കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട സന്യാസിനി സഭയ്‌ക്കെതിരേ കേസ്

Update: 2018-09-14 16:42 GMT


കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസ് എന്ന സന്യാസിനി സഭയ്‌ക്കെതിരെ പോലിസ് കേസ് എടുത്തു. കോട്ടയം എസ്പിയാണ് കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയത്. കന്യാസ്ത്രീയുടെ സഹോദരന്റെ പരാതിയിലാണ് കേസ്.
ബിഷപ്പിനെ ന്യായീകരിച്ച് മിഷനറീസ് ഓഫ് ജീസസ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനൊപ്പമാണ് കന്യാസ്ത്രീയുടെ പടം പുറത്തുവിട്ടത്. പരാതിക്കാരിയായ കന്യാസ്ത്രീ ബിഷപ്പിനൊപ്പം വെഞ്ചിരിക്കല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രമാണ് സന്യാസിനി സഭ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
സുപ്രീം കോടതിയും മറ്റ് വിവിധ കോടതികളും ലൈംഗിക പീഡന കേസുകളില്‍ ഇരകളെ തിരിച്ചറിയുന്ന തരത്തില്‍ ഒന്നും ചെയ്യാന്‍ പാടില്ലെന്ന് നിരവധി തവണ ആവര്‍ത്തിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീയുടെ പടം അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം പുറത്തുവിട്ടത്.
മിഷനറീസ് ഓഫ് ജീസസിന്റെ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ സിസ്റ്റര്‍ അമല എംജെ യുടെ പേരിലാണ് അന്വേഷണ റിപ്പോര്‍ട്ടും പരാതിക്കാരിയുടെ പടവും വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയത്.

Similar News