നെയ്മറും ഫിര്‍മിനോയും കലക്കി; ബ്രസീലിന് ജയം

Update: 2018-09-08 11:15 GMT

ന്യൂ ജഴ്‌സി: സൂപ്പര്‍ താരം നെയ്മര്‍ ടീമിന്റെ സ്ഥിരം നായകനായ ശേഷമുള്ള ആദ്യ മല്‍സരത്തില്‍ ബ്രസീല്‍ യുഎസ്എയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തകര്‍ത്തു. ലിവര്‍പൂള്‍ താരം റോബര്‍ട്ടോ ഫിര്‍മിനോ ബ്രസീലിന് വേണ്ടി അക്കൗണ്ട് തുറന്നപ്പോള്‍ ബ്രസീലിന്റെ രണ്ടാം ഗോള്‍ നേടി നെയ്മര്‍ ആദ്യ ക്യാപ്റ്റന്‍സി മല്‍സരം അവിസ്മരണീയമാക്കി.
റഷ്യന്‍ ലോകകപ്പിനു ശേഷം ആദ്യമായി കളത്തിലിറങ്ങിയ ലാറ്റിനമേരിക്കന്‍ വമ്പന്മാരുടെ ടീമില്‍ നാല് പുതുമുഖ താരങ്ങള്‍ ഇന്നലെ അരങ്ങേറ്റം കുറിച്ചു. ആര്‍തര്‍, പക്വേറ്റ, എവര്‍ട്ടണ്‍, റിച്ചാര്‍ലിസണ്‍ എന്നീ താരങ്ങളാണ് ഇനി ബ്രസീല്‍ നിരയില്‍ ഉണ്ടാവുക.
ബ്രസീല്‍ ആധികാരിക പ്രകടനം പുറത്തെടുത്ത മല്‍സരത്തിന്റെ 11ാം മിനിറ്റിലാണ് ഫിര്‍മിനോയിലൂടെ ബ്രസീല്‍ മുന്നിലെത്തിയത്. ഡഗ്ലസ് കോസ്റ്റ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഫിര്‍മിനോയുടെ ഗോള്‍നേട്ടം. തുടര്‍ന്ന് 44ാം മിനിറ്റില്‍ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റന്‍ ടീമിന്റെ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. തുടര്‍ന്ന് മികച്ച ആക്രമണങ്ങള്‍ ബ്രസില്‍ മുന്നേറ്റ നിര പുറത്തെടുത്തെങ്കിലും ഫിനിഷിങിലെ പോരായ്മകള്‍ ടീമിന് വിനയാവുകയായിരുന്നു. യുഎസിനെതിരെ ബ്രസീലിന്റെ തുടര്‍ച്ചയായ പത്താം വിജയമാണിത്.ബുധനാഴ്ച ദുര്‍ബലരായ എല്‍ സാല്‍വദോറുമായാണ് ബ്രസീലിന്റെ അടുത്ത സൗഹൃദ മല്‍സരം.
ദേശീയ ജഴ്‌സിയില്‍ തന്റെ 91ാം മല്‍സരം കളിച്ച നെയ്മറിന്റെ 58ാം ഗോളായിരുന്നു ഇത്. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ നെയ്മര്‍ക്കിനി അഞ്ചു ഗോളുകള്‍ കൂടി മതി. 62 ഗോളുകളുമായി ഇതിഹാസ താരം റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്. 77 ഗോളുകളുമായി ഇതിഹാസതാരം പെലെയാണ് ഒന്നാമത്.
Tags:    

Similar News