സിപി ജലീലിൻറെ കൊലപാതകം; നാല് വർഷമായി തടവിൽ കഴിയുന്ന സഹോദരൻ സാക്ഷി!!

വർഷങ്ങളായി ഒളിവിലെന്ന് പറയപ്പെടുന്ന സിപി മൊയ്തീൻ, കഴിഞ്ഞ നാല് വർഷമായി യാർവാദ ജയിലിൽ യുഎപിഎ തടവുകാരനായ സഹോദരൻ സിപി ഇസ്മായിൽ എന്നിവരും ഈ കേസിൽ സാക്ഷികളാണെന്നത് അന്വേഷണം പ്രഹസനമാണെന്നതിന് തെളിവാണ്.

Update: 2019-06-30 06:36 GMT

കൽപ്പറ്റ: വയനാട് ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് സിപി ജലീലിൻറെ കൊലപാതകത്തെ തുടർന്നുള്ള മജിസ്റ്റീരിയൽ അന്വേഷണം പ്രഹസനമാകുന്നു. സി പി ജലീല്‍ പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തിൽ പോലിസിനെതിരേ പരാതി കോടതിയിൽ വന്നതിന് തൊട്ടുപിന്നാലെ തെളിവെടുപ്പിന് ഹാജരാകാൻ കുടുംബാംഗങ്ങളോട് നിർദേശിച്ച് ജില്ലാ കളക്ടർ നോട്ടീസ് നൽകിയിരിക്കുന്നത്. 

അന്വേഷണം എങ്ങുമെത്താത്ത സാഹചര്യം ചൂണ്ടി കാട്ടി ജലീലിൻറെ സഹോദരനും മനുഷ്യാവകാശ പ്രവർത്തകനുമായ സി.പി റഷീദ് മാധ്യമങ്ങൾ വിമർശനം ഉന്നയിക്കുകയും കൽപ്പറ്റ ജില്ലാ കോടതിയെ സമീപിച്ച് പരാതി നൽകുകയും ചെയ്തിരുന്നു. ഇത്രയും നാളായിട്ട് തൻറെ പോലും മൊഴി മജിസ്‌റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി എടുത്തിട്ടില്ല എന്ന വിമർശനത്തിൽ മുഖം നഷ്ടപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ കൂടുംബത്തെ ഒന്നടങ്കം മൊഴി നൽകാൻ കല്പറ്റ കലക്ട്രേറ്റിലേക്ക് വിളിച്ച് വരുത്തുന്നതും ഇല്ലെങ്കിൽ വാറണ്ടാക്കുമെന്ന് ഭീഷണിപ്പെട്ടത്തുന്നതും അങ്ങേയറ്റം ക്രൂരമായ നടപടിയാണ്. 

ജൂലൈ ഒന്നിന് കൽപറ്റയിൽ കളക്ടർക്ക് മുൻപാകെ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സിപി ജലീലിൻറെ ഉമ്മ അലീമ അടക്കം പതിനാല് പേരോടാണ് ഹാജരാകാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരിക്കുന്നത്. ഹാജരാകാത്ത പക്ഷം വാറണ്ട് പുറപ്പെടുവിക്കുമെന്നും ഉത്തരവിൽ പറയുന്നു. വർഷങ്ങളായി ഒളിവിലെന്ന് പറയപ്പെടുന്ന സിപി മൊയ്തീൻ, കഴിഞ്ഞ നാല് വർഷമായി യാർവാദ ജയിലിൽ യുഎപിഎ തടവുകാരനായ സഹോദരൻ സിപി ഇസ്മായിൽ എന്നിവരും ഈ കേസിൽ സാക്ഷികളാണെന്നത് അന്വേഷണം പ്രഹസനമാണെന്നതിന് തെളിവാണ്.

സഹോദരൻ സിപി റഷീദ് പറയുന്നതിങ്ങനെ,

"രണ്ട് ദിവസം മുൻപാണ് സമൻസ് മലപ്പുറം ജില്ലാ പോലിസ് മേധാവി വഴി എത്തിച്ചത്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകം നടന്ന് 100 ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യം ചൂണ്ടിക്കാട്ടി കൽപ്പറ്റ ജില്ലാ കോടതിയിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേൽ വാദം കേൾക്കുന്ന ദിവസം തന്നെ ഇത്തരത്തിൽ ഒരു തെളിവെടുപ്പ് നടത്തുന്നത് നീതി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള സർക്കാരിന്റെ പകപോക്കലാണ്. പ്രായമായ ദൂരയാത്ര പ്രയാസമായ ഉമ്മയുടെ മൊഴി രേഖപ്പെടുത്താൻ മറ്റുവഴികൾ ഉണ്ടെന്നിരിക്കെ അതൊന്നും നടപ്പിലാക്കാതെ ഈ നിലയിൽ പെരുമാറുന്നത് സത്യം പുറത്തവരാതിരിക്കാൻ ആണെന്നെ പറയുവാൻ സാധിക്കൂ. മകൻ കൊല്ലപ്പെട്ട ഒരുമ്മയോട് ഇത്തരത്തിൽ പെരുമാറുന്നത് ക്രൂരമായ നടപടിക്രമം കൂടിയാണ്". 

മാവോവാദി നേതാവ് ജലീലും സഹപ്രവർത്തകനും തണ്ടർബോൾട്ട് സേനയെ കണ്ടയുടൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നത് പോലിസ് പുറത്ത്‌വിട്ട സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ആത്മരക്ഷാർത്ഥം പോലിസിന് വെടിവയ്‌ക്കേണ്ടി വന്നുവെന്നാണ് എഫ്‌ഐആറിലും എഫ്ഐഎസിലും പറയുന്നത്. പിന്നിൽ നിന്നാണ് മുഴുവൻ വെടിയുണ്ടകളും ശരീരത്തിൽ തുളച്ചുകയറിയതെന്ന് പോസ്റ്റ്‌മോർട്ടം റിപോർട്ട് സാധൂകരിക്കുന്നുണ്ട്. പോലിസ് റിപോർട്ടുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് സിപി റഷീദ് കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് ഈ പകപോക്കൽ നടപടി എന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

2019 മാർച്ച് ആറിനാണ് വൈത്തിരിയിലെ ഉപവൻ റിസോർട്ടില്‍ നടന്ന വെടിവയ്‌പ്പിൽ മാവോവാദി നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടത്. വയനാട് ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയാണ് സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചത്. ഏറ്റുമുട്ടലുകൾ സംബന്ധിച്ച് സുപ്രീം കോടതി മാർഗനിർദേശ പ്രകാരം കൊലക്കുറ്റത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. എന്നാൽ സിആര്‍പിസി സെക്ഷൻ 176 പ്രകാരമുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. 

Tags:    

Similar News