വനാതിര്‍ത്തിയിലെ കുപ്രസിദ്ധ സുമതി വളവ് മറയാക്കി ടാങ്കര്‍ലോറിയില്‍ കക്കൂസ് മാലിന്യം തള്ളുന്നു
നിസാമുദ്ദീന്‍ തച്ചോണം
പാലോടിനും മൈലമൂടിനും ഇടയിലുള്ള വനപ്രദേശത്ത് ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യമുള്‍പ്പെടെ വന്‍തോതില്‍ നിക്ഷേപിക്കുന്നതായി ആക്ഷേപം. അടപ്പുപാറ, മൈലമൂട്, സുമതി വളവ്, പാണ്ടിയന്‍പാറ പ്രദേശങ്ങളിലാണ് വന്‍തോതില്‍ മാലിന്യം തള്ളുന്നത്. ഇതൊക്കെ വനപ്രദേശങ്ങളാണെങ്കിലും തൊട്ടടുത്തെല്ലാം ജനവാസ മേഖലകളാണ്. വനമേഖല ആയതിനാലാണ് വന്‍തോതില്‍ മാനില്യം നിക്ഷേപിക്കുന്നത്. വനപാതയില്‍ കാമറകള്‍ സ്ഥാപിക്കാത്തതും പോലിസ് പട്രോളിങ് ഇല്ലാത്തതുമാണ് മാനില്യം നിക്ഷേപിക്കാന്‍ സൗകര്യമാവുന്നത്.
അറവ് മാലിന്യം, ഹോട്ടല്‍ മാലിന്യം, വീട്ട് മാലിന്യം എന്നിവയാണ് ഇവിടെ നിക്ഷേപിക്കുന്നത്. തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്ത് നിരവധി തവണ പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. 2016 മുതല്‍ പാലോട് റേയ്ഞ്ച് ഓഫിസിലും പരാതികള്‍ നല്‍കിയിട്ടുണ്ട്.
സുമതി വളവ്- മാലിന്യം നിക്ഷേപിക്കുന്നത് രാത്രിയില്‍
കക്കൂസ് മാലിന്യം ഉള്‍പ്പെടെ നിക്ഷേപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം സുമതി വളവാണ്. അതിന് കാരണം സുമതി വളിവിനുള്ള കുപ്രസിദ്ധിയാണ്. രാത്രികാലത്ത് സുമതി പ്രത്യക്ഷപ്പെട്ട് ഉപദ്രവിക്കുമെന്ന മിത്ത് നിലനില്‍ക്കുന്നത് കൊണ്ട് വൈകുന്നേരങ്ങളില്‍ ഇവിടെ ആരും തങ്ങാന്‍ ധൈര്യപ്പെടില്ല. ഇത് മുതലാക്കിയാണ് സാമൂഹ്യ വിരുദ്ധര്‍ സുമതി വളവിന് സമീപ പ്രദേശങ്ങളില്‍ മാലിന്യം നിക്ഷേപിക്കാന്‍ ഉപയോഗിക്കുന്നത്. പ്രേതപ്പേടി പറഞ്ഞ് ആരും സുമതി വളവിന് സമീപം വാഹനം പാര്‍ക്ക് ചെയ്യാന്‍ പോലും ധൈര്യപ്പെടില്ല. വൈകുന്നേരമായാല്‍ യാത്രക്കാര്‍ പോലും ഈ പാത യാത്രക്കായി തിരഞ്ഞെടുക്കില്ല. ടാങ്കര്‍ ലോറികളിലാണ് കക്കൂസ് മാലിന്യം ഇവിടെ കൊണ്ട് തള്ളുന്നത്. ഇതിനൊപ്പം കോഴി മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും ഇവിടെ നിക്ഷേപിക്കുന്നുണ്ട്.
വന ആവാസ വ്യവസ്ഥയെ പോലും അപകടത്തിലാക്കുന്ന രീതിയിലാണ് പ്ലാസ്റ്റിക്ക് ഇവിടെ നിക്ഷേപിക്കുന്നത്. വൈകുന്നേരങ്ങളില്‍ സഞ്ചാരികളെന്ന വ്യാജേന വാഹനത്തിലെത്തി മാനില്യം ഇവിടെ നിക്ഷേപിച്ച് കടന്നു കളയുന്നു.
വനമേഖയാണെങ്കിലും തൊട്ടടുത്ത് ജനവാസമുള്ള പ്രദേശമാണ്. അതുകൊണ്ട് ഈ പ്രദേശത്തുകാര്‍ മാലിന്യത്തിന് നടവിലാണ് കഴിയുന്നത്. കോഴി മാലിന്യം കാക്കയും മറ്റും കൊത്തിവലിച്ച് കുടിവെള്ളക്കിണറുകള്‍ക്ക് സമീപം കൊണ്ടിടുന്നുണ്ട്. ഇതിന് പുറമെ വനമേഖല ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ മൂക്ക് പൊത്തി മാത്രമേ ഇതിലൂടെ കടന്ന് പോകാന്‍ കഴിയൂ. മാലിന്യം തള്ളുന്ന ഭാഗങ്ങളില്‍ സഞ്ചാരികള്‍ നില്‍ക്കാന്‍ പോലും തയ്യാറാവില്ല.
ടാങ്കര്‍ ലോറികളില്‍ കക്കൂസ് മാലിന്യം തള്ളുന്നു
വിജനമായ റോഡ് വക്കില്‍ സാധാരണ നിലയില്‍ മാലിന്യം തള്ളാറുണ്ടെങ്കിലും കക്കൂസ് മാലിന്യം നിക്ഷേപിക്കാന്‍ ആരും തയ്യാറാവില്ല. എന്നാല്‍ മൈലമൂട് വനപ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നുണ്ട്. കക്കൂസ് മാലിന്യം നിക്ഷേപിച്ചുകഴിഞ്ഞാല്‍ അതുവഴിയുള്ള യാത്രവരെ ദുഷ്‌കരമാകും. വനത്തോട് ചേര്‍ന്ന് താമസിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പാലോട്, പാങ്ങോട് പോലിസ് സ്‌റ്റേഷനുകളില്‍ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല.
കാമറ സ്ഥാപിക്കണം
വനം വകുപ്പ് കാമറ സ്ഥാപിച്ചാല്‍ മാത്രമേ ഒരു പരിധിവരെയെങ്കിലും ഈ മാലിന്യ നിക്ഷേപം തടയാനാകൂ. എന്തു തരം അവശിഷ്ഠങ്ങളാണ് ഇവിടെ നിക്ഷേപിക്കുന്നതെന്ന് അറിയാന്‍ സാധിക്കില്ല. കാമറ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ആസ്ഥാനത്ത് നിവേദനം നല്‍കിയപ്പോള്‍ ഇതു സംബന്ധിച്ച് പഠനം നടക്കുന്നതായി അറിയിച്ചെങ്കിലും നാളിതുവരെയായി യാതൊരു നടപടിയുമുണ്ടായിട്ടില്ല.