28 ജീവനുകള്‍ പൊലിഞ്ഞ കൂട്ടിക്കല്‍-കൊക്കയാര്‍ ദുരന്തസ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതെന്ത്?
ദുരന്തത്തിനിരയായി കാംപുകളില്‍ കഴിയുന്നവര്‍ക്ക് മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ല. വ്യക്തികള്‍ നല്‍കുന്ന സഹായം മാത്രമാണ് അവര്‍ക്ക് ഇപ്പോഴുള്ളത്.
ഷിഹാബ് ഷെരീഫ്
മുണ്ടക്കയം(കോട്ടയം): 28 ജീവനുകള്‍ പൊലിഞ്ഞ കൂട്ടിക്കല്‍-കൊക്കയാര്‍ ദുരന്ത സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ പ്രദേശിവാസികള്‍ പ്രതിഷേധത്തില്‍. ജീവനും ഉപജീവനമാഗ്ഗവും നഷ്ടപ്പെട്ട നിരാലംബരെ കണ്ട് ആശ്വസിപ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകാത്തത് കനത്ത രോഷത്തിന് ഇടയാക്കിയിട്ടുണ്ട്.
നാടിനെ നടുക്കിയ ദുരന്തത്തില്‍, തുടക്കത്തില്‍, വിവിധ സന്നദ്ധസംഘടനകള്‍ വസ്ത്രവും ഭക്ഷണവും എത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ തുടക്കത്തില്‍ സര്‍ക്കാരിന് കാര്യമായ സഹായങ്ങള്‍ ചെയ്യേണ്ടിവന്നില്ല. എന്നാല്‍, ഭക്ഷണവും വസ്ത്രവും മാത്രമല്ല, ദുരിതബാധിതര്‍ക്ക് നഷ്ടമായത്്. അവരുടെ ഉപജീവനമാര്‍ഗ്ഗവും ഭൂമിയും വീടുമാണ്. ഇതില്‍ സഹായം ചെയ്യേണ്ടത് സര്‍ക്കാരാണ്.
ആറിന് അരുകിലെ കയ്യാലകള്‍ എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്. ആറ്റിലെ ചെളിയും മറ്റും നീക്കി പഴയ അവസ്ഥയിലാക്കുന്നതിന് ഒരു ശ്രമവും ഉണ്ടാകുന്നില്ല. സര്‍ക്കാര്‍ ചെയ്യേണ്ട, സര്‍ക്കാരിന് മാത്രം ചെയ്യാന്‍ കഴിയുന്ന ഇത്തരം കാര്യങ്ങളില്‍ ഒരു നടപടിയുമുണ്ടാകുന്നില്ല.
നാമമാത്ര നാശനഷ്ടങ്ങളുണ്ടായ മുന്‍കാല പ്രളയത്തിന് ലഭിച്ച ധനസഹായം പോലും, വന്‍ ദുരന്തമുണ്ടായ ഇക്കുറി സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല. സന്നദ്ധ സംഘടനകളുടെ സഹായം ആദ്യം ലഭ്യമായെങ്കിലും പിന്നീട് സഹായം ലഭ്യമാക്കേണ്ട സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണ്. കോട്ടയം-ഇടുക്കി ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന സ്ഥലമായതിനാല്‍ അതിന്റെ നൂലാമാലകളും പ്രശ്‌നമാകുന്നുണ്ട്. ദുരന്തത്തില്‍ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, ഇടറോഡുകള്‍ എന്നിവ ഇപ്പോഴും അങ്ങനെ തന്നെ കിടക്കുകയാണ്.
കാംപുകളിലെ ദുരിതം
സര്‍ക്കാര്‍ സ്‌കൂള്‍ കാംപുകളില്‍ കഴിഞ്ഞിരുന്നവര്‍ സ്‌കൂള്‍ തുറന്നതോടെ അവിടെ നിന്ന് മാറേണ്ടിവന്നു. എന്നാല്‍, മറ്റ് കാംപുകളില്‍ കഴിയുന്നവര്‍ക്ക് മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ല. വ്യക്തികള്‍ നല്‍കുന്ന സഹായം മാത്രമാണ് അവര്‍ക്ക് ഇപ്പോഴുള്ളത്. വീടും ജീവിത മാര്‍ഗ്ഗവും നഷ്ടപ്പെട്ടവര്‍ വാടകവീടുകളും ബന്ധുവീടുകളിലുമാണ് ഇപ്പോള്‍ കഴിയുന്നത്. ആറ്റു തീരത്ത് താമസിച്ചിരുന്ന 26 വീടുകളില്‍ 24ഉം തകര്‍ന്നു. സര്‍ക്കാരില്‍ നിന്ന് നേരിട്ട് ഒരു സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. സന്നദ്ധ സംഘടനകളുടെ സഹായം തുടക്കത്തില്‍ മാത്രമാണുണ്ടായിരുന്നത്. ഭൂരിപക്ഷവും കൂലിവേലക്കാരും ദരിദ്രരുമാണ്.
