ആയിരം കളിമണ്‍ ശില്‍പ്പങ്ങളുമായി ലുബ്‌ന ചൗധരി ബിനാലെയില്‍
കാഴ്ചയില്‍ ഒരു പോലെയെങ്കിലും വീക്ഷണത്തില്‍ വരുന്ന വൈരുദ്ധ്യമാണ് ഇതിലൂടെ ലുബ്‌ന ലോകത്തോടു പറയുന്നത്.1991 ലാണ് ഈ കളിമണ്‍ പ്രതിമകള്‍ ലുബ്‌ന ചൗധരി നിര്‍മിക്കാന്‍ തുടങ്ങിയത് . 26ാം വയസ്സില്‍ തുടങ്ങിയ ഈ സൃഷ്ടി പൂര്‍ത്തിയായത് 26 വര്‍ഷങ്ങള്‍ക്ക് ശേഷം 2017 ലാണ്
കൊച്ചി: ഫോര്‍ട്ട്‌കൊച്ചി പെപ്പര്‍ഹൗസിലെ ഒന്നാം നിലയില്‍ ചെന്നാല്‍ നീളത്തിലുള്ള മുറിയിലേക്കാണ് കയറുന്നത്. അവിടെ ചില്ലുകൂടിനുള്ളില്‍ ആയിരം കളിമണ്‍ ശില്‍പ്പങ്ങളുണ്ട്. ഒന്ന് മറ്റൊന്നുമായി സാമ്യമില്ലാത്ത ചെറു രൂപങ്ങളാണ് ഈ കളിമണ്‍ ശില്‍പ്പങ്ങളെന്നതാണ് ഇതിന്റെ പ്രത്യേകത.ടാന്‍സേനിയയില്‍ ജനിച്ച് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജയായ ലുബ്‌ന ചൗധരിയാണ് ഈ പ്രതിഷ്ഠാപനം ഒരുക്കിയിട്ടുള്ളത്. കാഴ്ചയില്‍ ഒരു പോലെയെങ്കിലും വീക്ഷണത്തില്‍ വരുന്ന വൈരുദ്ധ്യമാണ് ഇതിലൂടെ ലുബ്‌ന ലോകത്തോടു പറയുന്നത്.1991 ലാണ് ഈ കളിമണ്‍ പ്രതിമകള്‍ ലുബ്‌ന ചൗധരി നിര്‍മിക്കാന്‍ തുടങ്ങിയത് . 26ാം വയസ്സില്‍ തുടങ്ങിയ ഈ സൃഷ്ടി പൂര്‍ത്തിയായത് 26 വര്‍ഷങ്ങള്‍ക്ക് ശേഷം 2017 ലാണ്. ഒന്നിനോടൊന്ന് വ്യത്യസ്തമായ 1000 ചെറു ശില്‍പ്പങ്ങളാണ് ലുബ്‌ന ഉണ്ടാക്കിയത്. കെട്ടിടങ്ങള്‍, മനുഷ്യരൂപങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങി വൈവിധ്യങ്ങളായ സൃഷ്ടികള്‍ ഇതിലടങ്ങിയിരിക്കുന്നു.
മാഞ്ചസ്റ്റര്‍ മെട്രോപോളിറ്റന്‍ സര്‍ലകലാശാലയില്‍ നിന്ന് ബിരുദ പഠനത്തിനു ശേഷം റോയല്‍ സ്‌ക്കൂള്‍ ഓഫ് ആര്‍ട്ടില്‍ നിന്ന് കളിമണ്‍ നിര്‍മ്മാണത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ജേര്‍വുഡ് സെറാമിക്‌സ് പുരസ്‌ക്കാരത്തിന്റെ 2001 ലെ പട്ടികയില്‍ ലുബ്‌ന ഇടം നേടിയിരുന്നു. ലണ്ടനിലെ ആല്‍ബര്‍ട്ട്, വിക്ടോറിയ മ്യൂസിയങ്ങളിലാണ് ഈ സൃഷ്ടി ആദ്യമായി പ്രദര്‍ശിപ്പിച്ചത്.കാഴ്ചക്കാര്‍ക്ക് അവരവരുടെതായ വീക്ഷണത്തില്‍ ഈ പ്രതിമകളെ കാണാം. ചില പ്രതിമകള്‍ കണ്ടാല്‍ ഒരു പോലിരിക്കുമെങ്കിലും അടുത്ത നോട്ടത്തില്‍ അതിന്റെ വ്യത്യാസം മനസിലാകുമെന്ന് ലുബ്‌ന പറഞ്ഞു. വ്യക്തികളുടെ വീക്ഷണവും ഇതു പോലെയാണ്. ആദ്യ കാഴ്ചയില്‍ ഒരു പോലിരിക്കും. പക്ഷെ അടുത്ത നോട്ടത്തില്‍ അതിലെ വൈരുദ്ധ്യം പിടികിട്ടുമെന്നും അവര്‍ പറഞ്ഞു.
കിഴക്കിന്റെ പാരമ്പര്യരീതികളും പടിഞ്ഞാറിന്റെ നാഗരികതയും കൂട്ടിച്ചേര്‍ക്കാനാണ് തന്റെ സൃഷ്ടികളിലൂടെ ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ആധുനിക ചരിത്രത്തിന്റെ ഓര്‍മ്മക്കൂട്ടയാണ് ഈ ചെറു പ്രതിമകള്‍ നിലനില്‍ക്കുന്നത്.സാമ്രാജ്യത്വത്തിന്റെ ആധുനിക പ്രതികരണങ്ങള്‍ ഈ പ്രതിഷ്ഠാപനം നല്‍കുന്നുണ്ട്. ഈ പ്രതിമകള്‍ കാണുന്നതിലൂടെ ചിരപരിചിതമായ ചില വാക്കുകള്‍ പലരും തിരിച്ചറിയുമെന്നും ലുബ്‌ന പറഞ്ഞു.