ന്യൂഡല്‍ഹി: ഇന്ത്യാ- ജോര്‍ദാന്‍ അന്താരാഷ്ട്ര സൗഹൃദ മല്‍സരം അടുത്ത മാസം 17ന് അമ്മാനില്‍ നടക്കും. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്. കിങ് അബ്ദുല്ല അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9.30നായിരിക്കും മല്‍സരം. മല്‍സരം ഇന്ത്യന്‍ ടീമിന് വലിയ പരീക്ഷണമാണെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്്റ്റന്റൈന്‍ വ്യക്തമാക്കി.
ക്രൊയേഷ്യയെ 2-1ന് പരാജയപ്പെടുത്തിയ ജോര്‍ദാന്‍ കരുത്തുറ്റ ടീമാണ്. അവരോട് ഏറ്റുമുട്ടുക എന്നത് തീര്‍ച്ചയായും ഇന്ത്യന്‍ ടീമിന് ഗുണകരമാവുമെന്നാണ് പ്രതീക്ഷ. ജനുവരിയില്‍ അബൂദാബിയിലും ഷാര്‍ജയിലും ടീം കളിച്ചിരുന്നു. ഇവിടങ്ങളിലുള്ള അതേ കാലാവസ്ഥയുള്ള അമ്മാനില്‍ മല്‍സരിക്കുന്നതിന് ഈ രണ്ടു മല്‍സരങ്ങളുടെ അനുഭവങ്ങളും ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കോച്ച് വ്യക്തമാക്കി. അന്താരാഷ്ട്ര ഫുട്‌ബോള്‍ റാങ്ക് പട്ടികയില്‍ ജോര്‍ദാന്‍ 110ാം സ്ഥാനത്തും ഇന്ത്യ 97ാം സ്ഥാനത്തുമാണ്. ഇരുരാജ്യങ്ങളും തമ്മില്‍ ഇതാദ്യമായാണ് അന്താരാഷ്ട്ര മല്‍സരം കളിക്കാനൊരുങ്ങുന്നത്. ഈ വര്‍ഷം ആദ്യം രണ്ടു തവണ അണ്ടര്‍ 16 മല്‍സരത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.