ബിനാലെയില്‍ കൊച്ചിയിലെ മച്ചാന്മാരുമായി നൃത്തം പങ്കുവച്ച് ഉഗാണ്ടന്‍ ആര്‍ട്ടിസ്റ്റ് കിബുക്ക

Update: 2019-01-03 10:27 GMT

കൊച്ചി: ഉഗാണ്ടന്‍ ആര്‍ട്ടിസ്റ്റായ കിബുക്ക മുകിസയ്ക്ക് ഒരു സ്വഭാവമുണ്ട്. ഏതു രാജ്യം സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി അവിടുത്തെ പ്രാദേശിക ബ്രേക്ക് ഡാന്‍സ് കലാകാരന്മാരുമായി സാമൂഹ്യമാധ്യമങ്ങള്‍ വഴി ബന്ധപ്പെടും. ബ്രേക്ക് ഡാന്‍സ് അസ്ഥിക്കു പിടിച്ച ഈ ആര്‍ട്ടിസ്റ്റിനെ കൊച്ചിമുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കാനായി എത്തിയപ്പോള്‍ വരവേറ്റത് സൗത്ത് സൈഡ് ബി ബോയ്‌സ്(എസ്എസ്ബി) എന്ന ബ്രേക്ക് ഡാന്‍സ് കൂട്ടായ്മയാണ്.



ബിനാലെ നാലാം ലക്കത്തില്‍ കിബുക്കയുടെ സൃഷ്ടി തന്നെ ബ്രേക്കിംഗ് ഉഗാണ്ട എന്നതാണ്. ഉഗാണ്ടയിലെ നൈല്‍ നദീതടത്തിലെ തന്റെ ഗ്രാമത്തിലെ ബ്രേക്ക് ഡാന്‍സ് മികവിനെ പകര്‍ത്തിയിരിക്കുകയാണ് കിബുക്ക ഈ പ്രതിഷ്ഠാപനത്തിലൂടെ. ആഗോളതലത്തിലുള്ള ബ്രേക്ക് ഡാന്‍സ് കൂട്ടായ്മകളാണ് ബിബോയ്‌സ്.

2014 ലാണ് 11 അംഗങ്ങള്‍ ചേര്‍ന്ന് കൊച്ചി ആസ്ഥാനമായി സൗത്ത്‌സൈഡ് ബിബോയ്‌സ് എന്ന കൂട്ടായ്മ രൂപം കൊള്ളുന്നത്. പ്രധാനമായും തെരുവു നൃത്തത്തിലും ഹിപ് ഹോപ്, പോപ്പിംഗ്, ഹൗസ് തുടങ്ങിയ നൃത്ത രീതികളിലുമാണ് ഇവര്‍ ശ്രദ്ധയൂന്നുന്നത്. ആഫ്രിക്കന്‍ നൃത്തരീതിയായ ഹിപ്‌ഹോപ്പ് സംസ്‌കാരം ലോകത്തിന്റെ വിവിധയിടങ്ങളില്‍ എത്തിക്കുകയെന്നതാണ് കിബുക്കയുടെ ലക്ഷ്യം.

നൃത്തത്തിലൂടെ തന്റെ നാടിന്റെ ചരിത്രം പറയുന്ന കിബുക്കയുടെ ബിനാലെ സൃഷ്ടി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാശി ആര്‍ട്ട് ഗാലറിയിലാണ്. ബ്രേക്ക് ഡാന്‍സ് ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ജനങ്ങളിലേക്കെത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കിബുക്ക പറഞ്ഞു. ഇതിനായി ചേരികള്‍, സ്‌ക്കൂളുകള്‍, ഗ്രാമങ്ങള്‍, നഗരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പരിശീലന കളരികള്‍ സംഘടിപ്പിക്കാറുണ്ട്.



ആഫിക്കയിലെ ബ്രേക്ക് ഡാന്‍സ് സംസ്‌ക്കാരത്തിന്റെ വലിയൊരു സ്വാധീനം ഉഗാണ്ടയിലുമുണ്ട്. കഴിഞ്ഞ ഒരു ദശകമായി ബിബോയ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കിബുക്ക രേഖപ്പെടുത്തി വരികയാണ്. ഫോട്ടോഗ്രാഫി സ്വന്തമായി പഠിച്ചാണ് ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എവിടെച്ചെന്നാലും അവിടെയെല്ലാം ബ്രേക്ക് ഡാന്‍സര്‍മാരെ കാണുന്നതിലൂടെ ദൂരെ നാട്ടിലെത്തി എന്ന തോന്നലുണ്ടാകുന്നില്ലെന്ന് കിബുക്ക പറഞ്ഞു.

ജീവിതം മുഴുവന്‍ ബ്രേക്ക് ഡാന്‍സിനായി മാറ്റിവച്ച കിബുക്കയ്ക്കയുടെ കൊച്ചി സന്ദര്‍ശനം ബിനാലെയ്ക്കപ്പുറത്തേക്കും നീളുകയാണ്. കൊച്ചിയിലെ എസ്എസ്ബിയുടെ അമ്പരപ്പിക്കുന്ന ഫോട്ടോകളാണ് ഈ സന്ദര്‍ശനത്തിന്റെ പ്രത്യേകത. തന്റെ കാമറാ ലെന്‍സിലൂടെ ലോകത്തിന് പുഞ്ചിരി സമ്മാനിക്കാനാണ് കിബുക്ക ആഗ്രഹിക്കുന്നത്.

എസ്എസ്ബിയുടേത് തനത് കഴിവുകളാണെന്ന് കിബുക്ക പറഞ്ഞു. ഭാഷയറിയില്ലെങ്കിലും ബ്രേക്ക് ഡാന്‍സിന്റെ ഭാഷ ശരിക്കും മനസിലായി. വല്ലാത്ത ഊര്‍ജ്ജമാണ് ഈ ചെറുപ്പക്കാര്‍ക്കുള്ളതെന്നും കിബുക്ക പ്രശംസിച്ചു.വ്യക്തിഗത മത്സരങ്ങളില്‍ എസ്എസ്ബി അംഗള്‍ക്ക് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ബബോയ്‌സ് സീ എന്നറിയപ്പെടുന്ന അരുണ്‍ സിഎസ്, ബിബോയ്‌സ് മസാരു എന്നറിയപ്പെടുന്ന മഹേഷ് ബി എന്നിവര്‍ ദേശീയതലത്തില്‍ ബ്രേക്ക് ഡാന്‍സ് പുരസ്‌കാരം നേടിയിട്ടുണ്ട്.പരിശീലനവും അധ്യയനവുമെല്ലാം കൂട്ടായ്മയിലെ അംഗങ്ങള്‍ സ്വയമാണ് നടത്തുന്നതെന്ന് ആര്‍നോള്‍ഡ് ആമോണ്‍ പറഞ്ഞു.

ബ്രേക്ക് ഡാന്‍സിനു പുറമെ സ്‌കേറ്റ്‌ബോര്‍ഡ് സംസ്‌ക്കാരത്തെക്കുറിച്ചും കിബുക്ക പ്രതിഷ്ഠാപനം ഒരുക്കിയിട്ടുണ്ട്. എത്യോപ്യ സ്‌കേറ്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സ്‌കേറ്റിലെ മികച്ച പ്രതിഭകള്‍ അവസരമില്ലാത്തതിനാല്‍ ചെറിയ ജോലികള്‍ക്ക് പോകേണ്ടി വരുന്നതാണ് ഇതിന്റെ പശ്ചാത്തലം.





Tags:    

Similar News