ദുരന്തമുണ്ടായ ഘട്ടത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ സ്ഥാലത്തെത്തി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. പഞ്ചായത്ത് വില്ലേജ് അധികാരികള്‍ വന്ന് നാശനഷ്ടങ്ങളുടെ കണക്കെടുത്ത് പോയെങ്കിലും പിന്നീട് അതിന് തുടര്‍ച്ച ഉണ്ടായില്ല. നേരത്തെയുണ്ടായ പ്രളയത്തെ തുടര്‍ന്ന് കുടുംബശ്രീ മുഖേന വായ്പകള്‍ നല്‍കിയിരുന്നു.
തകര്‍ന്ന 93 കടകള്‍
പ്രളയത്തില്‍ 93 കടകളാണ് പ്രദേശത്ത് നശിച്ചത്. കെട്ടിടവും അതിനകത്തെ സാധനങ്ങളും ഫര്‍ണിച്ചറും ഉള്‍പ്പെടെ നശിച്ചുപോയിരുന്നു. കോടികളുടെ നഷ്ടമാണുണ്ടായത്. എന്നാല്‍, സര്‍ക്കാര്‍ ഭാഗത്ത്് നിന്ന് യാതൊരു സഹായവും ഈ വിഭാഗത്തിന് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ഇതുവരേയും ഈ കച്ചവടക്കാരുടെ നഷ്ടം രേഖപ്പെടുത്തിയിട്ടുമില്ല. സന്നദ്ധ സംഘടനകളുടെ സഹായവും കച്ചവടക്കാര്‍ക്ക് ലഭിച്ചിട്ടില്ല. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചതും ഠൗണിലെ കച്ചവട സ്ഥാപനങ്ങള്‍ക്കാണ്.
ദുരന്തസ്ഥലത്ത് ഇനി തുടരാനാവുമോ
ദുരന്തസ്ഥലത്ത്് ഇനി താമസിക്കുക ബുദ്ധിമുട്ടാണ്. ദുരന്തത്തിന് ഇരയായവരുടെ വീടും വസ്തുവും സര്‍ക്കാരിന് നല്‍കുമ്പോള്‍ 10 ലക്ഷം രൂപ നല്‍കും എന്ന ഒരു പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അതേക്കുറിച്ചൊന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കൃത്യമായ വിശദീകരണം നല്‍കുന്നില്ല. എവിടെയാണ് ഭൂമിയും വീടും നല്‍കുന്നത്, തുടങ്ങിയ കാര്യങ്ങളിലൊന്നും കൃത്യമായ വിവരം നല്‍കുന്നില്ല.
വീട് നഷ്ടപ്പെട്ടവര്‍ക്കും നേരത്തെ വീടിന് അപേക്ഷിച്ചവര്‍ക്കും ലൈഫ് പദ്ധതിപ്രകാരം വീട് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വീടില്ലാത്തവര്‍ക്ക് വീട് എന്നത് പ്രളയത്തിന് മുന്‍പേ തന്നെ തദ്ദേശ സ്ഥാപനങ്ങളുടെ പരിഗണനയിലുള്ള കാര്യമാണ്.
സന്നദ്ധ സംഘടനാ സര്‍വേ നഷ്ടക്കണക്ക്
സര്‍വ്വേ നടത്തിയ വീടുകള്‍: 346
വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടത് : 92
ഭാഗികമായി തകര്‍ന്നത് : 118
അറ്റകുറ്റപ്പണി: 79
വെള്ളം മാത്രം കയറിയത് : 57
ഗൃഹോപകരണങ്ങള്‍- പൂര്‍ണമായും നഷ്ടപ്പെട്ടത്: 221, ഭാഗികം: 61
പഠനോപകരണങ്ങള്‍- പൂര്‍ണ്ണമായും നഷ്ടപ്പെട്ടത് : 160, ഭാഗികം : 27
വസ്ത്രം- പൂര്‍ണ്ണമായും നഷ്ടപ്പെട്ടത് : 247, ഭാഗികം : 38
കൃഷി- പൂര്‍ണ്ണമായും നഷ്ടപ്പെട്ടത് : 90
ഭൂകമ്പ-ഉരുള്‍പൊട്ടല്‍ സാധ്യതാ പഠനം
മഴ മാനത്ത് കണ്ടാല്‍ തന്നെ പ്രദേശവാസികള്‍ ഭീതിയിലാണ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഭയം ഇരട്ടിയാകും. അതുകൊണ്ട് തന്നെ കൃത്യമായ പഠനങ്ങളും മുന്നറിയിപ്പുകളും ലഭ്യമാവുന്നതരത്തിലുള്ള ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കണം. ഇപ്പോള്‍, അത്തരം മേഖലകളില്‍ താമസിക്കുന്നവര്‍ക്ക്് സുരക്ഷിതമായ ഇടങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണം.
