ആര്‍എസ്എസുമായി ധാരണയുണ്ടാക്കിയത് കോണ്‍ഗ്രസ്; മൗനം വെടിഞ്ഞിട്ടും എഡിജിപിയെ തൊടാതെ മുഖ്യമന്ത്രി

Update: 2024-09-10 16:30 GMT

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നത് ഉള്‍പ്പെടെയുള്ള വിവാദത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. ആര്‍എസ്എസുമായി എല്ലാ കാലത്തും ബന്ധം പുലര്‍ത്തിയത് കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, അധികം പറഞ്ഞാല്‍ മട്ട് മാറുമെന്നും വ്യക്തമാക്കി. സിപിഎം കോവളം ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ആര്‍എസ്എസുമായി സജീവമായ ബന്ധം പുലര്‍ത്തിയപ്പോള്‍ സിപിഎം ആര്‍എസ്എസിനെ പ്രതിരോധിക്കുകയായിരുന്നു. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നെന്ന് പറഞ്ഞ നേതാവ് ആരാണെന്ന് മാധ്യമങ്ങള്‍ ഓര്‍ക്കണം. ആര്‍എസ്എസ് സ്ഥാപകനായിരുന്ന ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തി കുമ്പിട്ടത് ആരാണ്. കോണ്‍ഗ്രസിന് കട്ടപിടിച്ച സംഘപരിവാര്‍ മനസ്സാണ്. കോണ്‍ഗ്രസ് ആര്‍എസ്എസുമായി എപ്പോഴും ധാരണയുണ്ടാക്കിയപ്പോള്‍, ആര്‍എസ്എസിനെ പ്രതിരോധിച്ചാണ് സിപിഎമ്മിന് ശീലം. കേരളത്തില്‍ ആര്‍എസ്എസുകാര്‍ ഏറ്റവും കൂടുതല്‍ കൊലപ്പെടുത്തിയത് സിപിഎമ്മുകാരെയാണ്. അവരെ പ്രീണിപ്പിക്കുന്നത് പാര്‍ട്ടി നയമല്ല. ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം ഒരിക്കലും ഉണ്ടായിട്ടില്ല. ആര്‍എസ്എസിനെ നേരിട്ട് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സിപിഎം. തലശ്ശേരി കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഞങ്ങള്‍ക്ക് മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    അതേസമയം, ആര്‍എസ്എസിന്റെ ഉന്നത ദേശീയ നേതാക്കളുമായി എഡിജിപി അജിത് കുമാര്‍ ചര്‍ച്ച നടത്തിയതിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല. പോലിസിനെ വിമര്‍ശിക്കാനും മുഖ്യമന്ത്രി തയ്യാറായില്ല. മാധ്യമങ്ങള്‍ എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആര്‍എസ്എസ് ശാഖയ്ക്ക് ഞാന്‍ കാവല്‍ നിന്നു എന്ന് പറഞ്ഞ രാഷ്ട്രീയ നേതാവാര്. മറന്നുപോയോ. വലിയ അഭിമാനപുരസരമല്ലേ നാടിനോട് അത് വിളിച്ചുപറഞ്ഞത്. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നില്‍ക്കുന്ന ആര്‍എസ്എസ്സുകാരനെ നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ഇത് കോണ്‍ഗ്രസ് നേതാവാണല്ലോ. എന്തേ സൗകര്യപൂര്‍വം അത് മറക്കുന്നത്. ആര്‍എസ്എസ് ശാഖ സംരക്ഷിക്കുന്നതിന് ആളുകളെ വിട്ടുനല്‍കി എന്നല്ലേ കെപിസിസി പ്രസിഡന്റ് പരസ്യമായി പറഞ്ഞത്. ആര്‍ക്കാണ് ആര്‍എസ്എസ് ബന്ധം. തലശ്ശേരി കലാപകാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ കാവല്‍ നിന്നിട്ടുണ്ട്. ന്യൂനപക്ഷ ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ വരുന്ന ഈ സംഘപരിവാരുകാരെ നേരിടുന്നതിന് വേണ്ടി. അവരില്‍ നിന്ന് ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി. തലശ്ശേരി കലാപത്തില്‍ പലതും പലര്‍ക്കും നഷ്ടപ്പെട്ടു. ആഭരണം നഷ്ടപ്പെട്ടു, പണം നഷ്ടപ്പെട്ടു, വീട് നഷ്ടപ്പെട്ടു. ജീവന്‍ നഷ്ടപ്പെട്ടത് ഞങ്ങള്‍ക്ക് മാത്രമായിരുന്നു. സഖാവ് യു കെ കുഞ്ഞിരാമന്റെ ജീവന്‍. അത് ഈ സംഘപരിവാറുകാരെ തടയാന്‍ നിന്നതിന്റെ ഭാഗമായിട്ടാണ്.

    ആര്‍എസ്എസ്സിന്റെ തലതൊട്ടപ്പന്‍ ഗുരുജി ഗോള്‍വാള്‍ക്കറിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആര്‍എസ്എസ് ഒരു പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയില്‍ ഗോള്‍വാള്‍ക്കറിന്റെ ചിത്രമുണ്ട്. മുമ്പില്‍ വിളക്കുണ്ട്. അത് കൊളുത്തി ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ വണങ്ങി കുമ്പിട്ട ചിത്രം ആരുടേതായിരുന്നു. ഞങ്ങള്‍ ആരുടേതെങ്കിലുമാണോയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തില്‍ രാമക്ഷേത്രത്തിന് ആശംസയറിയിച്ചവരാണ് രാഹുലും പ്രിയങ്കയുമെന്ന് പറഞ്ഞ പിണറായി വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസുകാര്‍ സംഘപരിവാരവുമായി കൂട്ടുചേര്‍ന്ന കാര്യങ്ങളും ഹാഷിംപുര കൂട്ടക്കൊല, തലശ്ശേരി കലാപം, ബാബരി മസ്ജിദ്, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളും ഓര്‍മിപ്പിച്ചാണ് പ്രസംഗിച്ചത്.





Tags:    

Similar News