മോദി രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരന്‍: രമേശ് ചെന്നിത്തല

Update: 2018-10-26 09:40 GMT


തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് നരേന്ദ്ര മോദിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സി ബി ഐയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാന പ്രകാരം കോണ്‍ഗ്രസ് തിരുവനന്തപുരത്ത് മുട്ടത്തറ സി ബി ഐ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി ബി ഐ യുടെ അന്തസ്സും പെരുമയും നഷ്ടപ്പെട്ടു. പട്ടാള അട്ടിമറി പോലെ അര്‍ദ്ധരാത്രി ഡയറക്ടറെ നീക്കിയ നാടകം നിയമവിരുദ്ധവും അഴിമതിയെ സംരക്ഷിക്കാനുമാണെന്ന് ചെന്നിത്തല ആരോപിച്ചു.നിര്‍ണ്ണായകമായ ഏഴ് കേസുകളില്‍ തീരുമാനം എടുക്കാനുള്ള സമയത്താണ് അലോക് വര്‍മ്മയെ മാറ്റിയത്.
സി ബി ഐയെ മോദി ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷനാക്കി മാറ്റിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ സി ബി ഐ യെ ഉപയോഗിച്ച് അഴിമതി കേസുകളെ അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. അര്‍ദ്ധരാത്രിയുടെ മറവില്‍ സി ബി ഐ ഡയറക്ടറെ മാറ്റാന്‍ മോദിക്ക് ആര് അധികാരം നല്‍കി ഈ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യ രാജ്യത്തിന് അപമാനവുമാണെന്ന് ആമുഖപ്രസംഗം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മോദി പ്രധാന കഥാപാത്രമായ റഫാല്‍ ഇടപാടിലെ അഴിമതി കേസില്‍ കുടങ്ങുമോ എന്ന ഭയത്താലാണ് നീതിമാനായ ഉദ്യോഗസ്ഥന്‍ അലോക് വര്‍മ്മയെ തല്‍സ്ഥാനത്ത് നിന്നും നീക്കിയത്.അഴിമതിയുമായി ബന്ധപ്പെട്ട് ഇരുമ്പഴിക്കുള്ളില്‍ പോകുന്ന ആദ്യ പ്രധാനമന്ത്രി മോദി ആയിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡയറക്ടറുടെ ചുമതല വഹിക്കുന്ന നാഗേശ്വരറാവു തമിഴ്‌നാട്, ആന്ധ്ര എന്നിവടങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെ മുമ്പില്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന ആളാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റികരസനല്‍ അധ്യക്ഷത വഹിച്ചു എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, എം.വിന്‍സന്റ്, കെ.എസ് ശബരീനാഥന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂര്യനാട് രാജശേഖരന്‍, റ്റി. ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, നേതാക്കളായ പാലോട് രവി, വര്‍ക്കല കഹാര്‍, പന്തളം സുധാകരന്‍, സെല്‍വരാജ്, മണക്കാട് സുരേഷ്, ഷമീനാഷഫീക്ക്, ലതികാ സുഭാഷ്, ലക്ഷ്മി, ഡി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാവിലെ പതിനൊന്നിന് പൊന്നറ ശ്രീധര്‍ പാര്‍ക്കിന് സമീപത്തു നിന്നും ആരംഭിച്ചു ജാഥ സി ബി ഐ ആസ്ഥാനത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു.

Similar News