അവഗണനയും വാഗ്ദാന ലംഘനവും- സി കെ ജാനു എന്‍ഡിഎ വിട്ടു

Update: 2018-10-14 10:21 GMT


കൊച്ചി: താന്‍ നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം വിട്ടതായി സി കെ ജാനു. എന്‍ഡിഎയില്‍ കടുത്ത അവഗണന നേരിട്ടുവെന്നും വാഗ്ദാനം ചെയ്ത യാതൊന്നും നല്‍കിയില്ലെന്നും അവര്‍ ആരോപിച്ചു.
എല്‍ഡിഎഫുമായും യുഡിഎഫുമായും സഖ്യ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നും ജാനു അറിയിച്ചു.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തിലടക്കം ബിജെപിയോടുള്ള കടുത്ത അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് മുന്നണി ബന്ധം ഉപേക്ഷിക്കുന്നതെന്ന് സി കെ ജാനു കഴിഞ്ഞദിവസം തേജസിനോട് പറഞ്ഞിരുന്നു.
പിന്നാക്ക ആദിവാസി ഉന്നമനത്തിനുതകുന്ന സാമൂഹിക മുന്നേറ്റം പ്രതീക്ഷിച്ചാണ് ബിജെപി മുന്നണിയില്‍ നിലകൊണ്ടത്. എന്നാല്‍, രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് അത്തരം മുന്നേറ്റങ്ങളല്ലെന്നും അവര്‍ പറഞ്ഞിരുന്നു.
ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ എന്‍ഡിഎ നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ നിന്നു ജനാധിപത്യ രാഷ്ട്രീയസഭ മാറിനിന്നത് നിലപാടിന്റെ ഭാഗമാണ്. ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നത് പുരോഗമനപരമോ യുക്തിസഹമോ അല്ല. ലിംഗവിവേചനമാണ്. ആദിവാസികളുടെ ആചാരങ്ങളില്‍ ലിംഗവിവേചനമില്ല. പ്രകൃതിയെയാണ് ആരാധിക്കുന്നത്. ഗോത്ര വിഭാഗങ്ങളില്‍ ആചാരങ്ങളിലും ആരാധനയിലും സ്ത്രീകള്‍ക്കാണ് പ്രാമുഖ്യം. കുലമഹിമയുടെയും പ്രായത്തിന്റെയുമൊക്കെ പേരില്‍ ആരാധനാലയങ്ങളില്‍ നിന്നു സ്ത്രീകളെ അകറ്റുന്നത് പ്രാകൃതമാണ് . ശബരിമലയില്‍ ആചാരങ്ങളില്‍ കാലികമോ ബോധപൂര്‍വമോ ആയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സന്നിധാനത്ത് ആദിവാസികള്‍ നേരിട്ട് നടത്തിയിരുന്ന ഒട്ടേറെ ആചാരങ്ങള്‍ കാലക്രമേണ ഇല്ലാതാക്കി. തേനഭിഷേകം എന്ന ചടങ്ങ് ആദിവാസികള്‍ നടത്തിയിരുന്നു. പക്ഷേ, അത് കാലങ്ങളായി ശബരിമലയില്‍ ആചരിക്കുന്നില്ല. അതെന്തുകൊണ്ടാണ് എന്ന് വിശദീകരിക്കപ്പെടണം. കേരളത്തിലെ കാവുകളില്‍ നിന്നും ക്ഷേത്രപരിസരങ്ങളില്‍ നിന്നും ആദിവാസികളെ അകറ്റിയതിന് പിന്നില്‍ ചരിത്രപരമായ ഗൂഢാലോചനയുണ്ടെന്നുമാണ് ജാനു പറഞ്ഞത്.

Similar News