സിഎഎ വിരുദ്ധ സമര വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കാന്‍ നീക്കം
രാജ്യവ്യാപകമായി സിഎഎയ്‌ക്കെതിരേ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിവിട്ട പ്രക്ഷോഭങ്ങള്‍ പോണ്ടിച്ചേരി സര്‍വകലാശാലയിലും ശക്തമായിരുന്നു
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കാന്‍ പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാല അധികൃതരുടെ നീക്കം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പ്രതിഷേധത്തിനൊടുവില്‍ വാഴ്‌സിറ്റി അധികൃതര്‍ പിന്‍വലിച്ചു. കഴിഞ്ഞ ദിവസമാണ് പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. 70 ശതമാനം ഹാജരില്ലാത്തവര്‍ക്കും കഴിഞ്ഞ സെമസ്റ്ററില്‍ പ്രതിഷേധസമരങ്ങളില്‍ പങ്കെടുത്തവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ലെന്നായിരുന്നു സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ കഴിഞ്ഞ സെമസറ്ററില്‍ ഫീസ് വര്‍ധനവിനും പൗരത്വ ഭേദഗതി നിയമത്തിനുമെതിരേയായിരുന്നു സമരം നടന്നിരുന്നത്. മികച്ച പഠനനിലവാരം പുലര്‍ത്തുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
രാജ്യവ്യാപകമായി സിഎഎയ്‌ക്കെതിരേ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിവിട്ട പ്രക്ഷോഭങ്ങള്‍ പോണ്ടിച്ചേരി സര്‍വകലാശാലയിലും ശക്തമായിരുന്നു. ഫീസ് വര്‍ധനവിനെതിരേ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ വാഴ്‌സിറ്റി അധികൃതര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതും വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇപ്പോള്‍ സ്‌കോളര്‍ഷിപ്പ് നിഷേധിച്ച് വിദ്യാര്‍ഥികളോട് പകവീട്ടാനാണു അധികൃതരുടെ നീക്കമെന്ന് വിമര്‍ശനം ഉയര്‍ന്നതോടെ സര്‍ക്കുലര്‍ പിന്‍വലിക്കുകയായിരുന്നു.