വിവാദ വിചാരങ്ങളെ സൂക്ഷ്മമായി ക്രോഡീകരിച്ച് 'ഹലാല്‍ സിനിമ'

Update: 2021-08-30 07:48 GMT

    സര്‍ഗാത്മകമായി സംവദിക്കുകയും മുസ്‌ലിം ജീവിത പരിസരത്തെ നേര്‍ക്കാഴ്ചയില്‍ അനുഭവിപ്പിക്കുകയും ചെയ്ത നവസിനിമാ പ്രവര്‍ത്തനം ഉയര്‍ത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട വിചാരങ്ങളെ സൂക്ഷ്മമായി ക്രോഡീകരിച്ച കൃതിയാണ് ഡോ. ജമീല്‍ അഹമ്മദിന്റെയും ഡോ. കെ അശ്‌റഫിന്റെയും 'ഹലാല്‍ സിനിമ'.

ജീവിക്കുന്ന സമൂഹങ്ങളുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്ന മാധ്യമമാണ് സിനിമ. സാമൂഹിക പൊതുബോധത്തെ നിര്‍മിക്കുന്ന സ്വാധീനതയാണ് സിനിമ എന്ന മാധ്യമത്തെ പ്രസക്തമാക്കുന്നതും. വര്‍ത്തമാനകാലത്തിലെ വരേണ്യ മധ്യവര്‍ഗ വിഭാഗങ്ങളുടെ ബോധവും ബോധ്യങ്ങളും പ്രതിഫലിപ്പിക്കുന്ന ഇടം. ചെമ്മീനില്‍ തുടങ്ങി മാലിക്കില്‍ തുടരുന്ന അപരവല്‍ക്കരണത്തിന്റെ അരന്തരഫലം സമൂഹങ്ങള്‍ക്കു മേലുള്ള മുന്‍വിധികളുടെ നിര്‍മിതിയാണ്. മുസ്‌ലിം ദലിത് ദരിദ്ര ജീവിതങ്ങളുടെ പശ്ചാത്തലത്തില്‍ അപരിഷ്‌കൃതവും അക്രമാസക്തവും അധാര്‍മ്മികതയുമായി പരിചയപ്പെടുത്തിയ വരേണ്യപക്ഷ കാഴ്ചയിലൂടെ സാമൂഹിക നിര്‍മിതി സോഷ്യലൈസേഷന്‍ സാധിച്ചെടുത്തു.

മുഹ്‌സിന്‍ പരാരിയുടെയും സക്കരിയ്യയുടെയും തിരക്കഥയില്‍ സക്കരിയ്യ സംവിധാനം ചെയ്ത ഹലാല്‍ ലവ് സ്റ്റോറിക്കു ശേഷം ഇസ്‌ലാമിക കലയും നിര്‍വഹണവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തമിഴ് സംവിധായകന്‍ അമീര്‍ സുല്‍ത്താനാണ് ഹലാല്‍ സിനിമ എന്ന ആശയം പ്രഥമമായി ഉയര്‍ത്തിയത്. മതസ്വാധീന ജീവിത പരിസരത്ത് മതമൂല്യങ്ങളുടെ സ്വാധീനവും സാധ്യതയും മുന്‍വിധികളില്ലാതെ പറയാന്‍ സാധിക്കുന്ന പുതുതലമുറയുടെ ഉദ്ദ്യമം ശ്രദ്ധേയമാണ്. ഭരണകൂടം നിര്‍ണയിക്കുന്ന വിധിവിലക്കുകള്‍ പരിശോധിക്കുന്ന മതേതര അധികാര സംഘങ്ങളാണ് സെന്‍സര്‍ ബോര്‍ഡുകള്‍. തീവ്രദേശീയതാ സമീപനവും സാമൂഹിക ഉച്ഛനീചത്വങ്ങളും മുഖ്യധാരാ മനസ്സും സ്വാധീന ഘടകങ്ങളായി മാറുന്നു. സിനിമയുടെ പാഠത്തെപ്പറ്റി മാത്രമല്ല, അതിന്റെ പൂര്‍വ പാഠത്തെയും സന്ദര്‍ഭപാഠത്തെയും കുറിച്ചും ഈ ലേഖന സമാഹാരം ഗൗരവത്തിലെടുത്തിട്ടുണ്ട്. ഹലാല്‍ ലൗ സ്റ്റോറി, കെ.എല്‍ 10 പത്ത്, വാരിയന്‍കുന്നത്ത് തുടങ്ങിയ സിനിമകള്‍ ഹിന്ദുത്വവാദികളില്‍ നിന്നും ഇടതുപക്ഷത്തില്‍ നിന്നും അതിലെ മുസ്‌ലിം രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി വല്ലാതെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. പച്ച ബെല്‍റ്റും ബനിയനും താടിയും തെറിയും ബഹുഭാര്യത്വവും നിരുത്തരവാദിത്വ ജീവിതവും മാത്രം കഥാപാത്രങ്ങളായിരുന്ന വാര്‍പ്പ് മാതൃകകളെ പൊളിച്ചടുക്കിയ നേര്‍സമീപനമായിരുന്നല്ലോ ഈ സിനിമകള്‍. സ്ത്രീ ഉടലും അടിമയും സ്വയം പ്രദര്‍ശനവും മാത്രമാവുന്ന സിനിമകളേയും പുരുഷന്‍ കാമവും ക്രോധവും കൊള്ളരുതകായ്മയുമാകുന്ന സിനിമാ പകര്‍ച്ചയും ഇസ് ലാമിക ധാര്‍മികതയുടെ പരിപ്രേഷ്യത്തില്‍ നിഷിദ്ധങ്ങളുടെ പ്രയോഗം തന്നെയാണ്. സ്വയം ജീവിതപരിസരത്ത് അംഗീകരിക്കാനും പ്രയോഗിക്കാനും ആവാത്ത കാഴ്ചയുടെ സ്വാധീനം ബാക്കിവയ്ക്കുന്ന വിചാരങ്ങള്‍ സിനിമാ നിഷിദ്ധങ്ങളുടെ കൂടി ചേരുവയാണ്. ഈ ദ്വന്ദ്വങ്ങളെ ധാര്‍മികതയുടെ വിചാരക്കൂട്ടിലേക്ക് ആവാഹിക്കുന്ന സിനിമാ യാത്രകളും നിര്‍മിതികളും സൃഷ്ടിച്ച പുതിയ സംവാദത്തിന്റെ അകം ചര്‍ച്ചചെയ്യുന്നുണ്ട് ഈ കൃതി.

