സൈബര്‍ സെക്യൂരിറ്റി അനലിറ്റിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്; നൂതന കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരമൊരുക്കി നോര്‍ക്ക റൂട്ട്‌സ്
തിരുവനന്തപുരം: സംസ്ഥാനത്തെ യുവതലമുറയുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഏറെ തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ സകോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരമൊരുക്കി നോര്‍ക്ക റൂട്ട്‌സ്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഐസിറ്റി അക്കാദമി ഓഫ് കേരളയുമായി സഹകരിച്ചാണ് നോര്‍ക്ക റൂട്ട്‌സ് നൂതന കോഴ്‌സുകള്‍ യുവതലമുറയ്ക്ക് പഠിക്കാന്‍ അവസരമൊരുക്കുന്നത്. വിദേശ രാജ്യങ്ങളിലും കേരളത്തിന് പുറത്തും തൊഴില്‍ തേടുന്ന യുവതീയുവാക്കള്‍ക്ക് മികച്ച കരിയര്‍ കണ്ടെത്താന്‍ സഹായിക്കുന്ന ആറ് കോഴ്‌സുകളാണ് നോര്‍ക്ക റൂട്ട്‌സിന്റെ 75 ശതമാനം സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ ഇപ്പോള്‍ അവസരമൊരുങ്ങുന്നത്. ഇന്‍ഡസ്ട്രിയില്‍ ഏറെ ഡിമാന്‍ഡുള്ള റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്റ്, സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നത്.
കോഴ്‌സുകള്‍ എല്ലാം ഓണ്‍ലൈനായതിനാല്‍ വീട്ടിലിരുന്ന് തന്നെ തൊഴില്‍സാധ്യതയുള്ള കോഴ്‌സുകള്‍ പഠിച്ചുകൊണ്ട് മികച്ച കരിയര്‍ നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്കാകുമെന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. നൂതന കോഴ്‌സുകള്‍ പഠിക്കാന്‍ താത്പര്യമുള്ള വര്‍ക്കിങ് പ്രഫഷനലുകള്‍ക്കും പങ്കെടുക്കാനുള്ള സൗകര്യാര്‍ത്ഥം സായാഹ്ന ക്ലാസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോകുന്നവര്‍ക്ക് വേണ്ടി റെക്കോഡഡ് വിഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസില്‍ കൊവിഡ് പ്രതിസന്ധിക്കിടയില്‍ പഠനച്ചെലവിന് പണമില്ലെന്ന കാരണത്താല്‍ പുതുതലമുറ കോഴ്‌സുകളുടെ നേട്ടം മലയാളികള്‍ക്ക് നഷ്ടപ്പെടാതിരിക്കാനാണ് നോര്‍ക്ക സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്രമുഖ കമ്പനിയായ ടിസിഎസ് അയോണില്‍ 125 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പും ലഭിക്കുമെന്നതും ഐസിറ്റി അക്കാദമി ഓഫ് കേരളയുമായി സഹകരിച്ച് നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന കോഴ്‌സിന്റെ പ്രത്യേകതയാണ്. കൂടാത, ലിങ്ക്ഡ് ഇന്‍ ലേണിങ്ങിലെ 14000 ഓളം കോഴ്‌സുകള്‍ പഠിക്കാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യശേഷി ആര്‍ജ്ജിക്കാന്‍ കഴിയും.
പ്ലേസ്‌മെന്റ് അസിസ്റ്റന്റ്, ഐഇഎല്‍റ്റിഎസ് അടിസ്ഥാന പരിശീലനം, ക്രോസ് കള്‍ച്ചര്‍ പരിശീലനം തുടങ്ങിയവയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായി ലഭിക്കും.നികുതി കൂടാതെ, 19700 രൂപയാണ് ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളുടെ ഫീ. അപേക്ഷകര്‍ 45 വയസിന് താഴെയുള്ളവരായിരിക്കണം. അപേക്ഷകള്‍ സെപ്റ്റംബര്‍ 20 വരെ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 25 നാണ് പ്രവേശന പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് 7594051437,www.ictkerala.org.
