2017ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
പ്രഫ.ആര്‍ വി ജി മേനോന്‍ അധ്യക്ഷനായ പുരസ്‌കാര നിര്‍ണയ സമിതിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.
തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2017ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവല്‍കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് പുരസ്‌കാരം. ജനപ്രിയ ശാസ്ത്ര സാഹിത്യം, ബാല ശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്രപ്രവര്‍ത്തനം, ശാസ്ത്ര ഗ്രന്ഥവിവര്‍ത്തനം (മലയാളം) എന്നീ വിഭാഗങ്ങളിലായി 2017ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കാണ് 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം.
ബാലശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് പ്രദീപ് കണ്ണങ്കോട് അര്‍ഹനായി. അദ്ദേഹത്തിന്റെ 'അമ്മുമ്മത്താടി' എന്ന എന്ന കൃതിക്കാണ് പുരസ്‌കാരം. കൊല്ലം അഞ്ചല്‍ കണ്ണങ്കോട് സ്വദേശിയാണ്. ലോഗോസ് ബുക്ക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ഡോ.കെ ബാബു ജോസഫ് അര്‍ഹനായി. 'പദാര്‍ത്ഥം മുതല്‍ ദൈവകണം വരെ' എന്ന കൃതിക്കാണ് പുരസ്‌കാരം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറാണ്. ഡിസി ബുക്ക്സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരത്തിന് ചെറുകര സണ്ണി ലൂക്കോസ് അര്‍ഹനായി. കേരള ശബ്ദം വാരികയില്‍ പ്രസിദ്ധീകരിച്ച 'രോഗങ്ങളാല്‍ തളരുന്ന കുട്ടനാടന്‍ ഗ്രാമങ്ങള്‍' എന്ന ലേഖനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. കോട്ടയം കോടിമത സ്വദേശിയാണ്. ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനത്തിനുള്ള പുരസ്‌കാരത്തിന് പി പി കെ പൊതുവാള്‍ അര്‍ഹനായി. സിഗ്മണ്ട് ഫ്രോയിഡ് രചിച്ച 'ദി ഇന്റര്‍പ്രറ്റേഷന്‍ ഓഫ് ഡ്രീംസ്' എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമായ 'സ്വപ്നങ്ങളുടെ വ്യാഖ്യാനം' എന്ന കൃതിക്കാണ് പുരസ്‌കാരം. കാസര്‍കോഡ് തൃക്കരിപ്പൂര്‍ തങ്കയം സ്വദേശിയാണ്. മാതൃഭൂമി ബുക്ക്സാണ് പ്രസാധകര്‍. ജനപ്രിയ ശാസ്ത്രസാഹിത്യം എന്ന വിഭാഗത്തില്‍ ഒരു കൃതിയും അവാര്‍ഡിന് അര്‍ഹമായില്ലാത്തതിനാല്‍ ഈ വിഭാഗത്തില്‍ പുരസ്‌കാരം നല്‍കിയിട്ടില്ല. പ്രഫ.ആര്‍ വി ജി മേനോന്‍ അധ്യക്ഷനായ പുരസ്‌കാര നിര്‍ണയ സമിതിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.