ജനവിരുദ്ധ കെ റെയില്‍-സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ പ്രക്ഷോഭം ശക്തിപ്പെടുത്തി സമരസമിതി

അടുത്താമാസം 10 മുതല്‍ പദയാത്രയും സെക്രട്ടേറിയറ്റ് മാര്‍ച്ചും അടക്കമുള്ള സമരപരിപാടികള്‍ക്ക്് സമരസമിതി തീരുമാനിച്ചിട്ടുണ്ട്

Update: 2021-09-29 13:40 GMT

നസീറുദ്ദീന്‍ കപ്പാംവിള

തലസ്ഥാന ജില്ലയില്‍ ജനവിരുദ്ധ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു. നാവായിക്കുളം,കരവാരം, മണമ്പൂര്‍ പഞ്ചായത്തുകളിലാണ് കെ റെയില്‍ പദ്ധതിക്കെതിരേ സമരം ശക്തിപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്വപ്ന പദ്ധതിയെന്ന മട്ടില്‍ അവതരിപ്പിക്കുന്ന കോടികളുടെ അപ്രായോഗിക പദ്ധതിക്കെതിരേയാണ് പ്രധിഷേധമുയരുന്നത്.

യാതൊരുവിധ ആധികാരിക പഠനവും നടത്താതെ, വിനാശകരമായ കെ റെയില്‍ പദ്ധതിയ്ക്കു വേണ്ടി ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാമൂഹിക-സാമ്പത്തിക പാരിസ്ഥിതിക ദുരന്തം സൃഷ്ടിക്കുന്നതും കേരളത്തെ രണ്ടായി വിഭജിക്കുന്നതുമാണ് പദ്ധതി. സില്‍വര്‍ ലൈന്‍- കെ റെയില്‍ പദ്ധതിയ്ക്ക് ഒരു തുണ്ട് ഭൂമിയും ഇരകള്‍ വിട്ടുകൊടുക്കില്ല. സര്‍ക്കാര്‍ എത്രയും വേഗം ഈ പദ്ധതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭത്തെ നേരിടേണ്ടിവരും. കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുന്നതുവരെ സമരം തുടരുമെന്നും സമര സമിതി നേതാക്കള്‍ പറയുന്നു.

നാവായിക്കുളം പഞ്ചായത്തിലെ 11,10,7,4,2 എന്നിവര്‍ഡുകളില്‍ കൂടിയാണ് റെയില്‍ പാത കടന്നു പോകുന്നത്. ഈ ഭാഗങ്ങളിലെ നിരവധി വീടുകളും, കടകളും, ആരാധനാലയങ്ങളും പൊളിച്ച് മാറ്റേണ്ടിവരും. ഇതിനെതിരെ മരുതിക്കുന്ന്, കൊട്ടാരക്കോണം, പുതുശേരിമുക്ക് എന്നീവിടങ്ങളില്‍ സമരസമിതികള്‍ക്ക് രൂപം നല്‍കി. പ്രാദേശിക ധര്‍ണകളും, ഒപ്പു ശേഖരവും നടത്തി. ഇതിന് പുറമെ പഞ്ചായത്ത് ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണകള്‍ക്കും തുടക്കം കുറിച്ചു

മരുതിക്കുന്നില്‍ നടന്ന ധര്‍ണ സമരസമിതി സംസ്ഥാന രക്ഷധികാരി വര്‍ക്കല ശൈവപ്രസാദ് ഉദ്ഘാടനം ചെയ്തു. മണമ്പൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടന്ന സമരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചു. ഈ പ്രദേശങ്ങളില്‍ ജനഹിത സമരങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത് സമര സമിതി ജില്ലാ ചെയര്‍മാന്‍ കരവാരം രാമചന്ദ്രന്‍, ഷൈജു, കൊട്ടാരക്കോണം രാജു, നസീറുദീന്‍ മരുതിക്കുന്ന്, അസീസ് ചാത്തന്‍പറ എന്നിവരാണ്.

മണമ്പൂര്‍ പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും

കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ മണമ്പൂര്‍ പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടന്നു. ധര്‍ണയില്‍ സമിതി സംസ്ഥാന രക്ഷാധികാരി കെ ശൈവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അംബി രാജ് ഉദ്ഘാടനം ചെയ്തു.

സമിതി ജില്ലാ ചെയര്‍മാന്‍ രാമചന്ദ്രന്‍ കരവാരം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കണ്‍വീനര്‍ എ ഷൈജു, മുന്‍ പഞ്ചായത്ത് മെമ്പര്‍ ജി സത്യശീലന്‍, പിജെ നഹാസ്, ഡിസിസി ജനറല്‍ സെക്രട്ടറി ആറ്റിങ്ങല്‍ ഉണ്ണികൃഷ്ണന്‍, ഡി.സി.സി അംഗം എസ് സുരേഷ്‌കുമാര്‍,

നസീറുദ്ദീന്‍ മരുതിക്കുന്ന്, പഞ്ചായത്ത് മെമ്പര്‍മാരായ സോഫിയ സലീം, ഒലീദ് കുളമുട്ടം, ഐ.എന്‍.ടി.യു.സി ജനറല്‍ സെക്രട്ടറി മണനാക്ക് ശിഹാബുദ്ദീന്‍, ഗോവിന്ദ് ശശി, കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് കിനാലുവിള അമീര്‍ഖാന്‍, അനില്‍ കവലയൂര്‍, സമീര്‍ വലിയവിള എന്നിവര്‍ സംസാരിച്ചു.

കവലയൂര്‍ ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തിലും ധര്‍ണയിലും നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. ധര്‍ണയ്ക്ക് ശേഷം പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനവും നല്‍കി.



പ്രക്ഷോഭം പുതിയ തലത്തിലേക്ക്

ഭൂമിയും കിടപ്പാടുമില്ലാതെ ആയിരങ്ങള്‍ സമരം ചെയ്യുന്ന നാട്ടില്‍ 1,24000 രൂപയുടെ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത് അപഹാസ്യമാണ്. പ്രതിപക്ഷനേതാവും യുഡിഎഫും കെ റെയില്‍ പദ്ധതിക്കെതിരേ കഴിഞ്ഞയാഴ്ച രംഗത്ത് വന്നിരുന്നു.

കാലങ്ങളായി അധിവസിക്കുന്ന ഭൂമിയും ഉപജീവനമാര്‍ഗ്ഗങ്ങളും പദ്ധതിക്കേണ്ടി ഉപേക്ഷിക്കേണ്ടിവരുമോ എന്ന ഭീതിയിലാണ് ജനം. സര്‍ക്കാരിന്റെ കേവലമായ നഷ്ടപരിഹാരംകൊണ്ട് നികത്താന്‍ കഴിയുന്നതല്ല ഈ നഷ്ടങ്ങളെന്ന് പ്രദേശവാസികള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.

അപ്രായോഗികമായ പദ്ധതിക്കെതിരേ വിപുലമായി കാംപയില്‍ നടത്താന്‍ സമരസമിതി ആലോചിക്കുന്നുണ്ട്്. അടുത്താമാസം 10 മുതല്‍ പദയാത്ര തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ 27ന് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടക്കും. അതോടൊപ്പം ഗൃഹസമ്പര്‍ക്കം, പോസ്റ്റര്‍ പ്രചാരണം, പൊതു പരിപാടികള്‍ എന്നിവയും നടക്കുമെന്ന് സമരസമിതി അറിയിച്ചു.

Tags:    

Similar News