സന്ദര്‍ഭപാഠം, പൂര്‍വ പാഠം, പാഠം എന്നീ മൂന്നു ഭാഗങ്ങൡലായാണ് പുസ്തകം പഠനങ്ങളെ ക്രോഡീകരിച്ചിരിക്കുന്നത്. വിധിവിലക്കുകളുടെ അതിരകത്തെ ജീവിതത്തിന്റെ ചാരുതയാണ് ഇസ്‌ലാമിക സാംസ്‌കാരികതയില്‍ മനുഷ്യ ജീവിതം. നല്ലത് ദ ബെസ്റ്റ് എന്ന ഹലാലിനോടു ചേര്‍ന്ന് മനോഹരമാക്കുന്ന ജീവിത പ്രണയമാണല്ലോ അതിന്റെ അടിത്തറ. ഭൂമിയുടെ പരിമിതിക്കപ്പുറം തുടര്‍ച്ചയുള്ള സന്തോഷത്തിന്റെ പാരമ്യതയിലേക്ക് ജീവിതം സ്ഫുടം ചെയ്യുന്ന പ്രയോഗമാണല്ലോ ഹലാല്‍. സാമൂഹിക നവ വിചാരങ്ങളേയും പ്രയോഗങ്ങളെയും മലിനമാക്കുന്ന സ്പര്‍ശങ്ങളില്‍ നിന്നു മാറിനില്‍ക്കുന്നതിന്റെ ചാരുത കൂടിയാണ് ഹലാല്‍. ഡോ. എസ്. മുഹമ്മദ് ഇര്‍ഷാദ്, ലക്ഷ്മി മരക്കാര്‍, ബാസില്‍ ഇസ്‌ലാം, ബാബുരാജ് ഭഗവതി, ഡോ. ഷെറിന്‍ വി.എസ്, ഡോ. പി.പി ശ്രീകുമാര്‍, അഫീഫ് അഹമ്മദ്, ഡോ. ശഫീഖ് വളാഞ്ചേരി, ഡോ. സാദിഖ് പി.കെ, സി. ദാവൂദ്, എ. റഷീദുദ്ദീന്‍, മുഹമ്മദ് ഷമീം, എന്‍. നൗഷാദ്, അബ്ദുല്‍ വാജിദ്, അഫ്‌സല്‍ ഹുസയ്ന്‍, ഡോ. ഉമര്‍ തറമ്മേല്‍, ഡോ. ജമീല്‍ അഹമ്മദ്, നജ്മുന്നിസ ചെമ്പയില്‍, എ.എസ് അജിത്ത് കുമാര്‍, ഡോ. ഷൈമ. പി, ഡോ. എസ്. ഗോകു എന്നിവരുടെ പഠനങ്ങളും സൂക്ഷ്മമായ കാഴ്ചപ്പാടുകളും 178 പേജുകളിലായി ക്രോഡീകരിച്ചിരിക്കുന്നു. സര്‍ഗാത്മക വായന നല്‍കുന്ന ഉള്‍ക്കാഴ്ച തന്നെയാണ് അനുവാചകനു ലഭിക്കുന്ന വായനാനുഭവം. ഐ.പി.എച്ചാണ് 'ഹലാല്‍ സിനിമ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.

Tags:    

Similar News