ഐപിഎച്ച് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു

Update: 2020-12-11 15:48 GMT
കോഴിക്കോട്: 75 വര്‍ഷം പൂര്‍ത്തിയാവുന്ന ഇസ് ലാമിക് പബ്ലിഷിങ് ഹൗസ് 2020-2021 വര്‍ഷം പ്ലാറ്റിനം ജൂബിലി വര്‍ഷമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. 1945ല്‍ സയ്യിദ് അബുല്‍ അഅ് ലാ മൗദൂദിയുടെ റിസാലെ ദീനിയാത് എന്ന വിഖ്യാത ക്യതി ഇസ് ലാംമതം എന്ന പേരില്‍ പ്രസിദ്ധീകരിച്ച് പ്രയാണം തുടങ്ങിയ ഐപിഎച്ച് ഇതിനകം 900 ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ഇസ് ലാമിക വായനയേയും അതുവഴി ഇസ് ലാമിക് പബ്ലിഷിങ് ഹൗസിനെയും കൂടുതല്‍ ജനകീയമാക്കുകയാണ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിലൂടെ ലക്ഷ്യമിടുന്നത്. മലയാളത്തിലെ ഇസ്‌ലാമിക മുദ്രക്ക് എഴുപത്താഞ്ചാണ്ട് എന്ന തലക്കെട്ടിലാണ് പരിപാടികള്‍ നടത്തുക. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലിയുടെ ഔപ ചാരിക ഉല്‍ഘാടനം 2020 ഡിസംബര്‍ 28ന് നടക്കും. ഉദ്ഘാടന പരിപാടി ഓഫ് ലൈനിലും ഓണ്‍ ലൈനിമായിട്ടാണ് നടക്കുക. ദേശീയ, അന്തര്‍ ദേശീയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

    ഡോ. യൂസുഫുല്‍ ഖറദാവി രചിച്ച ഖുര്‍ആനോടുള്ള സമീപനം എങ്ങനെയായിരിക്കണം, ഡോ. അബ്ദുസ്സലാം വാണിയമ്പലം എഴുതിയ 'സലഫിസം: ചരിത്ര വര്‍ത്തമാനം' എന്നീ രണ്ട് ക്യതികള്‍ പരിപാടിയില്‍ പ്രകാശനം ചെയ്യും.

    തുടര്‍ന്ന് 2021 ജനുവരി 31 വരെ ഒരുമാസം നീണ്ടുനില്‍ക്കുന്ന പുസ്തക മേളയും സംഘടിപ്പിക്കുന്നുണ്ട്. ഐപിഎച്ചിന്റെ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, ത്യശൂര്‍ പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ഷോറൂമുകള്‍ കേന്ദ്രീകരിച്ചാണ് പുസ്തക മേള സംഘടിപ്പിക്കുന്നത്. ഇക്കാലയളവില്‍ ഓഫ് ലൈന്‍ ആനുകൂല്യങ്ങളോടെ ഓണ്‍ ലൈന്‍ പുസ്തക മേളയും നടക്കും. തുടര്‍ന്ന് വിവിധ സന്ദര്‍ഭങ്ങളിലായി സെമിനാറുകള്‍, ചര്‍ച്ചകള്‍, പുസ്തക ചര്‍ച്ച, വായനാ മല്‍സരങ്ങള്‍, പുസ്തക റിവ്യൂ മല്‍സരങ്ങള്‍, എഴുപത്തഞ്ച് വര്‍ഷത്തെ ഐപിഎച്ചിന്റെ പ്രവര്‍ത്തനങ്ങളും കേരളത്തിന്റ വൈജ്ഞാനിക വളര്‍ച്ചയെ പൊതുവിലും ഇസ് ലാമിക വായനയെ വിശേഷിച്ചും ഐപിഎച്ച് എങ്ങനെ നിര്‍ണയിക്കുകയും സ്വാധീനിക്കുകയും ചെയ്‌തെന്നും അടയാളപ്പെടുത്തുന്ന ഡോക്യുമന്റേഷന്‍ അടക്കമുള്ള പരിപാടികള്‍ എന്നിവ നടക്കും.

    ഇസ് ലാമിലെ ക്ലാസിക് ക്യതികള്‍, ഇസ് ലാമിക ചരിത്രം, ഇന്ത്യന്‍ മുസ് ലിം ചരിത്രം, മാപ്പിള പഠനം, ഇസ് ലാമിക രാഷ്ട്രീയം, ഇസ് ലാമിക ചിന്ത, സമകാലിക രാഷ്ട്രീയം, സാമൂഹിക ശാസ്ത്രം, പോസ്റ്റ് സെക്കുലറിസം, ഡി കോളോണിയല്‍ പഠനങ്ങള്‍ തുടങ്ങിയവ ജൂബിലിയുടെ ഭാഗമായി പുറത്തിറക്കും. ഐപിഎച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും പ്രത്യേകം ക്ഷണിക്കപെട്ടവരുടെയും സംയുക്ത യോഗത്തിലാണ് പ്ലാറ്റിനം ജൂബിലിയുടെ രൂപ രേഖ തയ്യാറാക്കിയത്.

IPH Celebrates Platinum Jubilee

Tags:    

Similar News