'തിരൂരങ്ങാടി: മലബാര്‍ വിപ്ലവ തലസ്ഥാനം' പുസ്തകം പ്രകാശനം ചെയ്തു

Update: 2023-08-21 13:27 GMT

തിരൂരങ്ങാടി: മലബാറിന്റെ ചരിത്രം സഹവര്‍ത്തിത്വത്തിന്റേതാണെന്നും അതില്‍ വര്‍ഗീയത കുത്തിനിറച്ച് ഭിന്നിപ്പിന്റെ തന്ത്രം പ്രയോഗിച്ചത് ബ്രിട്ടീഷുകാരാണെന്നും ചരിത്രകാരിയും മഞ്ചേരി എന്‍എസ്എസ് കോളജ് ചരിത്ര വിഭാഗം അധ്യാപികയുമായ ഡോ: ഹരിപ്രിയ. എ എം നദ് വി എഴുതി ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിച്ച 'തിരൂരങ്ങാടി: മലബാര്‍ വിപ്ലവ തലസ്ഥാനം' എന്ന കൃതിയുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. അധികാരം നിലനിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച അതേ ഭിന്നിപ്പിന്റെ തന്ത്രമാണ് ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നവരും ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. തിരൂരങ്ങാടി മലബാര്‍ വിപ്ലവത്തിന്റെ ഓര്‍മ ദിനത്തില്‍ കുറ്റൂര്‍ നോര്‍ത്ത് അല്‍ഹുദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പുസ്തക പ്രകാശനം. ചരിത്ര ഗവേഷകനും ഗ്രന്ഥകാരനുമായ ഡോ. മോയിന്‍ ഹുദവി മലയമ്മ ഉദ്ഘാടനം ചെയ്തു. മോഴിക്കുന്നത്ത് ബ്രഹ്‌മദത്തന്‍ നമ്പൂതിരിയുടെ ഖിലാഫത്ത് സ്മരണകള്‍ എഴുതിയ അദ്ദേഹത്തിന്റെ അനന്തിരവനായ എടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി, മഞ്ചേരി NSS കോളജ് ചരിത്ര വിഭാഗം പ്രഫസര്‍ ഡോ. ഹരിപ്രിയക്ക് പുസ്തകം നല്‍കി പ്രകാശന കര്‍മം നിര്‍വഹിച്ചു. റാസിഖ് റഹീം പുസ്തകം പരിചയപ്പെടുത്തി. മുതിര്‍ന്ന മാപ്പിള ചരിത്രകാരനായ അബ്ദുര്‍റഹ്‌മാന്‍ മങ്ങാട്, സാഹിത്യകാരന്‍ റഹ്‌മാന്‍ കിടങ്ങയം, ഐപിഎച്ച് അസി. ഡയറക്ടര്‍ കെ ടി ഹുസയ്ന്‍, മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ പിഎഎം ഹാരിസ്, ഡോ. പി എം ഇസ്ഹാഖ്, എ കെ മുസ്തഫ, മലിക്ക് മഖ്ബൂല്‍ ആലുങ്ങല്‍, ഡോ. ഷാനവാസ് പറവണ്ണ, എന്‍ കെ ഷമീര്‍ കരിപ്പൂര്‍, കെ കെ ആലിക്കുട്ടി പങ്കെടുത്തു. തിരൂരങ്ങാടിയുടെ ചരിത്ര ശേഷിപ്പുകളുടെ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രഫര്‍ ബഷീര്‍ കാടേരിയെ ചടങ്ങില്‍ ആദരിച്ചു.


Tags:    

Similar News