വിവരചോരണം : ഫേസ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കക്കും സിബിഐ നോട്ടീസയച്ചു
ന്യൂഡല്‍ഹി : ഇന്ത്യയിലെ പൗരന്മാരില്‍ നിന്ന് അനധികൃതമായി വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കക്കും ബ്രിട്ടന്‍ ആസ്ഥാനമായ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും സിബിഐ നോട്ടീസ് അയച്ചു.
വിവരശേഖരണം(ഡാറ്റാ മൈനിങ്), കൈമാറല്‍, വിശകലനം എന്നിവയെ സംയോജിപ്പിക്കുന്ന ബ്രിട്ടീഷ് രാഷ്ട്രീയ കണ്‍സള്‍ട്ടിംഗ്
കമ്പനിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക. ഫെയ്‌സ്ബുക്ക് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയതിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യയില്‍ കോണ്‍ഗ്രസുമായി സഹകരിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ കുറച്ചുനാള്‍ മുന്‍പ് പുറത്തുവന്നിരുന്നു. കമ്പനിയുടെ മുന്‍ ജിവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയ്ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനെ ഉപയോഗപ്പെടുത്തി ഫേസ്ബുക്കിലൂടെ കേംബ്രിഡ്ജ് അനലിറ്റിക്ക 5,62,455 ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ വിഷയം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് മാസങ്ങള്‍ക്ക് മുമ്പ് രാജ്യസഭയില്‍ അറിയിച്ചിരുന്നു. ഇന്ത്യാക്കാരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ വിശദാംശങ്ങള്‍ തേടിയാണ് സിബിഐ ഇപ്പോള്‍ ഈ കമ്പനികള്‍ക്ക് നോട്ടീസയച്ചിട്ടുള്ളത്.