ഭോപ്പാല്‍: ബിജെപിക്ക് സാധിക്കാത്ത രാമ പാത അധികാരത്തിലേറിയാല്‍ ഞങ്ങള്‍ നിര്‍മിക്കാമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ്. മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ രാമപാത നിര്‍മിക്കുമെന്നാണ് വാഗ്ദാനം.
ഒപ്പം നര്‍മദ പരികര്‍മ പാതയും നിര്‍മിക്കും. ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേശില്‍ നിമയസഭാ തെരഞ്ഞെടുപ്പ് നടക്കുക. അധികാരത്തിലുള്ള ബിജെപി രാമ പാത നിര്‍മിക്കുമെന്ന വാഗ്ദാനം നല്‍കിയിട്ട് പാലിച്ചില്ല. ഹിന്ദു ഐതിഹ്യങ്ങളില്‍, 14 വര്‍ഷത്തിനിടെ ശ്രീരാമന്‍ സഞ്ചരിച്ചുവെന്ന് പറയുന്ന പാതയാണ് രാമപാത.
മധ്യപ്രദേശിന്റെ അതിര്‍ത്തി വരെയുള്ള രാമപാത നിര്‍മിക്കാനാണ് ഞങ്ങള്‍ ആലോചിക്കുന്നത്. മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുകയാണോ കോണ്‍ഗ്രസ് എന്ന ചോദ്യത്തിന് കടുത്ത ഹിന്ദുത്വമോ മൃദു ഹിന്ദുത്വമോ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നര്‍മദ പരിക്രമയും കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ നിര്‍മിക്കു. നര്‍മദ നദിക്കരയിലൂടെ 3,300 കിലോമീറ്റര്‍ നീളുന്ന പാതയാണ് നര്‍മദ പരിക്രമ.
നേരത്തേ പഞ്ചായത്തുകള്‍ തോറും പശുക്കള്‍ക്കു വേണ്ടി ഗോശാലകള്‍ നിര്‍മിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു. മധ്യപ്രദേശില്‍ ബിജെപിയെ തോല്‍പ്പിക്കുന്നതിന് ഹിന്ദുപ്രീണനം നടത്തുകയാണ് കോണ്‍ഗ്രസ് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബിജെപിയുടെ പല നയങ്ങളും കടമെടുത്തു കൊണ്ടാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.