ശാസ്ത്രവിഷയങ്ങളില്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി പഠനത്തിന് 'നെസ്റ്റ്'; സയന്‍സ് സ്ട്രീം പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം
ശാസ്ത്രവിഷയങ്ങളെ ഗൗരവമായി സമീപിക്കുന്ന വിദ്യാര്‍ഥികള്‍ ബിരുദ തലത്തില്‍ പഠനം അവസാനിപ്പിക്കാന്‍ തയ്യാറാവില്ല. ബിരുദാനന്തരബിരുദവും ഗവേഷണബിരുദവും നേടുന്നതിലൂടെ മാത്രമേ ഈ വിഷയങ്ങളുടെ പഠനം പൂര്‍ണതയിലെത്തൂ. ഉപരിപഠനത്തിന് തയ്യാറെടുക്കുമ്പോഴാവട്ടെ പഠിക്കുന്ന സ്ഥാപനത്തിന്റെ നിലവാരം ഉറപ്പുവരുത്തുകയും വേണം. ന്യൂജെന്‍ കോഴ്‌സുകളില്‍ ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
അതത് വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനമാണ് ഇന്റഗ്രേറ്റഡ് കോഴ്‌സുകളില്‍ നടക്കുന്നത്. അതിനാല്‍തന്നെ ഗവേഷണ മേഖലകളില്‍ അഭിരുചിയുള്ളവര്‍ക്കായിരിക്കും ഇത്തരം കോഴ്‌സുകള്‍ ഏറെ യോജിക്കുക. കോഴ്‌സും ഗവേഷണ പ്രവര്‍ത്തനങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ഥികള്‍ ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ബിരുദം നേടുന്നു. അടിസ്ഥാനപരവും പ്രായോഗികവുമായ ശാസ്ത്രങ്ങളുടെ സമ്പൂര്‍ണ സംയോജനമായാണ് കോഴ്‌സ് പാഠ്യപദ്ധതി വികസിപ്പിച്ചിരിക്കുന്നത്.
എല്ലാ വിദ്യാര്‍ഥികളും അവരുടെ അക്കാദമിക് പാഠ്യപദ്ധതിയുടെ സജീവ ഘടകമായി ഗവേഷണ പ്രോജക്ട് ജോലികള്‍ ഏറ്റെടുക്കുന്നു. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് എംഎസ്‌സി പഠനത്തിന് അവസരമൊരുക്കുന്ന നാഷനല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റിന് (നെസ്റ്റ്) അപേക്ഷ ക്ഷണിച്ചു. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, മാത്‌സ് എന്നീ വിഷയങ്ങളിലാണ് പഠനം. മെയ് 18 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.
പ്രവേശനം ലഭിക്കുന്നവര്‍ക്ക് 60,000 രൂപ വാര്‍ഷിക സ്‌കോളര്‍ഷിപ്പ്
കേന്ദ്ര ആറ്റമിക് എനര്‍ജി വകുപ്പിന്റെ കീഴിലുള്ള ഭുവനേശ്വറിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ & റിസര്‍ച്ച് (നൈസര്‍ www.niser.ac.in); മുംബൈ യൂനിവേഴ്‌സിറ്റി ഓഫ് മുംബൈ- ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആറ്റമിക് എനര്‍ജി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സ് (യുഎംഡിഎഇ- സിഇബിഎസ് www.cbs.ac.in) എന്നീ സ്ഥാപനങ്ങളിലാണ് നെസ്റ്റിലൂടെ പഠനാവസരങ്ങള്‍ ലഭിക്കുക.
