പോണ്ടിച്ചേരി സര്‍വകലാശാല മാഹി കേന്ദ്രത്തില്‍ ബി വോക് & എം വോക് തൊഴിലധിഷ്ഠിത ബിരുദപഠനം

Update: 2022-08-26 15:37 GMT

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി കേന്ദ്രത്തില്‍ എം വോക് ഫാഷന്‍ ടെക്‌നോളജി, ബി വോക് ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍ & സെക്രട്ടേറിയല്‍ അസിസ്റ്റന്‍സ് കോഴ്‌സുകള്‍ക്ക് തുടക്കം. പ്ലസ്ടു കഴിഞ്ഞവര്‍ക്കായി നൈപുണ്യ വികസനവും, സംരംഭകത്വ പരിശീലനവും ബിരുദപഠനത്തില്‍ സംയോജിപ്പിച്ച് 2014ല്‍ യുജിസി ആവിഷ്‌കരിച്ച പുതുതലമുറ തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്‌സുകളാണ്, ബി വോക്, അഥവാ ബാച്ച്‌ലര്‍ ഓഫ് വൊക്കേഷന്‍ (B.voc / Bachelor of Vocation).

പ്രാക്ടിക്കല്‍ പഠനത്തിന് മുന്‍തൂക്കം നല്‍കി വിവിധ തൊഴില്‍ മേഖലകള്‍ക്കാവശ്യമായ മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കുക എന്നതാണ് B.voc കോഴ്‌സുകളുടെ ലക്ഷ്യം. വിവിധ വ്യവസായ സംരംഭങ്ങളുമായി സഹകരിച്ച് ഓരോ തൊഴില്‍ മേഖലകള്‍ക്കും ആവശ്യമായ പ്രായോഗിക പരിജ്ഞാനം പഠനകാലത്തുതന്നെ സ്വായത്തമാക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയും ഏത് ജോലിയാണോ ഒരു വിദ്യാര്‍ഥി ആഗ്രഹിക്കുന്നത് ആ തൊഴിലിന് വേണ്ട എല്ലാ നൈപുണ്യങ്ങളും പ്രായോഗിക തലത്തില്‍ പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് B.voc കോഴ്‌സുകളുടെ സവിശേഷത.

പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയുടെ മാഹി കേന്ദ്രത്തില്‍ വിവിധ B.voc കോഴ്‌സുകള്‍ ഇതിനകം നടത്തിവരുന്നുണ്ട്. ജേര്‍ണലിസം, ഫാഷന്‍ ടെക്‌നോളജി, ടൂറിസം, റേഡിയോഗ്രാഫി തുടങ്ങിയ വിഷയങ്ങളിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. ഇക്കുറി ഫാഷന്‍ ടെക്‌നോളജിയിലെ ബിരുദാനന്തര ബിരുദ കോഴ്‌സായ എം വോക് ഫാഷന്‍ ടെക്‌നോളജി, ബിരുദ കോഴ്‌സായ ബിവോക് ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍ & സെക്രട്ടേറിയല്‍ അസിസ്റ്റന്‍സ് എന്നീ കോഴ്‌സുകള്‍ പുതുതായി ആരംഭിച്ചിരിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് എംവോക് കോഴ്‌സിന് ചേരാവുന്നതാണ്. പ്ലസ്ടുവാണ് ബി.വോക് ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍ & സെക്രട്ടേറിയല്‍ അസിസ്റ്റന്‍സ് കോഴ്‌സിന്റെ യോഗ്യത.

ഇന്ത്യയില്‍ ഏകദേശം 50 ലക്ഷത്തിനു മുകളില്‍ ബിരുദധാരികള്‍ ഓരോ വര്‍ഷവും പുതുതായി പഠിച്ചിറങ്ങുന്നുവെന്നാണ് കണക്കുകള്‍. ഇതില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് മികച്ച തൊഴില്‍ നൈപുണ്യമുള്ളവരായി പുറത്തിറങ്ങുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ നമ്മുടെ സമൂഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായിട്ടുള്ള കോഴ്‌സുകളുടെ അഭാവമാണ് ഒരു പരിധിവരെ ഇത്തരം സാഹചര്യങ്ങള്‍ക്ക് കാരണം, ഇവിടെയാണ് B.voc പോലുള്ള തൊഴിലധിഷ്ഠിത ബിരുദപഠനങ്ങളുടെ പ്രസക്തി.

BA, B.com, BBA, BSc. തുടങ്ങി മറ്റ് എല്ലാ ഡിഗ്രി കോഴ്‌സുകളും പോലെ തന്നെ യുജിസിയുടെ റഗുലര്‍ ഡിഗ്രി കോഴ്‌സുകളാണ് B.voc ബിരുദവും. സിവില്‍ സര്‍വീസ്, SSC തുടങ്ങി ബിരുദം യോഗ്യതയായി ഇന്ത്യയില്‍ നടത്തപ്പെടുന്ന എല്ലാ മല്‍സരപരീക്ഷകളിലും തൊഴില്‍ മേഖലകളിലും B.voc കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാവുന്നതാണ്.

മറ്റു ഡിഗ്രി കോഴ്‌സുകളില്‍ നിന്ന് B.voc നെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍

1) 60% പ്രാക്ടിക്കലും 40% തിയറിയും എന്ന രീതിയില്‍ ക്രമീകരിച്ച സിലബസാണ് ബിവോക്കിനുള്ളത്.