കരിങ്കല്‍ ക്വാറികള്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. കുറച്ച് കഴിയുമ്പോള്‍ അത് വീണ്ടും തുറക്കും. അത് ഉള്‍പൊട്ടലുകള്‍ക്ക് കാരണമാകുമോ എന്നു ഭയത്തിലാണ് പ്രദേശവാസികള്‍.
സര്‍ക്കാര്‍ നിസ്സംഗത
സര്‍ക്കാര്‍ സംവിധാനങ്ങള്‍ അങ്ങേയറ്റം നിസംഗതയോടെയാണ് ഇവിടത്തുകാരുടെ പ്രശ്‌നങ്ങളെ കാണുന്നത്. അതിന്റെ ഭാഗമായാണ് ഇത്ര ഭീകരദുരിതമുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തത്. ഇപ്പോഴും ഏതു നിമിഷവും ഉരുള്‍പൊട്ടലോ, ഭൂകമ്പമോ സംഭവിക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. ജില്ലാ ഭരണകൂടവും ദുരന്തത്തിനിരയായവരോട് അനുകൂലമായിട്ടല്ല പ്രതികരിക്കുന്നത്. വില്ലേജ് തലം മുതലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പ്രദേശവാസികളുടെ പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് കാണുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ കൂട്ടിക്കല്‍ നഹീബ് പറയുന്നു.
പ്രക്ഷോഭത്തിലേക്ക്, പാലായനവും കുടില്‍കെട്ടി സമരവും
പ്രകൃതിക്ഷോഭത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം. കൂട്ടിക്കല്‍ പഞ്ചായത്ത്് ഓഫിസിലേക്കും ജില്ലാ കലക്ടറേറ്റിലേക്കും എസ്ഡിപിഐ-വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടന്നിരുന്നു.
ഡിസംബര്‍ രണ്ടിന് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസ് പടിക്കല്‍ നിന്നും മാക്കോച്ചി ദുരന്ത സ്ഥലത്തേക്ക് പാലായനവും കുടില്‍കെട്ടി സമരവും പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്. പൂവഞ്ചി തൂക്കുപാലം പുനര്‍നിര്‍മിക്കുക, നാരകം പുഴ കുടിവെള്ള പദ്ധതി അടിയന്തിരമായി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനകീയ സമിതി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഡിസംബര്‍ 12ന് മുണ്ടക്കയത്ത് സംഘടിപ്പിച്ചിട്ടുണ്ട്. കെ റയില്‍ വിരുദ്ധ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്യും. സയന്റിസ്റ്റ് ഡോ. ടിവി സജീവ് മുഖ്യപ്രഭാഷണം നടത്തും.
സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.
പ്രദേശവാസികളുടെ പ്രധാന ആവശ്യങ്ങള്‍
1. നിരവധി ജീവനുകളും കോടികളുടെ നഷ്ടവുമുണ്ടായ ദുരന്തം സംഭവിച്ച പ്രദേശം മുഖ്യമന്ത്രി അടിയന്തരമായി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുക
2. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാരം ഉടന്‍ നല്‍കുക
3. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുക
4. ജീവന് ഭീഷണി ഉയര്‍ത്തുന്ന കരിങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടുക
5. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ചപ്പാത്ത് പാലം ഉയരം കൂട്ടി പുനര്‍നിര്‍മിക്കുക
6. ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന കൊക്കയാര്‍ മേഖലയിലെ വെംബ്ലി, കുറ്റിപ്ലാങ്ങാട് പ്രദേശങ്ങളിലെ ആദിവാസി സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കുക
7. പുല്ലകയാറിന്റെ ഇരുകരകളിലെയും മണ്ണും ചളിയും നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കുക
8. വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കുക
9. കുറ്റിപ്ലാങ്ങാട് പാലം പുനര്‍നിര്‍മിക്കുക
10. കൂട്ടിക്കല്‍ ചപ്പാത്തിനു സമീപമുള്ള റോഡിന്റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മിക്കുക
11. മുണ്ടക്കയം, പുത്തന്‍ചന്ത, മുളങ്കയം തുടങ്ങിയ പ്രദേശങ്ങളിലെ അപകടഭീഷണി ഉയര്‍ത്തുന്ന ചെക്ക് ഡാം പൊളിച്ചുമാറ്റുക
12. മണിമലയാറിലെ നീരൊഴുക്ക് സുഗമമാക്കുക
13. പുത്തന്‍ചന്ത ഭാഗത്ത് താഴ്ന്ന പ്രദേശങ്ങളില്‍ ആറിന് സംരക്ഷണ ഭിത്തി നിര്‍മിക്കുക.
14. ദുരിതാശ്വാസ പാക്കേജിലെ വിവേചനം അവസാനിപ്പിക്കുക
15. ഠൗണിലെ വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുക
16. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം 25 ലക്ഷമാക്കുക