നൈസറില്‍ 200 സീറ്റും യുഎംഡിഎഇസിഇ ബിഎസില്‍ 57 സീറ്റുമാണുള്ളത്. രണ്ട് സ്ഥാപനങ്ങളിലും ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാം (5 വര്‍ഷം) ലഭ്യമാണ്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് 60,000 രൂപ വാര്‍ഷിക സ്‌കോളര്‍ഷിപ്പും സമ്മര്‍ ഇന്റന്‍ഷിപ്പിന് വാര്‍ഷിക ഗ്രാന്റായി 20,000 രൂപയും ലഭിക്കും. ഡിഎസ്ടി ഇന്‍സ്‌പെയര്‍ ഷീ/ഡിഎന്‍ഇ ദിശ പദ്ധതികളില്‍ ഒന്ന് വഴിയാണ് പ്രതിവര്‍ഷം 60,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
സയന്‍സ് സ്ട്രീമില്‍ പ്ലസ്ടു പഠിച്ച് മൊത്തത്തില്‍ 60% മാര്‍ക്ക് (പട്ടിക/ ഭിന്നശേഷിക്കാര്‍ക്ക് 55%) നേടി, 2020ലോ 2021 ലോ പ്ലസ്ടു /തത്തുല്യ പരീക്ഷ ജയിച്ചവര്‍, 2022ല്‍ പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2022 ആഗസ്ത് ഒന്നിനോ ശേഷമോ ജനിച്ചതായിരിക്കണം. പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവുണ്ട്.
പരീക്ഷ ജൂണ്‍ 18ന്
നെസ്റ്റ് 2022 ഓണ്‍ലൈന്‍/ കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ ജൂണ്‍ 18ന് രണ്ട് സെഷനിലായി (രാവിലെ ഒമ്പത് മുതല്‍ 12.30 വരെ/ ഉച്ചയ്ക്ക് 2.30 മുതല്‍ ആറു വരെ) നടത്തും. ഒരു പരീക്ഷാര്‍ഥി ഒരു സെഷനില്‍ പരീക്ഷ എഴുതിയാല്‍ മതി. പരീക്ഷയ്ക്ക് ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ നിന്ന് 50 മാര്‍ക്ക് വീതമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാവും.
ഈ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്കു നേടുന്ന മൂന്ന് വിഷയങ്ങളുടെ സ്‌കോര്‍ പരിഗണിച്ച്, രണ്ട് സ്ഥാപനങ്ങള്‍ക്കും, പ്രൊസ്‌പെക്ടസ് വ്യവസ്ഥകള്‍ പ്രകാരം പ്രത്യേകം റാങ്ക് പട്ടികകള്‍ തയ്യാറാക്കും. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ www.nestexam.in ല്‍ ഉണ്ട്. ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍, സിലബസ് എന്നിവയും ഈ സൈറ്റില്‍ ലഭിക്കും. കേരളത്തില്‍ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
ഓണ്‍ലൈനായി അപേക്ഷിക്കണം; അവസാന തിയ്യതി മെയ് 18
ഓണ്‍ലൈനായി www.nestexam.in വഴി അപേക്ഷ മെയ് 18ന് അര്‍ധരാത്രിവരെ നല്‍കാം. ആണ്‍കുട്ടികള്‍ക്ക് അപേക്ഷാഫീസ് 1200 രൂപ. പെണ്‍കുട്ടികള്‍, പട്ടിക/ ഭിന്നശേഷി വിഭാഗക്കാര്‍ എന്നിവര്‍ക്ക് 600 രൂപ. നെറ്റ് ബാങ്കിങ്. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വഴി അടയ്ക്കാം. അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 6 മുതല്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
പരീക്ഷയുടെ ഫലം ജൂലൈ അഞ്ചിന് പ്രതീക്ഷിക്കാം. രണ്ട് സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത കട്ട് ഓഫ് മാര്‍ക്ക് നേടി കോഴ്‌സ് ജയിച്ച്, മികവ് തെളിയിക്കുന്നവര്‍ക്ക്, ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്) ട്രെയ്‌നിങ് സ്‌കൂള്‍ പ്രവേശനത്തിന് നേരിട്ട് ഹാജരാവാന്‍ അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nestexam.in സന്ദര്‍ശിക്കുക.