ബാഴ്‌സിലോണ: ലോകം കാത്തിരിക്കുന്ന മികച്ച ക്ലബുകള്‍ തമ്മിലുള്ള പോരാട്ടം ഇന്നുമുതല്‍. ബി ഗ്രൂപ്പില്‍ ഇന്ന് നടക്കുന്ന ആദ്യ പാദ മല്‍സരത്തില്‍ നിലവിലെ സ്പാനിഷ് ലാലിഗ ചാംപ്യന്‍മാരായ ബാഴ്‌സലോണ ഹോളണ്ടില്‍ നിന്നുള്ള പിഎസ്‌വിയെ നേരിടും.
മറ്റൊരു മല്‍സരത്തില്‍ പ്രീമിയര്‍ ലീഗില്‍ വിജയക്കൊടി നാട്ടിയ ടോട്ടനം ഹോട്‌സ്പര്‍ സീരി എ ക്ലബായ ഇന്റര്‍ മിലാനുമായി കൊമ്പുകോര്‍ക്കും. ഫുട്‌ബോള്‍ ആരാധകരും നിരീക്ഷകരും ഈ സീസണ്‍ ചാംപ്യന്‍ഷിപ്പില്‍ ഏറെ ഉറ്റുനോക്കിയ ഗ്രൂപ്പുകളിലൊന്നായ ബി ഗ്രൂപ്പില്‍ ഒന്നാമതെത്താന്‍ മുന്‍ ചാംപ്യന്‍സ് ലീഗ് ചാംപ്യന്‍മാരായ ബാഴ്‌സിലോണയ്ക്ക് അല്‍പം വിയര്‍പ്പൊഴുക്കേണ്ടി വരും.
ബാഴ്‌സലോണ - പിഎസ്‌വി
ബാഴ്‌സലോണ:ബി ഗ്രൂപ്പില്‍ പിഎസ്‌വിയോട് ആദ്യ മല്‍സരത്തിനിറങ്ങുന്ന ബാഴ്‌സലോണയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. കാരണം, തുടര്‍ന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ഏഴ് തവണ ചാംപ്യന്‍സ് ലീഗിലെ കിരീടം ചൂടിയ ഇന്റര്‍ മിലാനും നിലവില്‍ മികച്ച ഫോമില്‍ പന്ത് തട്ടുന്ന ടോട്ടനമുമാണ് ബാഴ്‌സയുടെ പോരാളികള്‍. ഇവരെ മുട്ടുകുത്തിക്കാന്‍ ടീം മികച്ച കളി തന്നെ പുറത്തെടുക്കേണ്ടി വരും. ബാഴ്‌സയെ സംബന്ധിച്ചിടത്തോളം പി എസ് വി ഒരു കുഞ്ഞന്‍ ടീം തന്നെയാണ്.
എന്നാല്‍ അവരെ എഴുതിത്തള്ളാന്‍ ടീം ഒരുക്കമല്ല. കഴിഞ്ഞ സീസണില്‍ ഹോളണ്ട് ആഭ്യന്തര ലീഗില്‍ ഒന്നാം സ്ഥാനത്തോടെ കിരീടം ചൂടിയാണ് അവര്‍ കലാശക്കളിക്ക് യോഗ്യത നേടിയിരിക്കുന്നത്. അവരുടെ മുന്നില്‍ ടീം പരാജയപ്പെടുകയാണെങ്കില്‍ ടീമിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് വന്‍ ആഘാതമേല്‍ക്കും. 1997-98 ന്റെ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇവര്‍ പരസ്പരം ഏറ്റുമുട്ടിയ ശേഷം ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്. അന്ന് ഇരുടീമും 2-2ന്റെ സമനിലയില്‍ കളി പിരിഞ്ഞിരുന്നു. വീണ്ടുമൊരു അങ്കത്തിന് ഇവര്‍ മാറ്റുരയ്ക്കുമ്പോള്‍ വിജയം ആരുടെ ഭാഗത്താണുണ്ടാവുക എന്നത് പ്രവചിക്കല്‍ അപ്രാപ്യം. കരിയറില്‍ ഇവര്‍ നേര്‍ക്കുനേര്‍ ആറ് തവണ പോരടിച്ചപ്പോള്‍ മൂന്നിലും വിജയം ബാഴ്‌സയ്‌ക്കൊപ്പം നിന്നു. രണ്ടെണ്ണം സമനിലയിലും കലാശിച്ചു.
