സിമി നിരോധനം നീട്ടല്‍: ഇനിയും പല അപസര്‍പ്പക കഥകള്‍ക്കും നമുക്ക് കാതോര്‍ക്കാം...
1977 മുതല്‍ ഇന്ത്യയിലുടനീളം ഗ്രാമനഗരങ്ങളിലും കാംപസുകളിലും സജീവ സാന്നിധ്യമായിരുന്ന പ്രാദേശിക-സംസ്ഥാന ദേശീയ ഓഫിസുകള്‍ പരസ്യമായി പ്രവര്‍ത്തിച്ചിരുന്ന, വിവിധ ഭാഷകളില്‍ മുഖപത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന സിമിയെ 2001 സെപ്തംബര്‍ 27നാണ് അന്ന് കേന്ദ്രം ഭരിച്ച ബിജെപി ഭരണകൂടം ആദ്യമായി നിരോധിക്കുന്നത്.
കോഴിക്കോട്: സിമി നിരോധനം വീണ്ടും അഞ്ചുവര്‍ഷത്തേക്ക് നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിനെ കുറിച്ച് എ എം നദ്‌വിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
സിമി-സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ് മെന്റ് ഓഫ് ഇന്ത്യ എന്ന വിദ്യാര്‍ഥി സംഘടനയുടെ മേല്‍ അന്യായമായി അടിച്ചേല്‍പിക്കപ്പെട്ട നിരോധനം വീണ്ടും അഞ്ചു കൊല്ലത്തേക്ക് കൂടി. 1977 മുതല്‍ ഇന്ത്യയിലുടനീളം ഗ്രാമനഗരങ്ങളിലും കാംപസുകളിലും സജീവ സാന്നിധ്യമായിരുന്ന പ്രാദേശിക-സംസ്ഥാന ദേശീയ ഓഫിസുകള്‍ പരസ്യമായി പ്രവര്‍ത്തിച്ചിരുന്ന, വിവിധ ഭാഷകളില്‍ മുഖപത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന സിമിയെ 2001 സെപ്തംബര്‍ 27നാണ് അന്ന് കേന്ദ്രം ഭരിച്ച ബിജെപി ഭരണകൂടം ആദ്യമായി നിരോധിക്കുന്നത്. എട്ടാമത് തവണയാണ് ഇപ്പോള്‍ നിരോധനം ആവര്‍ത്തിക്കപ്പെടുന്നത്. നിരോധിക്കപ്പെടുന്നത് വരെ സംഘടനയുടെ മേല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആരോപിക്കപ്പെടാവുന്ന ഒരു കേസും നിലവിലുണ്ടായിരുന്നില്ല. നിരോധനശേഷം രാജ്യത്തുടനീളം ആയിരക്കണക്കിന് വിദ്യാസമ്പന്നരായ മുസ്‌ലിം യുവാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുകയും, വ്യാജഭീകരവാദ കേസുകള്‍ അടിച്ചേല്‍പിക്കപ്പെടുകയും ചെയ്തു. സനാതന്‍ സന്‍സ്ഥ പോലുള്ള നിഗൂഢ ഹിന്ദു ഭീകരസംഘങ്ങളുടെ നേതൃത്വത്തില്‍ മാലെഗാവ്, മക്കാ മസ്ജിദ്, അജ്മീര്‍ അടക്കമുള്ള സ്‌ഫോടനങ്ങള്‍ നടത്തി മാധ്യമ-ഭരണകൂട പിന്തുണയോടെ സിമിയുടെ മേല്‍ അടിച്ചേല്‍പിക്കുകയായിരുന്നു. അത് തെളിവാക്കിയായിരുന്നു പിന്നീടുള്ള നിരോധനങ്ങള്‍. നിരോധനങ്ങള്‍ ചോദ്യം ചെയ്ത് സിമി ഭാഗം സമര്‍പ്പിച്ച അപ്പീലുകള്‍ വാദം പോലും കേള്‍ക്കാതെ സുപ്രിംകോടതിയടക്കം കോള്‍ഡ് സ്‌റ്റോറേജിലേക്ക് തള്ളി. നിരോധനങ്ങളെ ന്യായീകരിക്കാന്‍ പാകത്തില്‍ 3 തവണ യുഎപിഎ ഭേദഗതി വരുത്തി. ഇതിനിടെ നിരോധനത്തിന് ന്യായമായി ഉയര്‍ത്തിക്കാട്ടിയ കേസുകളില്‍ നല്ലൊരു ശതമാനവും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടയച്ചു. വ്യാജ സിമികേസുകളുടെ പൊള്ളത്തരം തുറന്ന് കാണിക്കുന്ന നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അജിത് സാഹിയുടെ തെഹല്‍ക റിപ്പോര്‍ട്ട്, മനീഷാ സേത്തിയുടെ സിമി കേസ് പഠനങ്ങള്‍, പിയുഡിആര്‍ അന്വേഷണ റിപ്പോര്‍ട്ട് എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്. നിരോധനം നീക്കിയാല്‍ അതിന്റെ പേരില്‍ ഇക്കാലമത്രയും പടച്ചുണ്ടാക്കിയ കൃത്രിമ ഭീകരതക്ക് ഭരണകൂടം ഉത്തരം പറയേണ്ടി വരുമെന്നത് കൊണ്ട് മാത്രം ആവര്‍ത്തിക്കപ്പെടുന്ന ചടങ്ങാണ് സിമി നിരോധനമെന്ന് ചുരുക്കം. അതിന്റെ പേരില്‍ വര്‍ഷങ്ങളായി ഇന്ത്യയുടെ വിവിധ ജയിലുകളില്‍ കഴിയുകയാണ് നിരവധി മുസ്‌ലിം യുവാക്കള്‍. വീണ്ടുമൊരു നിരോധന ഉത്തരവ് പുറത്തുവന്ന സ്ഥിതിക്ക് ഇനിയും പല അപസര്‍പ്പക കഥകള്‍ക്കും നമുക്ക് കാതോര്‍ക്കാം......