സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസില്‍; അംഗത്വമെടുത്തത് സ്‌നേഹത്തിന്റെ കടയിലെന്ന് സന്ദീപ്
ഇത്രയും കാലം വീര്‍പ്പു മുട്ടി ജീവിച്ചെന്നും ഇനി പുതിയ വഴിയെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം സന്ദീപ് വാര്യര്‍ പ്രതികരിച്ചു
തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. കോണ്‍ഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക നീക്കം. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവില്‍ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് അനുമതി നല്‍കിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്. കെപിസിസി വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം
യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലായിരുന്നു സ്വീകരണം. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും സന്ദീപ് വാര്യരെ ഷോള്‍ അണിയിച്ച് സ്വീകരിച്ചു. ഇത്രയും കാലം വീര്‍പ്പു മുട്ടി ജീവിച്ചെന്നും ഇനി പുതിയ വഴിയെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം സന്ദീപ് വാര്യര്‍ പ്രതികരിച്ചു. അംഗത്വമെടുത്തത് സ്‌നേഹത്തിന്റെ കടയില്‍ നിന്നെന്നും സന്ദീപ് പറഞ്ഞു.
നേരത്തെ ചില പരാതികളുടെ പേരില്‍ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രന്‍ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാന്‍ മുന്‍കയ്യെടുത്തത്. ഇതിന് ശേഷവും തന്നെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു.