സ്മാര്‍ട്ട് ഫോണ്‍ നല്‍കി പലചരക്ക്, ചെവിയില്‍ തോണ്ടിക്ക് പകരം തക്കാളി; മഹാമാരിയില്‍ ബാര്‍ട്ടര്‍ സംവിധാനം പുനരാരംഭിച്ച് ചൈനീസ് നഗരം
പലരും തമാശയായും ചിലരൊക്കെ കാര്യത്തിലും ബാര്‍ട്ടര്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ വീചാറ്റ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കിടുന്നവരുണ്ട്. സ്വന്തം അയല്‍പക്കങ്ങളിലുള്ളവരുടെ പ്രയാസങ്ങള്‍ തിരിച്ചറിയാനും സഹാനുഭൂതിയോടെ പരിഹരിക്കാനും ബാര്‍ട്ടര്‍ സംവിധാനത്തിലൂടെ സാധിക്കുന്നു എന്ന് അവര്‍ പറയുന്നു.
ബീജിങ്: കൊവിഡ് വ്യാപനം രൂക്ഷമായ ചൈനീസ് നഗരമായ ഷിയാനില്‍ ഗോത്രകാല കൊള്ളക്കൊടുക്കലുകളുടെ മാതൃകയില്‍ ജീവിതം തള്ളി നീക്കുകയാണ് ഹാന്‍ വംശജര്‍. ബാര്‍ട്ടര്‍ സംവിധാനത്തിലൂടെ തങ്ങള്‍ക്ക് ആവശ്യമുള്ള പലചരക്കും പച്ചക്കറികളുമെല്ലാം വാങ്ങുകയും വില്‍ക്കുകയും ചെയ്തുകൊണ്ടാണ് ഈ പുരാതന ചൈനീസ് നഗരം മഹാമാരിക്കാലത്തെ അതിജീവിക്കുന്നത്. ചൈനയില്‍ കൊവിഡിന്റെ തിരിച്ചുവരവ് ഏറ്റവും കൂടുതല്‍ പിടിച്ചുകുലുക്കിയ നഗരങ്ങളിലൊന്നാണ് ഷിയാന്‍. ലോക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെ ഭരണകൂടം ഏര്‍പ്പെടുത്തിയത്. ഇതോടെ, നാട്ടുകാര്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടു. ഇതുമൂലമാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലനിന്നിരുന്ന ബാര്‍ട്ടര്‍ സമ്പ്രദായത്തെ ആശ്രയിക്കേണ്ടി വന്നത്. മൊബൈല്‍ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വരെ നല്‍കിയാണ് പലരും ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നത്. അയല്‍വാസികളും ഒരേ ഫഌറ്റുകളില്‍ കഴിയുന്നവരും തമ്മിലാണ് പുതിയ 'ബാര്‍ട്ടര്‍' ഇടപാടുകള്‍ നടക്കുന്നത്.
ചിലര്‍ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ നല്‍കിയാണ് ഒരു നേരത്തെ ഭക്ഷണത്തിന് ആവശ്യമായ അരിയും പലചരക്കുകളും കണ്ടെത്തുന്നത്. വിഡിയോ ഗെയിം ഉപകരണങ്ങള്‍ നല്‍കി ഒരു പാക്ക് നൂഡില്‍സും ബണ്ണും സിഗരറ്റ് നല്‍കി കാബേജുമെല്ലാം സ്വന്തമാക്കിയവരുണ്ട്. ഡിറ്റര്‍ജന്റുകള്‍ക്കു പകരം ആപ്പിള്‍ വാങ്ങിയവര്‍ മുതല്‍ സാനിറ്ററി പാഡുകള്‍ നല്‍കി പച്ചക്കറികള്‍ സ്വന്തമാക്കിയവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ചെവിയില്‍ തോണ്ടി വരെ വിറ്റ് തക്കാളി വാങ്ങിയവരും ഇവിടെയുണ്ടേ്രത.കൊവിഡ് നിയന്ത്രങ്ങളെത്തുടര്‍ന്നുള്ള ഭക്ഷ്യക്ഷാമത്തെക്കുറിച്ചുള്ള പരാതിയുമായി നിരവധിപേര്‍ സമൂഹമാധ്യമമായ വൈബോയില്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബാര്‍ട്ടര്‍ ഇടപാടുകള്‍ ആരംഭിച്ചതിനെക്കുറിച്ചും വെളിപ്പെടുത്തലുണ്ടായത്. പലരും തമാശയായും ചിലരൊക്കെ കാര്യത്തിലും ബാര്‍ട്ടര്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ വീചാറ്റ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കിടുന്നവരുണ്ട്.
സ്വന്തം അയല്‍പക്കങ്ങളിലുള്ളവരുടെ പ്രയാസങ്ങള്‍ തിരിച്ചറിയാനും സഹാനുഭൂതിയോടെ പരിഹരിക്കാനും ബാര്‍ട്ടര്‍ സംവിധാനത്തിലൂടെ സാധിക്കുന്നു എന്ന് അവര്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 23നാണ് ഷിയാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഒരുകോടിയിലേറെപ്പേരാണ് ഇതുമൂലം ആഴ്ചകളായി വീടുകളില്‍നിന്ന് പുറത്തിറങ്ങാനാവാതെ കഴിയുന്നത്. സര്‍ക്കാര്‍ ഓരോ വീട്ടിലും സൗജന്യമായി ഭക്ഷ്യസാധനങ്ങളെത്തിക്കുന്നുണ്ട്. എന്നാല്‍, ഇതെല്ലാം അപര്യാപ്തമാണെന്നാണ് പരാതി.
പലര്‍ക്കും സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. ഷിയാനിയിലെ ചില മേഖലകളില്‍ വീടുകളില്‍നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ച് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും വാര്‍ത്തകളുണ്ടായിരുന്നു. ഹൃദയാഘാതത്തെതുടര്‍ന്ന് ആശുപത്രി ചികില്‍സ നിഷേധിക്കപ്പെട്ട് പിതാവിനെ നഷ്ടപ്പെട്ട യുവാവിന്റെ കുറിപ്പ് കഴിഞ്ഞ ദിവസം സമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നഗരത്തിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി രോഗിയെ ചികില്‍സിക്കാന്‍ ആശുപത്രി അധികൃതര്‍ വൈമനസ്യം കാണിച്ചു എന്നായിരുന്നു പരാതി. കൊവിഡ് വ്യാപനം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഹുബേ പ്രവിശ്യയിലെ വടക്ക് പടിഞ്ഞാറന്‍ നഗരമാണ് ഷിയാന്‍. രോഗ വ്യാപനം മറഅറിടങ്ങളിലേക്ക് എത്താതിരിക്കാനുള്ള അധികൃതരുടെ കടുത്ത നിയന്ത്രണങ്ങളാണ് ജനങ്ങളെ വലച്ചത്.