1. ഫുള്‍സ്റ്റാക് ഡെവലപ്പ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
ഒരു വെബ് ആപ്ലിക്കേഷന്റെ ഫ്രണ്ട് എന്‍ഡും ബാക്ക് എന്‍ഡും സമര്‍ഥമായി വികസിപ്പിച്ചെടുക്കാന്‍ കഴിവുള്ളവരെയാണ് ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ എന്ന് വിളിക്കുന്നത്. ഫ്രണ്ട് എന്‍ഡ് ഡെവലപ്പറെയും ബാക്ക് എന്‍ഡ് ഡെവലപ്പറെയും പോലെ നിശ്ചിതമായ ജോലികളില്‍ മാത്രം ഒതുങ്ങാതെ ഒരു വെബ് ആപ്ലിക്കേഷന്‍ പൂര്‍ണമായും ഡിസൈന്‍ ചെയ്യാനും വികസിപ്പിച്ചെടുക്കാനും കഴിവുള്ളവരാണ് ഫുള്‍ സ്റ്റാക്ക് ഡെവലപ്പേഴ്‌സ്.
ഈ മേഖലയിലെ ബാലപാഠങ്ങള്‍ മനസ്സിലാക്കി, സ്വന്തമായി ഒരു കരിയര്‍ കെട്ടിപ്പടുക്കാന്‍ ഐ.സി.ടി അക്കാദമിയുടെ കോഴ്‌സു വഴി സാധിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടിസിഎസ് അയോണില്‍ ഇന്റണ്‍ഷിപ്പും ലഭിക്കും. കൂടാതെ ലിങ്ക്ഡ് ഇന്‍ ലേണിങ്ങിലെ 14000 ഓളം കോഴ്‌സുകള്‍ പഠിക്കാനുള്ള സൗകര്യവും ലഭിക്കും. ഏതെങ്കിലും എന്‍ജിനീയറിങ്, സയന്‍സ് വിഷയങ്ങളില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീനികുതി കൂടാതെ 19700 രൂപ. 140 സീറ്റുകളിലേക്കാണ് പ്രവേശനം.
2. ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ് സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ്
ലോകത്തെ ഏറ്റവും വിലപ്പെട്ട വസ്തുവായി ഡാറ്റാ മാറുന്ന കാലത്ത് അതിന്റെ പിന്നിലെ ശാസ്ത്രം പഠിക്കുന്നത് വലിയ സാധ്യതകളാണ് നമുക്ക് മുന്നില്‍ തുറക്കുക. ഇത്തരമൊരു കോഴ്‌സ് വീട്ടിലിരുന്ന് തന്നെ പഠിക്കാനുള്ള അവസരമൊരുക്കുകയാണ് ഐ.സി.ടി അക്കാദമി. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും പ്രഫഷനല്‍സിനും അനുയോജ്യമായ കോഴ്‌സാണിത്. ആറുമാസമാണ് കോഴ്‌സ് കാലാവധി. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ടിസിഎസ് അയോണില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരം ലഭിക്കും. കൂടാതെ ലിങ്ക്ഡ് ഇന്‍ ലേണിങ് കോഴ്‌സുകളിലേക്ക് സൗജന്യ പ്രവേശനവും ലഭിക്കും.ഏതെങ്കിലും എന്‍ജിനീയറിങ്, സയന്‍സ് വിഷയങ്ങളില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീ 19700 പ്ലസ് ജിഎസ്റ്റി. പ്രവേശനം 140 സീറ്റുകളിലേക്ക്.
3. റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍
മാറിയ കാലഘട്ടത്തില്‍ ഇന്ത്യയിലും വിദേശത്തും ഒട്ടനവധി തൊഴില്‍ സാധ്യത ഒരുക്കുന്ന നൂതന കോഴ്‌സാണ് റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍. ആവര്‍ത്തന സ്വഭാവമുള്ള ഓഫിസ് ജോലികള്‍ വളരെ കൃത്യമായി പഠിച്ച് അതിവേഗത്തിലും കൃത്യതയോടെയും സോഫ്റ്റ് വെയര്‍ ബോട്ടുകള്‍ ചെയ്യുന്നതിനെയാണ് റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍ എന്നു വിളിക്കുന്നത്. ബാങ്കിങ് ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ ഇന്ന് ആര്‍പിഎ വിദഗ്ദ്ധരുടെ ആവശ്യകത വര്‍ദ്ധിച്ചുവരികയാണ്. ഈ മേഖലയില്‍ പ്രാവീണ്യം നേടുന്നതോടെ മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. ആറുമാസം നീണ്ടു നില്‍ക്കുന്ന കോഴ്‌സില്‍ 70 പേര്‍ക്കാണ് പ്രവേശനം.സയന്‍സ്/ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീ നികുതി കൂടാതെ 19700 രൂപയാണ്.
4. സൈബര്‍ സെക്യൂരിറ്റി അനലിറ്റിക്‌സ്
സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന ഈ കാലത്ത് സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റിന്റെ പ്രാധാന്യം ഏറെയാണ്. സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് ഡാറ്റകള്‍ക്കും കംപ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുകയാണ് ഇവരുടെ ജോലി. കൂടാത,ഹാക്കിങ്, മാല്‍വേര്‍, ഫിഷിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സുകളിലുള്ള ആക്രമണങ്ങള്‍, ഡേറ്റ ബ്രീചെസ്, സ്‌പൈയിങ് എന്നിവ പ്രതിരോധിക്കുന്നതും ഇവരുടെ ജോലിയാണ്. ഐറ്റി കാലഘട്ടത്തില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മികച്ച കഴിവ് നേടുന്നതിന് ഈ കോഴ്‌സ് പ്രയോജനപ്പെടും. ആറുമാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. പ്രവേശനം 140 പേര്‍ക്ക്. ഏതെങ്കിലും സയന്‍സ് വിഷയത്തിലോ എന്‍ജിനീയറിങ്ങിലോ ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീനികുതി കൂടാതെ 19700 രൂപ. പഠന ശേഷം ടിസിഎസ് അയോണില്‍ ഇന്റേണ്‍ഷിപ്പും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുമെന്നതും കോഴ്‌സിന്റെ പ്രത്യേകതയാണ്.
5.ഡിജിറ്റല്‍ മാര്‍ക്കറ്റിങ്
കൊവിഡ് കാലത്ത് ഏറെ കേട്ടുപരിചയപ്പെട്ട വാക്കാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. ലോക്ഡൗണ്‍ കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയപ്പോള്‍ ബിസിനസ് ഓണ്‍ലൈനിലേക്ക് മാറ്റിയ ഒട്ടനവധിപ്പേര്‍ നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് മുതല്‍ വന്‍കിട ബിസിനസ് സംരംഭകര്‍ക്ക് വരെ തങ്ങളുടെ ബിസിനസ് ഓണ്‍ലൈനിലേക്ക് മാറ്റുന്നതിനും അതിലൂടെ ബിസിനസ് വളര്‍ത്തുന്നതിനും സഹായിക്കുന്നവരാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിദഗ്ദ്ധര്‍. എല്ലാം ഓണ്‍ലൈനില്‍ ആയ ആധുനിക കാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗം ഒരുക്കുന്നത് ഒട്ടനവധി തൊഴില്‍ അവസരങ്ങളാണ്. ഈ മേഖലയില്‍ കഴിവുള്ളവര്‍ക്ക് ഇപ്പോള്‍ വന്‍ ഡിമാന്‍ഡാണ് വിപണിയില്‍. അതിനാല്‍ തന്നെ തൊഴില്‍ പ്രതിസന്ധി നേരിടുന്ന യുവാക്കള്‍ക്് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സിലൂടെ മികച്ച കരിയര്‍ സൃഷ്ട്ടിച്ചെടുക്കാന്‍ സാധിക്കും. പ്രവേശന പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്നവര്‍ക്ക് 75 ശതമാനം സ്‌കോളര്‍ഷിപ്പും പഠന ശേഷം ഇന്റേണ്‍ഷിപ്പും ലഭിക്കും. ആറു മാസം നീണ്ടു നില്‍ക്കുന്ന കോഴ്‌സിലേക്ക് 70 പേര്‍ക്കാണ് പ്രവേശനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഫീനികുതി കൂടാതെ 19700 രൂപ.