ആകെ 180 ക്രെഡിറ്റില്‍ 108 ക്രെഡിറ്റ് പ്രാക്ടിക്കല്‍ അഥവാ സ്‌കില്‍ കോംപോണേന്റായും 72 ക്രഡിറ് തിയറി അഥവാ ജനറല്‍ എജ്യൂക്കേഷന്‍ കോംപോണേന്റായും ക്രമീകരിച്ചിരിക്കുന്നു. മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള B.voc കോഴ്‌സ് പൂര്‍ത്തീകരിക്കുമ്പോള്‍ NSQF lÃl 7 നല്‍കുന്ന B.voc ഡിഗ്രിയും, ഒന്നാം വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ NSQF lÃl 5 നല്‍കുന്ന ഡിപ്ലോമ യോഗ്യതയും, രണ്ടാം വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ NSQF lÃl 6 നല്‍കുന്ന അഡ്വാന്‍സ് ഡിപ്ലോമ യോഗ്യതയും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നു.

2) ഏതെങ്കിലും കാരണത്താല്‍ ഒന്ന്, രണ്ട് വര്‍ഷങ്ങളില്‍ പഠനം നിര്‍ത്തേണ്ടിവന്നാല്‍, ഡിപ്ലോമ, അഡ്വാന്‍സ് ഡിപ്ലോമ എന്നീ യോഗ്യതകള്‍ ലഭിക്കും എന്നത് B.voc ന്റെ മാത്രം പ്രത്യേകതയാണ്. പഠനം ഏതെങ്കിലും കാരണവശാല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നാലും, NSQF lÃl 5, 6 മാനദണ്ഡം അനുസരിച്ചുള്ള യോഗ്യതകള്‍ കൈവശം വന്നുചേരുമെന്ന് ചുരുക്കും. അതുപോലെ സൗകര്യപ്രദമായ സമയത്ത് പഠനം തുടരാനും ഡിഗ്രി പഠനം പൂര്‍ത്തീകരിച്ച് B.voc നേടുവാനുമുള്ള അവസരം നല്‍കുന്നു എന്നതും ശ്രദ്ധേയമാണ്.

3) B.voc ഡിഗ്രിയുടെ 40% തിയറി ഭാഗം യൂനിവേഴ്‌സിറ്റി നേരിട്ടും 60% പ്രാക്ടിക്കല്‍ ഭാഗം നാഷനല്‍ ഒക്ക്യുപേഷനല്‍ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ബന്ധപ്പെട്ട സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടാണ് തയ്യാറാക്കുന്നത്. പ്രാക്ടിക്കല്‍ പരിശീലനത്തിനോടൊപ്പം അതാത് മേഖലകളിലെ വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പ്രാവീണ്യവും ഇന്റേണ്‍ഷിപ്പ് അവസരവും നല്‍കുന്നു. B.voc കോഴ്‌സിന്റെ മാത്രം പ്രത്യേകതയാണിത്. ഇന്റേണ്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് കഴിയുന്നതോടൊപ്പം തന്നെ ജോലിയില്‍ പ്രവേശിക്കാനുള്ള അവസരവും ലഭിക്കും.

4) ഉന്നതപഠനത്തിനായി MBA, MCA പോലുള്ള സാധാരണ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രികള്‍ക്ക് പുറമേ M.Voc ബിരുദാനന്തര ബിരുദ പഠനസാധ്യതയും ബിവോക് ബാക്കിയാക്കുന്നു.

5) മാറുന്ന തൊഴില്‍ മേഖലകള്‍ക്ക് അനുസൃതമായ കോഴ്‌സുകളാണ് B.voc ലൂടെ നടപ്പാക്കുന്നത്. വരും കാലങ്ങളില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാവുന്ന പാരാമെഡിക്കല്‍, ഹെല്‍ത്ത് കെയര്‍ മേഖലകളിലും B.voc പഠനത്തിന്റെ സാധ്യത ഏറെയാണ്. 2030 ആവുമ്പോഴേക്കും പാരാമെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ 1.5 മില്യന്‍ തൊഴിലവസരങ്ങള്‍ വരുമെന്നതും ഈ മേഖലയിലെ B.voc കോഴ്‌സുകളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

2014 ല്‍ 550 ഓളം വിദ്യാര്‍ഥികളുമായി ആരംഭിച്ച B.voc കോഴ്‌സുകളില്‍ 2022 അധ്യയന വര്‍ഷമാവുമ്പോഴേക്ക് 35,000 ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നു എന്നത് ബിവോക് കോഴ്‌സുകളുടെ പ്രാധാന്യം സൂചിപ്പിക്കുന്നു. അഭിരുചികള്‍ക്കനുസരിച്ച് മികച്ച B.voc കോഴ്‌സുകള്‍ തിരഞ്ഞെടുത്ത് നാടിന്റെ വികസനക്കുതിപ്പിന് സംഭാവന ചെയ്യുന്ന വിദഗ്ധ തൊഴില്‍ ശക്തിയുടെ ഭാഗമാവാം. ഉയര്‍ന്ന ജീവിത വിജയം നേടാം.

Tags:    

Similar News