ബ്രൂവറികള്‍ക്കുളള അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കള്ളക്കളി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: പുതുതായി ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും നല്‍കിയ അനുമതി റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് മറ്റൊരു കള്ളക്കളി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് അനുമതി നല്‍കിയതെങ്കിലും വിവാദങ്ങളുണ്ടാക്കി യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമം നടന്നതിനാലാണ് അനുമതി റദ്ദാക്കുന്നതെന്നാണ് വിചിത്രമായ ഉത്തരവില്‍ പറയുന്നത്. നിയമാനുസൃതം നല്‍കിയ അനുമതി റദ്ദാക്കുന്നതിന് വിവാദം ഒരു കാരണമായി പറയുന്നത് നിയമപരമായി സാധുവല്ലാത്ത കാര്യമാണ്. അതിനാല്‍ തന്നെ കോടതിയില്‍ ഈ ഉത്തരവ് നിലനില്‍ക്കുകയില്ല. അനുമതി റദ്ദാക്കപ്പെട്ട ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെയും ഉടമകള്‍ക്ക് പുഷ്പം പോലെ ഈ ഉത്തരവ് കോടതി വഴി റദ്ദാക്കി എടുക്കാന്‍ കഴിയും. സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതും അത് തന്നെയാണ്. തത്ക്കാലം ബ്രൂവറി അഴിമതിയില്‍ നിന്ന് മുഖം രക്ഷിക്കാനും പിന്നീട് കോടതി വഴി ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി പുന:സ്ഥാപിച്ചു നല്‍കാനുമുള്ള വളഞ്ഞ ബുദ്ധിയാണ് സര്‍ക്കാര്‍ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. കോടതി ഈ ഉത്തരവ് റദ്ദാക്കുമ്പോള്‍ കോടതി പറയുന്നതിനാല്‍ കൊടുക്കുന്നു എന്ന് പറഞ്ഞ് രക്ഷപ്പെടാമെന്ന സര്‍ക്കാരിന്റെ കണക്കു കൂട്ടലാണ് ഇതിന് പിന്നില്‍.
വിവാദം ഉണ്ടായതിനാല്‍ നല്‍കിയ അനുമതി റദ്ദാക്കുന്നു എന്ന് ഉത്തരവില്‍ എഴുതി വയ്ക്കുന്നത് ഭരണഘടനാപരമല്ലെന്ന് മാത്രമല്ല യുക്തിരഹിതവും പരിഹാസ്യവുമാണ്. അഴിമതിയിലൂടെ കൈമറിഞ്ഞ കോടികല്‍ തിരിച്ചു കൊടുക്കാതിരിക്കുന്നതിനുള്ള കുടില ബുദ്ധിയും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് നിയമപരമാണെന്ന് റദ്ദാക്കിക്കൊണ്ടുള്ളഉത്തരവില്‍ പറയുന്നത് ബ്രൂവറിക്കാര്‍ക്കും ഡിസ്റ്റിലറിക്കാര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കും. ഈ ഒത്തുകളി അനുവദിക്കാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.