ലാലിഗയില്‍ അപരാജിതക്കുതിപ്പ് നടത്തുന്ന ബാഴ്‌സയ്ക്കാണ് വിജയസാധ്യത കൂടുതല്‍. എന്നാല്‍ ഡച്ച് ലീഗായ എറെഡിവിസി ലീഗില്‍ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് അഞ്ചും ജയിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പിഎസ്‌വിയും അട്ടിമറിക്ക് പേരുകേട്ടവര്‍ തന്നെ. അവസാന ഏഴ് മല്‍സരങ്ങളില്‍ വിജയം മാത്രം മുദ്രയാക്കിയ ടീമാണവര്‍.
നിലവിലെ ലാലിഗ ഗോള്‍സ്‌കോറര്‍മാരില്‍ നാലു ഗോളുകളുമായി ഒന്നാം സ്ഥാനം പങ്കിടുന്ന ലയണല്‍ മെസ്സിയാണ് ബാഴ്‌സയുടെ എല്ലാമെല്ലാം. താരത്തിന്റെ ബൂട്ടുകളില്‍ നിന്ന് ഗോളുകള്‍ പിറക്കാതിരിക്കാന്‍ പ്രതിരോധത്തില്‍ ഒരു വിള്ളല്‍ പോലും വീഴ്ത്താതിരിക്കാനുള്ള തന്ത്രവുമായാണ് കോച്ച് മാര്‍ക് വാന്‍ ബൊമ്മലിന്റെ നേതൃത്വത്തിലുള്ള പിഎസ്‌വി ടീം അണിനിരക്കുക. പരിക്കു മൂലം ലാലിഗയില്‍ നിന്ന് വിട്ടുനിന്ന ഡെനിസ് സുവാരസ് ടീമിലെത്തിയതും ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. വിജയപ്രതീക്ഷയോടെ ബാഴ്‌സലോണ ഇറങ്ങുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രമേ അവര്‍ക്ക് ആശങ്കയുള്ളൂ. ബ്രസീലിയന്‍ താരം മാല്‍ക്കം പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചുവരുമോ..
ടോട്ടനം -മിലാന്‍
മിലാന്‍: മറ്റൊരു മല്‍സരത്തില്‍ ടോട്ടനം ഇന്റര്‍ മിലാന്റെ തട്ടകത്തില്‍ അവരുമായി കൊമ്പുകോര്‍ക്കുമ്പോള്‍ വിജയം പ്രവചനാതീതം. ഏഴ് തവണ ലീഗിലെ ചാംപ്യന്‍പട്ടം ചൂടിയ ടീമാണ് ഇന്ററെങ്കിലും ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ അവരുടെ പ്രകടനം അത്ര സുഖകരമല്ല. നാലു മല്‍സരങ്ങളില്‍ നിന്ന് രണ്ട് പരാജയം നേരിട്ട അവര്‍ നിലവില്‍ 14ാം സ്ഥാനത്താണ്. അവസാന മല്‍സരത്തില്‍ ദുര്‍ബലരായ പാര്‍മയോട് പരാജയപ്പെടുകയും ചെയ്തു.
അതേസമയം, സൂപ്പര്‍ താരം ഹാരി കെയ്ന്‍ മുന്നേറ്റത്തില്‍ നിന്നു കൊണ്ട് ചരടുവലിക്കുന്ന ടോട്ടനത്തിന് ആത്മവിശ്വാസത്തോടെ ഇന്ന് കളത്തിലിറങ്ങാം. അവസാന മല്‍സരത്തില്‍ ലീഗില്‍ അപരാജിയതരായി മുന്നേറുന്ന ലിവര്‍പൂളിനോട് 2-1ന് പൊരുതിത്തോറ്റാണ് ചാംപ്യന്‍സ് ലീഗില്‍ കച്ച കെട്ടി ഇറങ്ങുന്നത്. നിലവില്‍ പ്രീമിയര്‍ ലീഗില്‍ അവര്‍ ആറാം സ്ഥാനത്താണ്. ആറ് വര്‍ഷത്തിന് ശേഷമാണ് ഇന്റര്‍ യൂറോപ്യന്‍ കലാശത്തിനായി യോഗ്യത നേടിയത്.