6. സോഫ്റ്റ് വെയര്‍ ടെസ്റ്റിങ് കോഴ്്സ്
സോഫ്റ്റ് വെയര്‍ ടെസ്റ്റിങ് ക്ലയന്റിന്റെ ആവശ്യപ്രകാരമുള്ള ഗുണനിലവാരം സോഫ്റ്റ് വെയറിന് ഉറപ്പുവരുത്തുന്നതിനെയാണ് സോഫ്റ്റ് വെയര്‍ ടെസ്റ്റിങ് എന്ന് വിളിക്കുന്നത്. കംപ്യൂട്ടര്‍ യുഗത്തില്‍ മികച്ച പരിശീലനം ലഭിച്ച സോഫ്റ്റ് വെയര്‍ ടെസ്റ്റര്‍ക്ക് വന്‍ ഡിമാന്‍ഡാണ് ഇന്‍ഡസ്ട്രിയില്‍. ഓരോ ദിനവും ഇവരുടെ ആവശ്യകത വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കാക്കിയാല്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കോഴ്‌സ് ഏറെ ഗുണം ചെയ്യും. തുടക്കത്തില്‍ ടെസ്റ്റ് എന്‍ജിനീയറായി കരിയര്‍ ആരംഭിക്കുന്ന ഒരാള്‍ക്ക് പിന്നീട് സീനിയര്‍ ടെസ്റ്റ് എന്‍ജീനീയര്‍, ടെസ്റ്റ് മാനേജര്‍ തുടങ്ങിയ തലങ്ങളിലേക്ക് ഉയരാന്‍ കഴിയും. സോഫ്റ്റ് വെയര്‍ ടെസ്റ്റിങ്ങിന്റെ ആവശ്യകത, വിവിധ ടെസ്റ്റിങ് രീതികള്‍, ടൂള്‍സ് തുടങ്ങിയവയാണ് ഈ കോഴ്‌സിലൂടെ പഠിപ്പിക്കുന്നത്. ആറു മാസമാണ് കോഴ്‌സ് കാലയളവ്. പഠന ശേഷം ടിസിഎസ് അയോണില്‍ 125 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പുണ്ടായിരിക്കും. 70 സീറ്റുകളിലേക്കാണ് പ്രവേശനം. സയന്‍സ്/ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീ19700 പ്ലസ് ജിഎസ്ടി.
പ്രവേശനം എങ്ങനെ നേടാം
ആറു മാസം ദൈര്‍ഘ്യമുള്ള എല്ലാ കോഴ്‌സുകളിലേക്കും അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനം ലഭിക്കുക. ന്യൂമറിക്കല്‍ എബിലിറ്റി, വെര്‍ബല്‍ എബിലിറ്റി, ലോജിക്കല്‍ റീസണ്‍, ഡാറ്റാ ഇന്റര്‍പ്രെട്ടേഷന്‍, ഇന്റര്‍നാഷനല്‍ അഫയര്‍, തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും പരീക്ഷ. ഒരു മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല. സെപ്റ്റംബര്‍ 25 ന് ഓണ്‍ലൈന്‍ മുഖേനെ നടത്തുന്ന പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 75 ശതമാനം സ്‌കോളര്‍ഷിപ്പോട് കൂടി പുതുതലമുറ കോഴ്‌സുകള്‍ പഠിക്കാം. പരീക്ഷയുടെ നടപടി ക്രമങ്ങളും സമയവും സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് ലഭിക്കും.