ്‌റ്റേഷനില്‍ നിന്നു പുറത്തിറങ്ങിയ ഇവരില്‍ സജീവന്‍ വനിതാസെല്ലിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഓട്ടോറിക്ഷയില്‍ കയറ്റാന്‍ കഴിയാത്തതിനാല്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.