കൊല്‍ക്കത്തയില്‍ കമ്മിഷണറുടെ വീട്ടില്‍ റെയ്ഡിനെത്തിയ അഞ്ച് സിബിഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍

Update: 2019-02-03 14:53 GMT

കൊല്‍ക്കത്ത: റെയ്ഡിനെത്തിയ അഞ്ചു സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് കൊല്‍ക്കത്തയില്‍ നാടകീയ സംഭവങ്ങള്‍. കൊല്‍ക്കത്ത പോലിസ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ വീട് പരിശോധിക്കാന്‍ എത്തിയവരെയാണ് പോലിസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. കമ്മിഷണറുടെ വീടിനുമുന്നില്‍ സിബിഐ ഉദ്യോഗസ്ഥരും പോലിസും തമ്മില്‍ ബലപ്രയോഗം നടന്നു. ഒടുവില്‍ സിബിഐ ഉദ്യോഗസ്ഥരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ ആദ്യം പാര്‍ക്ക് സ്്ട്രീറ്റ് സ്റ്റേഷനിലേക്കും പിന്നീട് ഷേക്‌സ്പിയര്‍ സരനി സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. തുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കമ്മിഷണറുടെ വീട്ടിലെത്തി. രാജീവ് കൂമാറിനെ പ്രതിരോധിച്ച് പരസ്യമായി നിലപാടെടുത്ത മമതാ പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ചു. രാജീവ് കുമാറിനെ തൊടാനുള്ള നീക്കം തടയുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. സിബിഐ ഉദ്യോഗസ്ഥരെ തങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നെന്നും തങ്ങളത് ചെയ്തിട്ടില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.

കൊല്‍ക്കത്തയിലെ സിബിഐ ഓഫിസ് ബംഗാള്‍ പോലിസ് വളഞ്ഞിട്ടുണ്ട്. സിബിഐ ജോയിന്റ് ഡയറക്ടറുടെ വീടിന് മുന്നില്‍ പോലിസെത്തിയിട്ടുണ്ട്. ശാരദ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് സിബിഐ റെയ്ഡിനെത്തിയത്.രാജീവ് കുമാര്‍ കേസില്‍ ഉള്‍പ്പെട്ടയാളാണെന്നു സിബിഐ പറയുന്നു. രണ്ടു തവണ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടെങ്കിലും കമ്മിഷണര്‍ സഹകരിച്ചില്ല. നാലു പോലിസ് ഓഫിസര്‍മാരെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് സിബിഐ കഴിഞ്ഞ വര്‍ഷം ഡിജിപിയ്ക്കു കത്ത് നല്‍കിയിരുന്നു. ഈ നാലു പേരില്‍ ഒരാളാണ് രാജീവ് കുമാര്‍. കേസില്‍ നിര്‍ണായക തെളിവ് കിട്ടാന്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യണമെന്നു നിലപാടിലാണ് സിബിഐ.

ഇന്ന് പകല്‍ രാജീവിന് പിന്തുണയുമായി മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും നല്ല ഉദ്യോഗസ്ഥനാണ് കൊല്‍ക്കത്ത പോലിസ് കമ്മീഷണറെന്നും കഴിഞ്ഞ കുറേ നാളുകള്‍ക്കിടെ ഒരു ദിവസം മാത്രമാണ് അദ്ദേഹം അവധിയിലായതെന്നും മമത ട്വീറ്റ് ചെയ്തിരുന്നു. രാജീവ് ഒളിവിലാണെന്നുള്ള ആരോപണത്തെ പ്രതിരോധിച്ചായിരുന്നു മമതയുടെ ട്വീറ്റ്. അതേസമയം, സിബിഐ അര്‍ധസൈനീക വിഭാഗത്തിന്റെ സഹായം തേടും എന്നാണ് കരുതുന്നത്



Similar News