പ്രവര്‍ത്തകന്‍ കാല് കഴുകി വെള്ളം കുടിച്ചത് സ്‌നേഹം കൊണ്ടെന്ന് ബിജെപി നേതാവ്
റാഞ്ചി: പൊതുയോഗത്തിനിടെ പ്രവര്‍ത്തകന്‍ തന്റെ കാല് കഴുകി വെള്ളം കുടിച്ചതിനെ ന്യായീകരിച്ച് ബിജെപി എംഎല്‍എ. ജാര്‍ഖണ്ഡിലെ ബിജെപി എംഎല്‍എ നിഷികാന്ത് ദുബെയുടെ കാല്‍കഴുകിയ ചെളി വെള്ളം ഒരു ബിജെപി പ്രവര്‍ത്തകന്‍ കുടിച്ച വീഡിയോ പ്രചരിക്കുകയും വ്യാപക വിമര്‍ശനമുയരുകയും ചെയ്തതോടെയാണ് എംഎല്‍എ വിശദീകരണവുമായി എത്തിയത്. തന്നെ പരിഹസിക്കുന്നവര്‍ക്ക് പ്രവര്‍ത്തകര്‍ക്ക് തന്നോടുള്ള സ്‌നേഹം മനസിലാവില്ലെന്ന് ദുബെ പറഞ്ഞു.
ഞായറാഴ്ച്ച ഗൊഡ്ഡയില്‍ ഒരു പ്രചരണ റാലിക്കിടിയെയായിരുന്നു സംഭവം. ദുബെ പ്രസംഗം അവസാനിപ്പിച്ചയുടനെയാണ് ഒരു പ്രവര്‍ത്തകന്‍ പിച്ചളയുടെ പ്ലെയിറ്റും ഒരു പാത്രത്തില്‍ വെള്ളവുമായി വേദിയിലേക്കു വന്നത്. തുടര്‍ന്ന് ദുബെയുടെ കാല്‍ക്കീഴില്‍ ഇരുന്ന് കാല്‍കഴുകുകയും പ്ലെയ്റ്റിലേക്കു വീണ വെള്ളമെടുത്ത് കുടിക്കുകയുമായിരുന്നു. ഇതു കണ്ട് അണികള്‍ മുഴുവന്‍ പവന്‍ ഭായി സിന്ദാബാദ് എന്ന് ആര്‍ത്തുവിളിക്കുകയും ചെയ്തു.
ജാര്‍ഖണ്ഡില്‍ സാധാരണ അതിഥികളെ ആദരിക്കുന്ന ആചാരമാണിതെന്ന് ദുബെ പറഞ്ഞു. മഹാഭാരതത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ ചെയ്ത കാര്യത്തെ ദുബെ ഉദാഹരിക്കുകയും ചെയ്തു.
എന്നാല്‍, കോണ്‍ഗ്രസും ബിഎസ്പിയും ഇതിനെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. ബിജെപി നേതാക്കളുടെ അഹങ്കാരം അങ്ങേയറ്റമെത്തിയിരിക്കുന്നുവെന്ന് ഇരു പാര്‍ട്ടികളും ആരോപിച്ചു.
ഖേദം പ്രകടിപ്പിക്കുന്നതിന് പകരം പ്രവര്‍ത്തകന്‍ കാല്‍കഴുകി വെള്ളം കുടിക്കുന്നതിനെ ന്യായീകരിക്കുകയാണ് നരേന്ദ് മോദിയുടെ ഇഷ്ടക്കാരനായ ബിജെപി നേതാവ്. ഭഗവാന്‍ കൃഷ്ണനുമായി താരതമ്യം ചെയതതിലൂടെ ബിജെപി എംഎല്‍എ സ്വയം ദൈവിക പദവിയിലേക്ക് ഉയരുകയാണെന്നും കോണ്‍ഗ്രസും ബിഎസ്പിയും ആരോപിച്ചു.